Connect with us

Gulf

പരീക്ഷയവസാനിച്ചു; വിമാന നിരക്കില്‍ വര്‍ധന

Published

|

Last Updated

ദുബൈ: ഗള്‍ഫില്‍ വിദ്യാലയങ്ങളില്‍ പരീക്ഷകള്‍ അവസാനിച്ചതോടെ വിമാന നിരക്കില്‍ വന്‍ വര്‍ധന. ധാരാളം പേര്‍ താത്കാലിക അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കുന്നത് മുന്നില്‍ കണ്ടാണ് വര്‍ധന. കഴിഞ്ഞ ദിവസം വരെ ശരാശരി 700 ദിര്‍ഹമിന് മടക്ക ടിക്കറ്റ് ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ ആയിരം ദിര്‍ഹം കവിഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ വര്‍ധിച്ചു കൊണ്ടിരിക്കുമെന്നാണ് ട്രാവല്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കും യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുമുള്ള യാത്രാനിരക്ക് ഇരട്ടിയിലേറെ ആയിട്ടുണ്ട്. ഗള്‍ഫിലേക്കുള്ള നിരക്ക് സമീപ ദിവസങ്ങളില്‍ നാലിരട്ടിയിലേറെയാണ്.
തിരക്കില്ലാത്തപ്പോള്‍ കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് 5,000 രൂപക്കു വരെ ടിക്കറ്റ് ലഭിച്ചിരുന്നു. ഇപ്പോഴത്തെ നിരക്ക് 20,000 രൂപയിലധികമാണ്. കുവൈത്തിലേക്ക് 9,000 രൂപക്കും സഊദിയിലേക്ക് 10,000 രൂപക്കും ദോഹയിലേക്ക് 7000 രൂപക്കും ടിക്കറ്റ് ലഭിക്കാറുണ്ട്. ഷാര്‍ജ, ദോഹ, കുവൈത്ത്, അബുദാബി എന്നിവിടങ്ങളിലേക്ക് വന്‍ വര്‍ധനവാണ്. നാട്ടില്‍ വേനലവധിയായതിനാല്‍ സന്ദര്‍ശനത്തിന് ആയിരക്കണക്കിന് കുടുംബങ്ങള്‍ ഗള്‍ഫിലേക്ക് എത്തുന്നതാണ് കാരണം. ഏപ്രില്‍ അവസാനം വരെ കൂടിയ നിരക്കിലായിരിക്കും ടിക്കറ്റ് വില്‍ക്കുക. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാക്കൂലിയും കൂടുതലായിരിക്കും. ഗള്‍ഫില്‍ അവധിക്കാലം ആരംഭിക്കുന്നതോടെ നാട്ടിലേക്കുള്ള തിരക്കേറുന്നതിനാലാണിത്.

Latest