Connect with us

Kerala

മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന് ഒരു വര്‍ഷം കൂടി കാലാവധി

Published

|

Last Updated

തിരുവനന്തപുരം: കേരള മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് കമ്മീഷന്‍ പുനസംഘടിപ്പിച്ച് പുറപ്പെടുവിച്ച വിജ്ഞാപനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. റബ്‌കോയ്ക്ക് എതിരായ റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കും. വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്കായി റബ്‌കോയ്ക്ക് 76.76 കോടി രൂപ കുടിശികയുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമായ അസാപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് മാനേജ്‌മെന്റ് പൂള്‍ സൃഷ്ടിക്കും. വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണി കണക്കിലെടുത്ത് ഇന്ത്യാ റിസര്‍വ് ബറ്റാലിയന്റെ കമാന്റോ വിഭാഗത്തില്‍ 210 കമാന്റോ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.

ശുചിത്വ മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ 18 തസ്തികകള്‍ രണ്ടു വര്‍ഷത്തേക്ക് സൃഷ്ടിക്കും. തൃശ്ശൂര്‍ കടങ്ങോട് കിഴക്കുമുറി കൊട്ടിലപ്പറമ്പില്‍ കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തില്‍ ബാക്കിയായ എട്ടു വയസുകാരി വൈഷ്ണവിയുടെ വിദ്യാഭ്യാസച്ചെലവ് സര്‍ക്കാര്‍ വഹിക്കും. കൊട്ടിലപ്പറമ്പില്‍ സുരേഷിന്റെ മകളാണ് വൈഷ്ണവി.
ഖാദിഗ്രാമവ്യവസായ ബോര്‍ഡ് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. 1989ലെ കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ആനുകൂല്യത്തിനുളള പട്ടിക വര്‍ഷംതോറും പുതുക്കുന്നതിന് നിയമം ഭേദഗതി ചെയ്യും. യഥാസമയം പദ്ധതിയില്‍ ചേരുന്നതിന് ഉടമകള്‍ തടസ്സം സൃഷ്ടിക്കുന്നതിനാല്‍ തൊഴിലാളികള്‍ക്കുളള ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഭേദഗതി കൊണ്ടുവരുന്നത്.
കേരള ജൂഡീഷ്യല്‍ അക്കാദമിയില്‍ 53 തസ്തികകള്‍ സൃഷ്ടിക്കും. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രീബ്യൂണലില്‍ സീനിയര്‍ ഗവ. പ്ലീഡര്‍മാരായി എസ് ഷാജി (കൊല്ലം), കെ എസ് ജെയിന്‍ (വര്‍ക്കല) എന്നിവരേയും പ്ലീഡര്‍മാരായി പി ജെ സിജ, എസ് എസ് രാജീവ്, സനോജ് ആര്‍ നായര്‍, രാഹുല്‍ എം ബി (തിരുവനന്തപുരം) എന്നിവരേയും നിയമിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.

 

---- facebook comment plugin here -----

Latest