Connect with us

Eranakulam

ഫോണ്‍വിളി വിവാദം: ചാനല്‍ ജീവനക്കാരുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച മംഗളം ടെലിവിഷന്റെ ഫോണ്‍വിളി വിവാദത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. അതുവരെ അറസ്റ്റ് ചെയ്യരുതെന്ന പ്രതികളുടെ അഭിഭാഷകന്റെ വാദവും ഹൈക്കോടതി തളളിയിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് തടയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ചാനല്‍ സിഇഒ ആര്‍.അജിത്കുമാര്‍ അടക്കം ചാനലിലെ ഒന്‍പത് പേരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. നോട്ടീസ് നല്‍കിയിട്ടും ഇതുവരെ പ്രതികള്‍ ഹാജരായില്ലെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചു. ഇവരെ ഇനി അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാരിനായി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. നോട്ടീസ് ലഭിക്കാത്തതിനാലാണ് പ്രതികള്‍ ഹാജരാകാതിരുന്നതെന്ന മറുപടിയാണ് പ്രതിഭാഗം അഭിഭാഷകന്‍ നല്‍കിയത്.

പ്രതികള്‍ ഇതുവരെ ഹാജരാകാതിരുന്നത് നിയമം അനുസരിക്കുന്നില്ലെന്നതിനുളള തെളിവാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെചാനലിന്റെ തിരുവനന്തപുരം തമ്പാനൂരിലെ ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തുകയാണ്.അഡ്വ. രാംകുമാറാണ് പ്രതികള്‍ക്കായി ഹാജരായത്.

ചാനല്‍ ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തുവിട്ട വാര്‍ത്തയെത്തുടര്‍ന്ന് ഗതാഗതമന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ രാജി വെയ്‌ക്കേണ്ടി വന്നിരുന്നു. മന്ത്രിയുടെ അടുക്കല്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെ റെക്കോഡിംഗ് എന്ന് അവകാശപ്പെട്ടായിരുന്നു ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്.

---- facebook comment plugin here -----

Latest