Connect with us

Sports

മെസിയുടെ വിലക്ക് കളിച്ചത് മറഡോണയോ ?

Published

|

Last Updated

ബ്യൂണസ്‌ഐറിസ്: ലയണല്‍ മെസിക്ക് നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഫിഫ ഏര്‍പ്പെടുത്തിയ വിലക്കിന്റെ അലയൊലി നിലയ്ക്കുന്നില്ല. അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത തന്നെ അപകടത്തിലാക്കുന്ന തീരുമാനമാണ് ധൃതിപിടിച്ച് ഫിഫ കൈക്കൊണ്ടതെന്ന വികാരമാണ് ലോകഫുട്‌ബോളില്‍ ഉയര്‍ന്നു വന്നിരിക്കുന്നത്.
അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞുവെന്ന കാരണത്താല്‍ മെസിയെ വളരെ നാടകീയമായി വിലക്കിയതിന് പിറകില്‍ കറുത്ത കരങ്ങളുണ്ടെന്ന് ഒരു വിഭാഗം സംശയിക്കുന്നു.
ഫിഫയുടെ ബ്രാന്‍ഡ് അംബാസഡറായ ഡിയഗോ മറഡോണയെയാണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നത്. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുമായി വളരെ അടുത്ത ബന്ധമുള്ള മറഡോണക്ക് മെസിയെ വിലക്കാനുള്ള നടപടിയെ കുറിച്ച് അറിയാതെ പോയത് നിര്‍ഭാഗ്യകരമായിപ്പോയെന്ന് ലാറ്റിനമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇത്തരം അപവാദങ്ങള്‍ തന്റെ ഹൃദയം തകര്‍ക്കുന്നുവെന്ന് മറഡോണ പ്രതികരിച്ചു. ദൈവമാണേ എനിക്കൊന്നും അറിയില്ല, ഇതേക്കുറിച്ച് എന്ത് തന്നെ വന്നാലും ഞാനന്വേഷിക്കും – മറഡോണ പറഞ്ഞു.
ഫിഫ പ്രസിഡന്റുമായി ഉടനെ തന്നെ വിഷയം ചര്‍ച്ച ചെയ്യും. കാരണം ഇത് ഭീകരമായ ആരോപണമാണ്.

ഞാന്‍ പലവട്ടം മെസിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷേ മെസിയില്‍ നിന്ന് യാതൊരു പ്രതികരണവും ലഭ്യമായില്ല. മെസി ഒരിക്കലും ഇത്തരമൊരു പരാതിയുമായി വരില്ല. അയാള്‍ മഹാനായ ഫുട്‌ബോളറാണ്. കളിക്കാര്‍ക്കിടയില്‍ ഏറെ സ്വീകാര്യനായ താരമാണ്. മെസിയുടെ അഭാവം ബൊളിവിയക്കെതിരായ മത്സരത്തില്‍ നിഴലിച്ചു. പോര്‍ച്ചുഗലിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇല്ലാത്തത് പോലെയാണത് – മറഡോണ പറഞ്ഞു. ലോകകപ്പ്, കോപ അമേരിക്ക പരാജയങ്ങളെ തുടര്‍ന്ന് മറഡോണ മെസിയെ ലക്ഷ്യമിട്ട് വാക്ശരങ്ങള്‍ എയ്തിരുന്നു. രാജ്യത്തിന് വേണ്ടി കളിക്കാത്തവന്‍ എന്ന് ദുഷ്‌പേര് മെസിയുടെ മേല്‍ ചാര്‍ത്താന്‍ മറഡോണ ശ്രമിച്ചത് വിവാദമായിരുന്നു. രാജ്യത്തിനകത്ത് നിന്ന് തന്നെ ഒളിയമ്പുകള്‍ വന്നതോടെ മെസി അര്‍ജന്റീന ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയാവുകയും ചെയ്തു. പുതിയ കോച്ച് ബൗസ എത്തിയ ശേഷമാണ് മെസിയെ അനുനയിപ്പിച്ച് ടീമിലെത്തിച്ചത്.
നാല് മത്സര വിലക്കില്‍ ഒരു മത്സരം കഴിഞ്ഞു. ഉറുഗ്വെ, വെനിസ്വെല, പെറു മത്സരങ്ങളാണ് മെസിക്ക് ഇനി നഷ്ടമാവുക. ഒക്ടോബറില്‍ ഇക്വഡോറിനെതിരെയാകും മെസിയുടെ തിരിച്ചുവരവുണ്ടാവുക.
ചിലിക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു മെസി ലൈന്‍ റഫറിക്കെതിരെ നിലവിട്ട് പെരുമാറിയത്. വീട്ടിലെ സ്ത്രീകളെ അപമാനിക്കും വിധമുള്ള അസഭ്യമാണ് മെസി പറഞ്ഞതെന്ന് ഒഫിഷ്യലുകള്‍ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, താനാരെയും ലക്ഷ്യമിട്ടല്ല ക്ഷുഭിതനായതെന്നും അസഭ്യം പറഞ്ഞത് പെട്ടെന്നുണ്ടായ അസ്വസ്ഥതയുടെ ഭാഗമായിട്ടാണെന്നും മെസി പറഞ്ഞതായി ലാ നാഷന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഫിഫയുടെ നടപടി അത്ഭുതപ്പെടുത്തിയെന്ന് അര്‍ജന്റീന ടീം സെക്രട്ടറി ജോര്‍ജ് മിയഡോസ്‌ക്വു പറഞ്ഞു. ബൊളിവിയക്കെതിരെ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയ വേളയിലാണ് മെസിക്കെതിരെ നടപടി വരുന്നത്. ലോകകപ്പ് യോഗ്യത പോലെ വളരെ പ്രധാനപ്പെട്ട മത്സരത്തിന് ഇറങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുണ്ടായ നടപടി അപലപനീയമാണെന്ന് ജോര്‍ജ് പറഞ്ഞു. വിലക്കിനെതിരെ അപ്പീല്‍ പോകും. മെസി ആകെ വിഷണ്ണനാണ്, ഞങ്ങളും. വിഷയം കൈകാര്യം ചെയ്ത രീതിയില്‍ ടീമിന് അമര്‍ഷമുണ്ട് – സെക്രട്ടറി പറഞ്ഞു.
മാച്ച് ഒഫിഷ്യലുകള്‍ മെസിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. ഫിഫ അധികൃതര്‍ വീഡിയോ ഫൂട്ടേജ് പരിശോധിച്ചാണ് മെസിക്ക് മേല്‍ കുറ്റം കണ്ടെത്തിയത്.
ഇത് അര്‍ജന്റൈന്‍ താരത്തെ അപമാനിക്കുന്ന നടപടിയായെന്നും വിലക്ക് നീക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്നും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ക്ലോഡിയോ താപിയ പറഞ്ഞു. കോച്ച് ബൗസക്ക് എല്ലാ വിധ പിന്തുണയും അസോസിയേഷന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

 

---- facebook comment plugin here -----

Latest