Connect with us

Gulf

'ഷാര്‍ജ പൈതൃക ദിനങ്ങള്‍' അടുത്ത മാസം നാലു മുതല്‍

Published

|

Last Updated

ഷാര്‍ജ ഇന്‍സ്റ്റിറ്റിയുട്ട് ഫോര്‍ ഹെറിറ്റേജ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ മുസല്ലം
വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: പൈതൃകം ഘടനയും ഭാവവും എന്ന പ്രമേയത്തില്‍ പതിനഞ്ചാമത് ഷാര്‍ജ പൈതൃക ദിനങ്ങള്‍ അടുത്ത മാസം നാല് മുതല്‍ 22 വരെ ഷാര്‍ജ റോളയിലെ കള്‍ചറല്‍ ഹെറിറ്റേജ് ഇവന്റ്‌സ് സെന്ററില്‍ നടക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സുഡാന്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ഖത്വര്‍, സഊദി അറേബ്യ, ഈജിപ്ത്, യമന്‍, ഇറാഖ്, ട്യുണീഷ്യ, മൊറോക്കോ, അള്‍ജീരിയ, ലബനന്‍, മാള്‍ട്ട, ഇറ്റലി, മാലിദ്വീപ്, ജോര്‍ജിയ, സെര്‍ബിയ, തജിക്കിസ്ഥാന്‍, സ്ലൊവാക്യ, പരാഗ്വെ, കൊറിയ, ഫ്രാന്‍സ്, റഷ്യ, ഓസ്‌ട്രേലിയ, ചൈന എന്നിവയുള്‍പെടെ 31 രാജ്യങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ രാജ്യത്തിന്റെ പൈതൃകം ലോകത്തിന് മുന്‍പില്‍ തുറന്നുകാണിക്കുകയാണ് ലക്ഷ്യമെന്ന് ഷാര്‍ജ ഇന്‍സ്റ്റിറ്റിയുട്ട് ഫോര്‍ ഹെറിറ്റേജിന്റെയും ഷാര്‍ജ ഹെറിറ്റേജ് ഡേയ്‌സ് ഹൈയര്‍ കമ്മിറ്റിയുടെയും ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ മുസല്ലം പറഞ്ഞു.

യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ ലോക പൈതൃകവും സംസ്‌കാരവും സംരക്ഷിപ്പെടേണ്ടതിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന ഒട്ടേറെ പരിപാടികള്‍ അരങ്ങേറും. പൈതൃക പ്രദര്‍ശനം, പരമ്പരാഗത കലാപരിപാടികള്‍, ശില്‍പശാലകള്‍, സെമിനാറുകള്‍ എന്നിവ എല്ലാ ദിവസവും ഉണ്ടായിരിക്കും. പുതിയ തലമുറക്ക് രാജ്യത്തെ പൈതൃകവും സമ്പന്നമായ സംസ്‌കാരവും പരിചയപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടെന്ന് അല്‍ മുസല്ലം പറഞ്ഞു. പൈതൃക രംഗത്തെ 20 വിദഗ്ധര്‍ പങ്കെടുക്കുന്ന കള്‍ചറല്‍ കഫെ പ്രത്യേകതയാണ്. കൂടാതെ, സമൂഹ മാധ്യമ കഫെ, അല്‍ മവ്‌റൂത്ത് ലൈബ്രറി, പുരാതന പൈതൃക മുദ്രകള്‍, കരകൗശല വസ്തുക്കള്‍, നാടന്‍ കഥകള്‍ തുടങ്ങിയവ ഉള്‍പെടുന്ന പരിപാടികളും അരങ്ങേറും. പൈതൃകവും സംസ്‌കാരങ്ങളും പരസ്പരം കൈമാറാനുള്ള അപൂര്‍വാവസരമായിരിക്കും ഷാര്‍ജ പൈതൃക ദിനങ്ങള്‍. ഷാര്‍ജ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെറിറ്റേജ് ഉപ മേധാവി അസ്മ അല്‍ സുവൈദി, ഷാര്‍ജ ഹെറിറ്റേജ് ഡേയ്‌സ് ജനറല്‍ കൊ ഓര്‍ഡിനേറ്റര്‍ ബദിര്‍ ഷെഹി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest