എതിരാളിയുടെ നാട്ടില്‍ പിന്തുണ തേടി ഫൈസല്‍

Posted on: April 1, 2017 2:20 pm | Last updated: April 1, 2017 at 1:46 pm
എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ബി ഫൈസല്‍ വേങ്ങര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

വേങ്ങര: തിരഞ്ഞെടുപ്പിലെ എതിരാളിയും സിറ്റിംഗ് എം എല്‍ എയുടെ മണ്ഡലവുമായ വേങ്ങരയില്‍ തന്നെയായിരുന്നു ഇടത്സ്ഥാനാര്‍ഥി എം ബി ഫൈസലും ഇന്നലെ.
രാവിലെ കുരുണിയന്‍ പറമ്പിലെ സ്വീകരണത്തോടെയായിരുന്നു പര്യടനത്തിന് തുടക്കം. സ്ഥാനാര്‍ഥി എത്തുന്നതിന് മുമ്പ് ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം ഷാജര്‍ ദേശീയ- സംസ്ഥാന രാഷ്ട്രീയ സാഹചര്യം വിശകലം ചെയ്തും തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വിജയിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയും പ്രസംഗിച്ചു. പതിനൊന്നരയോടെ ഊരകം പഞ്ചായത്തിലെ കരിമ്പിലിയിലായിരുന്നു സ്വീകരണം. സ്വന്തമായുണ്ടാക്കി പൂച്ചെണ്ടുകള്‍ സ്ഥാനാര്‍ഥിക്ക് സമ്മാനിക്കാനുള്ള തിരിക്കിലായിരുന്നു ഇവിടെ കുട്ടികള്‍.

ഇന്നലെ സ്വീകരണമൊരുക്കിയ മണ്ഡലത്തിലെ ഭൂരിഭാഗം കേന്ദ്രങ്ങളിലും ഈ ജനമുന്നേറ്റം പ്രകടം. സന്ധ്യക്കും രാത്രിയേറെ വൈകിയും നടന്ന സ്വീകരണങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പൊട്ടിക്കല്ലിലെ സ്വീകരണത്തിന് ശേഷം അടുത്ത കേന്ദ്രത്തിലേക്ക് നീങ്ങവെ സഹോദരന്റെ ഒക്കത്തിരുന്ന് അഞ്ചുവയസുകാരി ഫാത്തിമ സാനിയ വാഹനത്തിന് കൈകാട്ടി എം ബി ഫൈസലിന് പൂച്ചെണ്ട് നല്‍കിയത് മലപ്പുറമാകെ മാറ്റത്തിന് കൊതിക്കുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമായി മാറി. വിവിധ കേന്ദ്രങ്ങളില്‍ എന്‍ ചന്ദ്രന്‍, വി പി സക്കറിയ, കോട്ടക്കല്‍ ഏരിയാ സെക്രട്ടറി കെ ടി അലവിക്കുട്ടി, താനൂര്‍ ഏരിയാ സെക്രട്ടറി ഇ ജയന്‍, എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി പി സാനു, അഡ്വ. പി പി ബഷീര്‍, അഡ്വ. യു സൈനുദ്ദീന്‍, വി ടി സോഫിയ മെഹര്‍, സുബൈദ ഇസ്ഹാക്ക് തുടങ്ങിവര്‍ സംസാരിച്ചു.