കറന്‍സിയിലെ സുരക്ഷാക്രമീകരണങ്ങള്‍ നാല് വര്‍ഷത്തിലൊരിക്കല്‍ മാറ്റും

Posted on: April 2, 2017 7:51 pm | Last updated: April 3, 2017 at 7:57 pm
SHARE

ന്യൂഡല്‍ഹി: കള്ളനോട്ട് തടയുന്നതിനായി ഓരോ 3-4 വര്‍ഷം കൂടുമ്പോഴും 2,000, 500 രൂപ നോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. നോട്ട് അസാധുവാക്കിയതിനു ശേഷമുള്ള നാലു മാസത്തിനിടയില്‍ വലിയതോതിലുള്ള കള്ളനോട്ടുകള്‍ പിടികൂടിയ സാഹചര്യത്തിലാണ് നോട്ടുകളുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഇടയ്ക്കിടെ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.

അടുത്തിടെ പിടികൂടിയ 2000 രൂപയുടെ കള്ളനോട്ടുകളില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കി 17 സുരക്ഷാ അടയാളങ്ങളില്‍ പതിനൊന്നെണ്ണമെങ്കിലും പകര്‍പ്പെട്ടതായി അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. നോട്ടിലെ അശോക സതംഭം, സുതാര്യമായ ഭാഗം, ഇടതു ഭാഗത്തായി എഴുതിയ 2000 എന്ന അക്ഷരം,വാട്ടര്‍മാര്‍ക്ക്, പണത്തിന്റെ മൂല്യം നല്‍കന്ന റിസര്‍വ് ബാങ്ക് ഗര്‍വര്‍ണറുടെ ഒപ്പ്, പ്രത്യേക ഫോണ്ടില്‍ അച്ചടിച്ച പണത്തിന്റെ സിരിയല്‍ നമ്പര്‍, എന്നീ പ്രധാന സുരക്ഷാ അടയാളങ്ങള്‍ അടക്കമുള്ള കള്ളനോട്ടുകളാണ് പിടികൂടിയിരുന്നത്. ഇതോടെയാണ് സുരക്ഷാക്രമീകരണങ്ങള്‍ നാല് വാര്‍ഷത്തിലൊരിക്കലെങ്കിലും മാറ്റി നോട്ടുകള്‍ പുറത്തിറക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

വിഷയത്തില്‍ ധനമന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി നടത്തിയ കൂടിക്കാഴ്ചയില്‍ ഈ വിഷയം സംബന്ധിച്ച് ചര്‍ച്ച നടത്തി. മിക്ക വികസിത രാജ്യങ്ങളും 3-4 വര്‍ഷം കൂടുമ്പോള്‍ സുരക്ഷാ ക്രമീകരണങ്ങളില്‍ മാറ്റം വരുത്താറുണ്ടെന്നും ഇന്ത്യയും ഈ നയം സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here