സാമ്പത്തിക തട്ടിപ്പ്: കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കെതിരെ നടപടിയില്ലെന്ന് ആക്ഷേപം

Posted on: April 1, 2017 1:45 pm | Last updated: April 1, 2017 at 1:19 pm

താമരശ്ശേരി: സാമ്പത്തിക തട്ടിപ്പ് നടത്തിയ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. താമരശ്ശേരി ഡിപ്പോയിലെ രണ്ട് കണ്ടക്ടര്‍മാര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ബോധ്യപ്പെട്ടെങ്കിലും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഇവരെ സംരക്ഷിക്കുന്നുവെന്നാണ് ആക്ഷേപം. മാര്‍ച്ച് 15ന് സര്‍വീസ് കഴിഞ്ഞെത്തി യ കണ്ടക്ടര്‍ കൗണ്ടറില്‍ പണം ഏല്‍പ്പിക്കുകയും എണ്ണി തിട്ടപ്പെടുത്തുംമുമ്പ് സ്ഥലം വിടുകയും ചെയ്തുവെന്നാണ് ആരോപണം. പണം എണ്ണിയപ്പോള്‍ മൂവായിരം രൂപയുടെ കുറവുണ്ടായിരുന്നു. കണ്ടക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലത്രെ. ഇതുസംബന്ധിച്ച് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അന്വേഷണം നടന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല.

മൂന്ന് മാസം മുമ്പ് എന്‍ ജി ഒ ക്വാട്ടേഴ്‌സിന് സമീപം ലോറിയും കെ എസ് ആര്‍ ടി സി ബസും കൂട്ടിയിടിച്ച സംഭവത്തില്‍ ലോറി ഡ്രൈവറില്‍ നിന്ന് 9000 രൂപ വാങ്ങിയെന്നും 5500 രൂപ മാത്രമാണ് കൗണ്ടറില്‍ അടച്ചതെന്നും പരാതിയുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം നടന്നിരുന്നുവെങ്കിലും ട്രേഡ് യൂനിയന്‍ നേതൃത്വം ഇടപെട്ട് ഒതുക്കിയെന്നാണ് ഒരു വിഭാഗം തൊഴിലാളികള്‍ പറയുന്നത്. സാമ്പത്തിക ക്രമക്കേട് നടത്തിയാല്‍ ജീവനക്കാരനെ മാറ്റിനിര്‍ത്തണമെന്നാണ് കോര്‍പറേഷന്റെ നിയമമെങ്കിലും രണ്ട് ജീവനക്കാര്‍ക്കെതിരെയും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ആക്ഷേപമുയരുന്നത്.