Connect with us

International

മോദി - ട്രംപ് ചര്‍ച്ച ഈ വര്‍ഷാവസാനമെന്ന് വൈറ്റ് ഹൗസ്

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ സാമ്പത്തിക പരിഷ്‌കരണ അജന്‍ഡകള്‍ക്ക് പ്രസിഡന്റ് ട്രംപ് പിന്തുണ പ്രകടിപ്പിച്ചതായും പ്രസ്താവനയിലുണ്ട്. മോദിയുടെയും ജര്‍മന്‍ ചാന്‍സലര്‍ അഞ്ചല മെര്‍ക്കലിന്റെയും തിരഞ്ഞെടുപ്പ് വിജയങ്ങളെ ട്രംപ് അഭിനന്ദിച്ചതായി കഴിഞ്ഞ ദിവസം വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

ജുലൈയില്‍ ജര്‍മനിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കെത്തുന്ന ട്രംപും മോദിയും അവിടെവെച്ച് കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മോദിയുടെ പാര്‍ട്ടിയായ ബി ജെ പി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. സാറാലാന്‍ഡ് സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പില്‍ മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡമോക്രാറ്റ് പാര്‍ട്ടി അനായാസ വിജയം നേടിയിരുന്നു. നേരത്തെ മോദിയും ട്രംപും ടെലിഫോണില്‍ സംസാരിച്ചിരുന്നു.
തീവ്രവാദം , പ്രതിരോധം , സുരക്ഷ എന്നീ കാര്യങ്ങളാണ് അന്ന് സംഭാഷണത്തില്‍ വിഷയമായത്. അമേരിക്ക ഇന്ത്യയെ ഒരു യഥാര്‍ഥ സുഹ്യത്തായാണ് കാണുന്നതെന്നും ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതില്‍ ഒരു പങ്കാളിയായും കാണുന്നുണ്ടെന്നും വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ട്രംപ് പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം ടെലഫോണില്‍ സംസാരിച്ച അഞ്ചാമത്തെ വിദേശ നേതാവാണ് മോദി.