ക്ഷമാപണത്തില്‍ തീരുമോ?

Posted on: April 1, 2017 6:15 am | Last updated: April 1, 2017 at 10:48 am

ജനാധിപത്യത്തിന്റെ നാലാം തൂണെന്നും കാവല്‍ക്കാരെന്നുമാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെടാറ്. എന്നാല്‍ ജനാധിപത്യത്തിന്റെ മാത്രമല്ല ധാര്‍മിക മൂല്യങ്ങളുടെയും സദാചാരത്തിന്റെയും കാവല്‍ക്കാര്‍ കൂടിയായിരിക്കണം മാധ്യമങ്ങള്‍. കേവലം ഒരു വ്യവസായമോ ഇര തേടലോ മാത്രമല്ല. അതൊരു സാമൂഹിക സേവനവും സാംസ്‌കാരിക പ്രവര്‍ത്തനവും കൂടിയാണ്. മൂല്യാധിഷ്ഠിത സമൂഹത്തിന്റെ സൃഷ്ടിപ്പില്‍ മാധ്യമങ്ങള്‍ക്ക് മികച്ച പങ്ക് വഹിക്കാനുണ്ട്. അതേസമയം, സമൂഹത്തിന് മൂല്യങ്ങളുടെയും ധര്‍മത്തിന്റെയും പാഠങ്ങള്‍ പഠിപ്പിക്കുമ്പോള്‍, മാധ്യമങ്ങള്‍ സ്വയം അത് ഉള്‍ക്കൊള്ളുകയും തങ്ങളുടെ പ്രവര്‍ത്തനത്തില്‍ അത് പ്രതിഫലിപ്പിക്കുകയും വേണം. പ്രേക്ഷകരുടെ ശ്രദ്ധ നേടാനും പ്രചാരണം വര്‍ധിപ്പിക്കാനും വാര്‍ത്തകള്‍ പടച്ചുണ്ടാക്കലും സെന്‍സേഷണലിസവും ഗോസിപ്പും കൂട്ടിക്കലര്‍ത്തി വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതും മാധ്യമ ധര്‍മത്തിന് നിരക്കുന്നതല്ല.

ഗതാഗത മന്ത്രിയായിരുന്ന ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍ സംഭാഷണം ഒരു പെണ്ണിനെ ഉപയോഗിച്ചു സൃഷ്ടിച്ചതാണെന്ന് മംഗളംചാനല്‍ സി ഇ ഒ ഒടുവില്‍ സമ്മതിക്കുകയുണ്ടായി. വ്യാജവാര്‍ത്ത സംപ്രേഷണം ചെയ്തതിന് പ്രേക്ഷക സമൂഹത്തോട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ കേവലം ക്ഷമാപണം കൊണ്ട് അവസാനിപ്പിക്കാവുന്നതാണോ ഒരു നേതാവിനെ സ്ത്രീലമ്പടനായി ചിത്രീകരിച്ചു താറടിക്കുന്ന നെറികെട്ട പ്രവര്‍ത്തനം. മന്ത്രിയുടെ സമീപം നിവേദനവുമായി വന്ന ഒരു സ്ത്രീയോട് അദ്ദേഹം ഫോണിലൂടെ അശ്ലീലച്ചുവയുള്ള സംഭാഷണം നടത്തിയെന്ന മട്ടിലാണ് ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്. ആ സ്ത്രീ ആരെന്ന് ചാനല്‍ വ്യക്തമാക്കുകയോ, അങ്ങനെ ഒരു സ്ത്രീയും പരാതി ഉന്നയിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ ‘പെണ്‍കെണി’യിലൂടെ ഒപ്പിച്ചെടുത്തതാണ് വാര്‍ത്തയെന്ന് മാധ്യമ ലോകത്ത് തുടക്കത്തിലേ സംശയം ഉയര്‍ന്നതാണ്. ഇതു സംബന്ധിച്ചു ചാനല്‍ സി ഇ ഒയോട് സംശയമുന്നയിച്ചപ്പോള്‍ വാര്‍ത്ത തികച്ചും സത്യസന്ധമാണെന്നും സ്ത്രീയുടെ അഭിമാനത്തിന് നേരെ മന്ത്രി നടത്തിയ കടന്നാക്രമണത്തെ ചെറുക്കുകയെന്ന മാധ്യമ ധര്‍മമാണ് തങ്ങള്‍ നിറവേറ്റുന്നതെന്നുമായിരുന്നു മറുപടി. ഒരു വീട്ടമ്മ നല്‍കിയ ശബ്ദരേഖ മന്ത്രിയുടേതെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ചാനല്‍ സംപ്രേഷണം ചെയ്തതെന്നും അവര്‍ അവകാശപ്പെടുകയുണ്ടായി. ഞായറാഴ്ച ചാനലിന്റെ ലോഞ്ചിംഗിനോടനുബന്ധിച്ചു പുറത്തുവിട്ട വാര്‍ത്ത സത്യസന്ധമെന്ന് വരുത്താനായി തുടര്‍ന്നുള്ള നാല് ദിവസങ്ങളിലും നുണകള്‍ ആവര്‍ത്തിച്ച ശേഷം സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും പോലീസ് അന്വേഷണം മണക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്വന്തം ലേഖികയെ ഉപയോഗിച്ചു മന്ത്രിയെ കെണിയില്‍ വീഴ്ത്തിയതാണെന്ന കുറ്റസമ്മതം. വാര്‍ത്തകളില്‍ തെറ്റു സംഭവിക്കലും അത് തിരുത്തലും സാധാരണമാണ്. എന്നാല്‍, ഒരു നേതാവിനെ താറടിക്കാന്‍ വ്യാജവാര്‍ത്ത സൃഷ്ടിച്ച ശേഷം പ്രശ്‌നം നിയമ നടപടികളിലേക്കെത്തിയപ്പോള്‍ രക്ഷപ്പെടാനായി നിര്‍ബന്ധിതാവസ്ഥയില്‍ നടത്തുന്ന ക്ഷമാപണം ഈ ഗണത്തില്‍ പെടുത്താവുന്നതല്ല.

