റിയാസ് മൗലവി വധം ; സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞു

Posted on: March 29, 2017 11:31 pm | Last updated: March 30, 2017 at 1:38 pm

കണ്ണൂര്‍: കാസര്‍കോട് പഴയചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ അധ്യാപകനും പള്ളി മുഅദ്ദിനുമായ കുടക് കോട്ടംകുടി സ്വദേശി മുഹമ്മദ് റിയാസ് മൗലവി (30) യെ വധിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പ്രതികളെയും പ്രധാന സാക്ഷികള്‍ തിരിച്ചറിഞ്ഞു.

റിയാസ് മൗലവി വധക്കേസിലെ ഒന്നാംപ്രതി കുഡ്‌ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു(20), രണ്ടാംപ്രതി കേളുഗുഡെ മാത്തയിലെ നിധിന്‍(19), മൂന്നാം പ്രതി കേളുഗുഡെ ഗംഗൈയിലെ അഖിലേഷ്(25) എന്ന അഖില്‍ എന്നിവരെയാണ് സാക്ഷികളായ പള്ളി ഖത്തീബ് അബ്ദുല്‍ അസീസ് വഹബി, കൊലക്കേസിലെ പരാതിക്കാരന്‍ അബ്ദുല്‍ ഹമീദ് എന്നിവര്‍ തിരിച്ചറിഞ്ഞത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് അല്‍ഫ മമ്മായിയുടെ സാന്നിധ്യത്തിലാണ് രാവിലെ തിരിച്ചറിയല്‍ പരേഡ് നടന്നത്. രാവിലെ 11 മണി മുതല്‍ രണ്ട് മണിവരെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നീണ്ടുനിന്നു. ആദ്യഘട്ടത്തില്‍ രണ്ട് പ്രതികള്‍ക്കൊപ്പം ഇതുപത് പേരെയും രണ്ടാമത്തെ ഘട്ടം ഒരു പ്രതിക്കൊപ്പം ഒമ്പത് പേരെയും നിര്‍ത്തി രണ്ട് ഘട്ടമായാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. തിരിച്ചറിയല്‍ പരേഡിനായി 50ഓളം പേരെ ജയിലില്‍ തയാറാക്കി നിര്‍ത്തിയിരുന്നു. അബ്ദുല്‍ അസീസ് വഹബിയെയും അബ്ദുല്‍ ഹമീദിനെയും വെവ്വേറെ ജയിലിലെത്തിച്ചാണ് പരേഡ് നടത്തിയത്.
കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സാക്ഷികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയത്. കേസന്വേഷണ സംഘത്തലവനായ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. എ ശ്രീനിവാസാണ് പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. ഹരജി സ്വീകരിച്ച കോടതി തിരിച്ചറിയല്‍ പരേഡിന് അനുമതി നല്‍കുകയായിരുന്നു.

ഇക്കഴിഞ്ഞ 21ന് അര്‍ധരാത്രിയോടെയാണ് റിയാസ് മൗലവി ജുമുഅ മസ്ജിദിനോട് ചേര്‍ന്നുള്ള കിടപ്പുമുറിയില്‍ കഴുത്തറുത്ത നിലയില്‍ കൊലചെയ്യപ്പെട്ടത്. തൊട്ടടുത്തുള്ള മുറിയിലാണ് പള്ളി ഖത്വീബ് അബ്ദുല്‍ അസീസ് വഹബി കിടന്നിരുന്നത്. അര്‍ധരാത്രിയോടെ ശബ്ദം കേട്ട് ഖത്വീബ് മുറി തുറന്നപ്പോള്‍ രൂക്ഷമായ കല്ലേറുണ്ടായിരുന്നു. ഇതോടെ മുറിയടച്ച് അദ്ദേഹം മൈക്കിലൂടെ അപകട വിവരം നല്‍കുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ എത്തി പരിശോധിച്ചപ്പോഴാണ് റിയാസ് മൗലവിയെ കഴുത്തറുക്കപ്പെട്ട് ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.