റഷ്യന്‍ ലോകകപ്പില്‍ കളിക്കാനുള്ള ഖത്വറിന്റെ സ്വപ്നം പൊലിഞ്ഞു

Posted on: March 29, 2017 8:18 pm | Last updated: March 29, 2017 at 8:18 pm

ദോഹ: റഷ്യന്‍ ലോകകപ്പില്‍ കളിക്കാനുള്ള ഖത്വറിന്റെ സ്വപ്‌നം പൂര്‍ണമായും അസ്തമിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ ഉസ്ബക്കിസ്ഥാനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് 2018ലെ റഷ്യന്‍ ലോകകപ്പിനുള്ള ഖത്വറിന്റെ സാധ്യതകള്‍ അവസാനിച്ചത്. ഉസ്ബക്കിസ്ഥാനിലെ താഷ്‌കെന്റ് ബുന്‍യോദ്ഖര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 65ാം മിനുട്ടില്‍ ഒദില്‍ അഹ്മദോവാണ് വിജയഗോള്‍ നേടിയത്.

ഏഷ്യന്‍ യോഗ്യതാ മൂന്നാം റൗണ്ടിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇറാനോടും ഖത്വര്‍ തോറ്റിരുന്നു. ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ജയവും സമനിലയും ഉള്‍പ്പടെ നാലുപോയിന്റുമായി ഗ്രൂപ്പ് എയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ഖത്വര്‍.
ഇനിയുള്ള മൂന്നു മത്സരങ്ങളും വിജയിച്ചാല്‍പ്പോലും ഖത്വറിന് യോഗ്യത നേടാന്‍ കഴിയില്ല. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവര്‍ക്കാണ് യോഗ്യത. മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് പ്ലേ ഓഫ് കളിച്ച് യോഗ്യത നേടാനാകും. നിലവില്‍ 17 പോയിന്റുമായി ഇറാനും 13 പോയിന്റുമായി കൊറിയ റിപ്പബ്ലിക്കുമാണ് ആദ്യ രണ്ടുസ്ഥാനങ്ങളില്‍.

ഇന്നലത്തെ വിജയത്തോടെ ഉസ്ബക്കിസ്ഥാന് 12 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. മൂന്നാം റൗണ്ടിലെ ആദ്യഘട്ടത്തില്‍ ദോഹയില്‍ നടന്ന മത്സരത്തിലും ഒരു ഗോളിന് ഖത്വര്‍ ഉസ്ബക്കിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. ഇന്നലെ നടന്ന മറ്റ് ഗ്രൂപ്പ് എ മത്സരങ്ങളില്‍ ഇറാന്‍ എതിരില്ലാത്ത ഒരു ഗോളിന് ചൈനയെയും ഇതേ സ്‌കോറിന് കൊറിയ റിപ്പബ്ലിക്ക് സിറിയയെയും പരാജയപ്പെടുത്തി. ജൂണ്‍ പതിമൂന്നിന് കൊറിയ റിപ്പബ്ലിക്കിനെതിരെയാണ് ഖത്വറിന്റെ അടുത്ത മത്സരം. തുടര്‍ന്ന് ഓഗസ്റ്റ് 31ന് സിറിയയ്‌ക്കെതിരെയാണ് ഖത്വറിന്റെ അവസാന മത്സരം.