എല്ലാ കണക്കുകളും തെറ്റിക്കുന്ന ഓരോരോ പരീക്ഷകള്‍

സ്വകാര്യ സ്ഥാപനത്തില്‍ പരീക്ഷക്കു ചോദിച്ച അതേ ചോദ്യങ്ങള്‍ കോപ്പിയടിച്ചാണ് എസ് എസ് എല്‍ സിയുടെ ഫൈനല്‍ പരീക്ഷാ പേപ്പര്‍ തയ്യാറാക്കിയതെന്നതിനാല്‍ ഗുരുതരമായ ക്രമക്കേട് നടന്നു എന്ന് വ്യക്തമാണ്. എന്നാല്‍ സമാനമായ ചോദ്യങ്ങള്‍ മറ്റു നിരവധി സ്ഥാപനങ്ങളിലെ പരീക്ഷകളിലും ആവര്‍ത്തിച്ചതായി കാണപ്പെടുന്നു. അതിന്റെ അര്‍ഥം എന്താണ്? ചോദ്യപേപ്പര്‍ സപ്ലൈ ചെയ്യുന്ന ഒരു ലോബി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണിത്. മുന്‍കൂര്‍ ആയി, അത്തരമാളുകള്‍ ചോദ്യമോഡല്‍ തയ്യാറാക്കി വിവിധ സ്‌കൂളുകള്‍ക്ക് നല്‍കി കമ്മീഷന്‍ പറ്റുന്നു. പൊതു വിദ്യാഭ്യാസവകുപ്പിനും അത്തരം സ്വകാര്യ ലോബികളെ ആശ്രയിക്കാതെ ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ കഴിയാത്ത സാഹചര്യമാണോ നിലവിലുള്ളത്?
Posted on: March 29, 2017 6:07 am | Last updated: March 29, 2017 at 12:15 am

ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ അക്കൗണ്ടില്‍ ചരിത്രത്തിലാദ്യമായി ഒരു വിഷയത്തില്‍ എസ് എസ് എല്‍സി ഫൈനല്‍ പരീക്ഷ വീണ്ടും നടത്തേണ്ടിവന്നിരിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലക്ക് അപമാനം കുറിച്ച സംഭവമാണത്. എസ് എസ് എല്‍ സി മോഡല്‍ പരീക്ഷക്കു വേണ്ടി ഏതെങ്കിലും സ്വകാര്യ വിദ്യാലയങ്ങളിലോ ട്യൂഷന്‍ സെന്ററുകളിലോ തയ്യാറാക്കുന്ന ചോദ്യപേപ്പര്‍ അപ്പടി ഫൈനല്‍ പരീക്ഷക്കുള്ള ചോദ്യാവലിയായി പകര്‍ത്തിവെക്കുന്ന കുത്തഴിഞ്ഞ രീതി ഒന്നിലേറെ തവണ ആവര്‍ത്തിക്കപ്പെടുകയാണ്. ഈ വര്‍ഷത്തെ മലയാളം പരീക്ഷയില്‍ ഇല്ലാത്ത പാഠഭാഗങ്ങളില്‍ നിന്ന് ചോദ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ഥികളെ ഞെട്ടിച്ച വിരുതന്മാര്‍ കണക്കുപരീക്ഷയില്‍ മോഡല്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് പരീക്ഷയെ പ്രഹസനമാക്കി മാറ്റുകയായിരുന്നു.
എസ് എസ് എല്‍ സി കണക്കുപരീക്ഷക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ ചുമതലപ്പെട്ട അധ്യാപകന്‍ ‘പുറംകരാര്‍’ നല്‍കിയതു മൂലമാണ് ഉപയോഗിച്ച ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ കാരണമെന്ന് പറയപ്പെടുന്നു. ഒരാള്‍ തയ്യാറാക്കുന്ന ചോദ്യങ്ങളില്‍ നിന്നുമാത്രം ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന രീതിയല്ലല്ലോ നമുക്കുണ്ടായിരുന്നത്. ഒരുകൂട്ടം ചോദ്യങ്ങളില്‍ നിന്ന് നാലു സെറ്റ് ചോദ്യപേപ്പറുകള്‍ ഓരോ വിഷയത്തിനും തയ്യാറാക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്.

