പതിനൊന്നാമത് ശൈഖ് സായിദ് ബുക് അവാര്‍ഡ് പ്രഖ്യാപിച്ചു; ‘ഖരീഫ് അല്‍ ബറാഅ’ക്ക് സാഹിത്യ പുരസ്‌കാരം

Posted on: March 30, 2017 6:55 pm | Last updated: March 30, 2017 at 6:55 pm
SHARE

അബുദാബി: പതിനൊന്നാമത് ശൈഖ് സായിദ് ബുക് അവാര്‍ഡ് പ്രഖ്യാപിച്ചു. സാഹിത്യത്തില്‍ ദാര്‍ അല്‍ സഖി പുറത്തിറക്കിയ ഖരീഫ് അല്‍ ബറാഅ എന്ന കൃതിക്കാണ് പുരസ്‌കാരം. ലെബനീസ് എഴുത്തുകാരന്‍ അബ്ബാസ് ബെയ്‌ദൊയിനാണ് ഗ്രന്ഥകാരന്‍. സാഹിത്യം, ബാലസാഹിത്യം, ദേശീയ വികസനത്തിനുള്ള സംഭാവന, പരിഭാഷ, സാഹിത്യ കലാ വിമര്‍ശനം, മറ്റു ഭാഷകളില്‍ അറബി സംസ്‌കാരം, പബ്ലിഷിംഗ് ആന്‍ഡ് ടെക്‌നോളജി തുടങ്ങി ഒന്‍പത് വിഭാഗത്തിലാണ് അവാര്‍ഡിന് അര്‍ഹരെ തിരഞ്ഞെടുത്തത്. ശാസ്ത്രീയമായുള്ള നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു വിജയികളെ തിരഞ്ഞെടുത്തതെന്ന് അവാര്‍ഡ് കമ്മിറ്റി സെക്രട്ടറി ജനറല്‍ ഡോ. അലി ബിന്‍ തമീം അറിയിച്ചു. ദേശീയ വികസനത്തിനുള്ള സംഭാവന എന്ന വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ദാര്‍ അല്‍ സഖി പുറത്തിറക്കിയ സിറിയന്‍ സ്വദേശിയായ മുഹമ്മദ് ചെഹ്‌റൂറിന്റെ അല്‍ ഇസ്‌ലാം വല്‍ ഇന്‍സാന്‍ എന്ന കൃതിക്ക് ലഭിച്ചു. ബാലസാഹിത്യത്തില്‍ കുവൈത്ത് സ്വീഡന്‍ മീഡിയ പുറത്തിറക്കിയ കുവൈറ്റ് സ്വദേശിയായ ലത്വീഫ ബുതിയുടെ കൃതിക്കാണ്.

പരിഭാഷ വിഭാഗത്തില്‍ അറബി ഫ്രഞ്ച് പരിഭാഷകനായ സീഡ് ബൗ അക്കലിന്റെ ബെര്‍ലിനില്‍ നിന്നും പുറത്തിറക്കിയ അവെറോസ് ലീ ഫിലൊസൊഫെ ഏത്‌ലെ ലാ ലോയ് ഇബ്‌നു റുശ്ദ് എന്ന കൃതിക്ക് ലഭിച്ചു. സാഹിത്യ, കല വിമര്‍ശനം വിഭാഗത്തില്‍ ഓസ്‌ട്രേലിയന്‍ ഇറാഖി പണ്ഡിതന്‍ സെയ്ദ് അല് ഘനിമിയുടെ ഫാഇലിയ്യത് അല്‍ഖയാല്‍ അല്‍അദബീ എന്ന കൃതിയും അര്‍ഹമായി.
ഏപ്രില്‍ 30ന് അബുദാബി അന്തരാഷ്ട്ര പുസ്തകോത്സവത്തില്‍ അവാര്‍ഡ് വിതരണം ചെയ്യും. 2007 മുതലാണ് ശൈഖ് സായിദ് ബുക് അവാര്‍ഡ് ഏര്‍പെടുത്തിയത്. വിവിധ വിഭാഗങ്ങളിലുള്ള വിജയികള്‍ക്ക് 750,000 ദിര്‍ഹമാണ് സമ്മനമായി ലഭിക്കുക.

 

LEAVE A REPLY

Please enter your comment!
Please enter your name here