വ്യാപാര താത്പര്യം ചാനലുകള്‍ക്കും പത്രസ്ഥാപനങ്ങള്‍ക്കും സ്വാഭാവികമാണ്. ജനസമ്മതനായ ഒരു നേതാവിന്റെ വ്യക്തിത്വത്തെ താറടിച്ചു മാനഹാനി വരുത്തിയല്ല മാധ്യമങ്ങള്‍ റേറ്റിംഗ് വര്‍ധിപ്പിക്കേണ്ടത്. ഒരു ഖേദ പ്രകടനം കൊണ്ട് നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു പക്ഷേ ചാനല്‍ നടത്തിപ്പുകാര്‍ക്കായേക്കാം. എന്നാല്‍ മന്ത്രിയുടെ ആത്മാഭിമാനം വീണ്ടെടുക്കാന്‍ ഇതുകൊണ്ടാകില്ലെന്നോര്‍ക്കണം. മന്ത്രിയുടെ മാത്രമല്ല, കുടുംബത്തിന്റെയും സമാധാന ജീവിതം ഇതോടെ നഷ്ടമാകും. ഇത് മാധ്യമ പ്രവര്‍ത്തനമല്ല, അതി നീചവും നികൃഷ്ടവുമായ കുറ്റകൃത്യമാണ്. പെണ്ണിനെ കൂടെ നിര്‍ത്തി ഫോട്ടോ എടുത്ത ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന തസ്‌കര സംഘങ്ങളെ സംബന്ധിച്ച വാര്‍ത്തകള്‍ ഇടക്കിടെ കേള്‍ക്കാറുണ്ട്. അതിന് സമാനമാണ് ചാനലിന്റെ റേറ്റിംഗ് കൂട്ടി ലാഭം കൊയ്യാനുള്ള ഈ തട്ടിപ്പ്. പ്രസ്തുത ചാനലിന് മാത്രമല്ല മാധ്യമ ലോകത്തിനാകെ ഇതു ദോഷം ചെയ്യും. അഴിമതികളെയും സാമൂഹിക തിന്മകളെയും സംബന്ധിച്ചു എല്ലാ വാര്‍ത്താ മാധ്യമങ്ങളും പുറത്തു വിടുന്ന വാര്‍ത്തകളെയും സമൂഹം ഇനി സംശയ ദൃഷ്ടിയോടെ മാത്രമേ വീക്ഷിക്കുകയുള്ളൂ.

അഴിമതികള്‍ക്കും സാമൂഹിക സാംസ്‌കാരിക ജീര്‍ണതക്കുമെതിരെയുള്ള പോരാട്ടത്തില്‍ മാധ്യമങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നത്. ലോകത്തെ പല അഴിമതി കഥകളും പുറത്തു വന്നത് മാധ്യമങ്ങള്‍ വഴിയാണ്. അധികാരി വര്‍ഗവും ഭരണകൂടങ്ങളും ഇതില്‍ അസ്വസ്ഥരാണ്. ഭരണകൂട ജീര്‍ണതകള്‍ അന്വേഷിച്ചുള്ള മാധ്യമങ്ങളുടെ പ്രയാണം തടയാന്‍ അവര്‍ മാര്‍ഗങ്ങള്‍ അന്വേഷിച്ചു വരുന്നുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പുതിയൊരു മാധ്യമ നിയന്ത്രണ നിയമത്തിന്റെ പണിപ്പുരയിലാണെന്നാണ് വിവരം. അത്തരം നിയന്ത്രണങ്ങള്‍ക്കും നിയമ നിര്‍മാണങ്ങള്‍ക്കും സര്‍ക്കാറിനുള്ള ന്യായീകരണമായിത്തീരും മാധ്യമ ലോകത്തു നിന്നുണ്ടാകുന്ന വഴിവിട്ട പ്രവര്‍ത്തനവും നിയമലംഘനങ്ങളും. കഴിഞ്ഞ കാലങ്ങളില്‍ മാധ്യമങ്ങള്‍ നടത്തിയ ബോധപൂര്‍വമായ ധര്‍മലംഘനങ്ങളുടെ ഫലമാണ് അവയുടെ സ്വാതന്ത്ര്യത്തിന് നേരെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഭീഷണികള്‍. എന്തും എഴുതി വിടാനും പ്രക്ഷേപണം ചെയ്യാനുമുള്ളതല്ല മാധ്യമ സ്വാതന്ത്ര്യം. പ്രവര്‍ത്തനങ്ങളില്‍ ധാര്‍മികതയും സത്യസന്ധതയും ഉയര്‍ത്തിപ്പിടിക്കാന്‍ മാധ്യമ ലോകവും ബാധ്യസ്ഥമാണ്. ഇക്കാര്യം സുപ്രീം കോടതിയും മാധ്യമ ലോകത്തെ പലവട്ടം ഓര്‍മിപ്പിച്ചതാണ്.