ഇത്തിഹാദും ഖത്തര്‍ എയര്‍വേയ്‌സും സൗജന്യ വൈഫൈയും ഐപാഡും നല്‍കും

Posted on: April 1, 2017 12:15 pm | Last updated: April 1, 2017 at 11:24 am
SHARE

അബുദാബി : യുഎസിലേക്കുള്ള വിമാനങ്ങളില്‍ ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിലക്കിയതിനെ തുടര്‍ന്ന് വിലക്ക് മറികടക്കുവാന്‍ പോം വഴിയുമായി വിമാനകമ്പനികള്‍ യാത്രക്കാര്‍ക്ക്
ഇത്തിഹാദും ഖത്തര്‍ എയര്‍വേയ്‌സും സൗജന്യ വൈഫൈയും ഐപാഡും നല്‍കും. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കാരില്‍ നിന്നുള്ള പരാതി കൂടിയതാണ് പുതിയ പദ്ധതി വിമാനകമ്പനികള്‍ വാഗ്ദാനം ചെയ്യാന്‍ കാരണം
മുഴുവന്‍ യാത്രക്കാര്‍ക്കും വിമാനത്തിനുള്ളില്‍ ഒരു മണിക്കൂര്‍ വരെ സൗജന്യ വൈഫൈ സൗകര്യവും അനുവദിച്ചു. അഞ്ചു ഡോളര്‍ അധികം നല്‍കിയാല്‍ യാത്രാസമയം മുഴുവനും വൈഫൈ സൗകര്യം ലഭ്യമാകും. ഇത്തിഹാദില്‍ ക്യാബിന്‍ ജീവനക്കാര്‍ വെല്‍കം ഡ്രിങ്കിന്റെ കൂട്ടത്തില്‍ വൈഫൈ വൗച്ചറുകളും ഐപാഡുകളും വിതരണം ചെയ്യും.ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കു സൗജന്യ ലാപ്‌ടോപ് ആണ് ഖത്തര്‍ എയര്‍വേയ്‌സ് വാഗ്ദാനം ചെയ്യുന്നത്.

യാത്രയിലുടനീളം ഇതുപയോഗിക്കാം. യുഎസില്‍ ഇറങ്ങുമ്പോള്‍ മടക്കി നല്‍കിയാല്‍ മതി. വിമാനത്തില്‍ കയറും മുന്‍പുവരെ സ്വന്തം ലാപ്‌ടോപ്പില്‍ ചെയ്ത ജോലികള്‍ യുഎസ്ബിയിലാക്കി ഒപ്പം കരുതാം. തുടര്‍ന്നു വിമാനത്തില്‍ നല്‍കുന്ന ലാപ്‌ടോപ്പില്‍ അതുപയോഗിച്ചു യാത്രയ്ക്കിടയിലും ജോലി തുടരാം. വിമാനത്തിന്റെ ഗേറ്റ് വരെ നിരോധിച്ച ഇലക്ട്രോണിക് സാധനങ്ങള്‍ കൊണ്ടുപോകാനും കഴിയും. ഇവ ഗേറ്റില്‍ നിന്നുവാങ്ങി ഭദ്രമായി പായ്ക്ക് ചെയ്തു വിമാനത്തില്‍ ചെക്ക് ഇന്‍ ബാഗേജായി കൊണ്ടുപോകും.ഐപാഡ് ചാര്‍ജ് ചെയ്യാന്‍ എല്ലാ സീറ്റുകളിലും സോക്കറ്റുകളുണ്ട്. ഏപ്രില്‍ രണ്ടുമുതലാണു പുതിയ സംവിധാനം. യാത്രയ്ക്കിടയില്‍ തൊഴില്‍പരമായും മറ്റുമുള്ള ആശയവിനിമയം ഇതോടെ സുഗമമായി തുടരാനാകുമെന്ന് ഇത്തിഹാദ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ അടുത്തയാഴ്ച മുതലാണു പുതിയ സേവനം. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കു വിമാനത്തില്‍ കയറുന്നതിനു തൊട്ടുമുന്‍പായി ഗേറ്റില്‍നിന്നു ലാപ്‌ടോപ് വായ്പ വാങ്ങാം.

യുഎസില്‍ എത്തിയശേഷം സുരക്ഷിതമായി മടക്കി നല്‍കുന്ന സംവിധാനവും ഇതോടൊപ്പം ഖത്തര്‍ എയര്‍വേയ്‌സ് ആരംഭിച്ചിട്ടുണ്ട്. ദോഹ വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാണിത്. എമിറേറ്റ്‌സും കഴിഞ്ഞയാഴ്ച ഇതേ സേവനം പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here