ശശീന്ദ്രന് ക്ലീന്‍ചിറ്റ് ലഭിച്ചാല്‍ ആ നിമിഷം സ്ഥാനമൊഴിയും: തോമസ് ചാണ്ടി

Posted on: April 1, 2017 6:08 pm | Last updated: April 1, 2017 at 6:08 pm

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവച്ച എ കെ ശശീന്ദ്രന് ജുഡീഷ്യല്‍ അന്വേഷണത്തില്‍ ക്ലീന്‍ചിറ്റ് ലഭിക്കുകയും പാര്‍ട്ടി ആവശ്യപ്പെടുകയും ചെയ്താല്‍ ആനിമിഷം താന്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറിക്കൊടുക്കുമെന്ന് നിയുക്തമന്ത്രി തോമസ് ചാണ്ടി. ശശീന്ദ്രന് വേണ്ടി പലഭാഗത്തു നിന്നും വരുന്ന ആവശ്യങ്ങള്‍ താന്‍ ഗൗനിക്കുന്നില്ല. എല്ലകാര്യങ്ങളും വ്യക്തമാവുമ്പോള്‍ മുഖ്യമന്ത്രികൂടി സമ്മതിച്ചാല്‍ താന്‍ മാറിക്കൊടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നല്ലവകുപ്പില്‍ പോയി സുഖിക്കാനല്ല കുത്തഴിഞ്ഞു കിടക്കുന്ന ഗതാഗതവകുപ്പിനെ ശരിയാക്കാന്‍ സാധിക്കുമോയെന്നു നോക്കാനാണ് മന്ത്രിയാവുന്നത്. കര്‍ണാടകയിലും തമിഴ്‌നാട്ടിലും ട്രാന്‍സ്‌പോര്‍ട്ടിന് ലാഭത്തില്‍ പോകാമെങ്കില്‍ കേരളത്തില്‍ മാത്രം അത് എന്തുകൊണ്ട് നടക്കുന്നില്ലെന്ന് നോക്കണം.

ചാനലിന്റെ ഖേദപ്രകടനം മറ്റൊരു തന്ത്രമായാണ് കാണുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കഴിവുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ജഡ്ജിയെയുമാണ് മുഖ്യമന്ത്രി നിയോഗിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ തീരുമാനത്തില്‍ തങ്ങള്‍ ഇടപെടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.