സ്വകാര്യ ഏജന്‍സികളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ചോദ്യങ്ങള്‍ സ്വീകരിക്കുന്ന ഒരു ഏര്‍പ്പാടും ഉണ്ടായിരുന്നില്ല. പകരം പരീക്ഷയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ വ്യത്യസ്ത വിഷയ വിദഗ്ധരാണ് അതീവരഹസ്യമായി ചോദ്യങ്ങളുടെ മോഡല്‍ തയ്യാറാക്കി നല്‍കുന്നത്. അതെല്ലാം അട്ടിമറിക്കപ്പെട്ടിരിക്കുന്നു.
മലപ്പുറത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പരീക്ഷക്കു ചോദിച്ച അതേ ചോദ്യങ്ങള്‍ കോപ്പിയടിച്ചാണ് എസ് എസ് എല്‍ സിയുടെ ഫൈനല്‍ പരീക്ഷാ പേപ്പര്‍ തയ്യാറാക്കിയതെന്നതിനാല്‍ ഗുരുതരമായ ക്രമക്കേട് നടന്നു എന്ന് വ്യക്തമാണ്. എന്നാല്‍ സമാനമായ ചോദ്യങ്ങള്‍ മറ്റു നിരവധി സ്ഥാപനങ്ങളിലെ പരീക്ഷകളിലും ആവര്‍ത്തിച്ചതായി കാണപ്പെടുന്നു. അതിന്റെ അര്‍ഥം എന്താണ്? ചോദ്യപേപ്പര്‍ സപ്ലൈ ചെയ്യുന്ന ഒരു ലോബി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണിത്. മുന്‍കൂര്‍ ആയി, അത്തരമാളുകള്‍ ചോദ്യമോഡല്‍ തയ്യാറാക്കി വിവിധ സ്‌കൂളുകള്‍ക്ക് നല്‍കി കമ്മീഷന്‍ പറ്റുന്നു. പൊതു വിദ്യാഭ്യാസവകുപ്പിനും അത്തരം സ്വകാര്യ ലോബികളെ ആശ്രയിക്കാതെ ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ കഴിയാത്ത സാഹചര്യമാണോ നിലവിലുള്ളത്? പരീക്ഷാ ചോദ്യകര്‍ത്താക്കളുടെ പാനല്‍ എസ് സി ഇ ആര്‍ ടി തയ്യാറാക്കുമ്പോള്‍, അതില്‍ ഉള്‍പ്പെടുന്നവരുടെ പേരുകള്‍ അതീവ രഹസ്യമായി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. ബന്ധപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ പോലും അറിയാതെയാണ് ചോദ്യകര്‍ത്താക്കള്‍ ചോദ്യസെറ്റുകള്‍ തയ്യാറാക്കി വന്നിരുന്നത്.
എന്നാല്‍, ഇപ്പോള്‍ അധ്യാപക സംഘടനകള്‍ പരീക്ഷാ പേപ്പര്‍ തയ്യാറാക്കുന്നതിന് കരാര്‍ എടുത്തു തുടങ്ങിയതോടെ കാര്യങ്ങളില്‍ മാറ്റം വന്നു. അവര്‍ അവധാനതയില്ലാതെ ചോദ്യങ്ങള്‍ തയ്യാറാക്കുന്ന പ്രവണത വികസിച്ചുവന്നു. ഇപ്പോള്‍ പരീക്ഷാ ബോര്‍ഡിന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന റിട്ടയേര്‍ഡ് എ ഇ ഒ മുന്‍കാല കെ എസ് ടി എ നേതാവാണ്. അദ്ദേഹത്തിന്റെ താത്പര്യപ്രകാരമുള്ള ആളുകള്‍ പരീക്ഷാ ബോര്‍ഡില്‍ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു.

രാഷ്ട്രീയ – സംഘടനാ താത്പര്യങ്ങള്‍ അതിനാല്‍തന്നെ മുന്നില്‍ നില്‍ക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. അവരില്‍ പ്രമുഖാംഗമായ സുനില്‍കുമാറാണ് കണക്കുപരീക്ഷയുടെ ചോദ്യപേപ്പര്‍ നിരവധി സ്ഥാപനങ്ങള്‍ക്ക് തയ്യാറാക്കി വില്‍ക്കുന്ന ഒരാള്‍. നിവൃത്തിയില്ലാതെ, അദ്ദേഹത്തെ ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.
എന്നാല്‍, പ്രശ്‌നം ചോദ്യകര്‍ത്താക്കളും സ്വകാര്യ ട്യൂഷന്‍ സെന്റര്‍ ലോബികളും തമ്മിലുള്ള അവിഹിത ബന്ധങ്ങളാണ്. എസ് സി ഇ ആര്‍ ടി ചോദ്യകര്‍ത്താക്കളുടെ പാനല്‍ തയ്യാറാക്കുമ്പോള്‍ തന്നെ അതിലെ പേരുവിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കാന്‍ ആ സ്ഥാപനത്തില്‍ തന്നെ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രേ. അത്തരം ഏജന്‍സികളുമായി ഒത്തുകളിച്ചാണ്, വന്‍തുക കോഴവാങ്ങി, ചോദ്യപേപ്പര്‍ ലോബി എല്ലാ പരീക്ഷകള്‍ക്കും മുന്‍പേ ചോദ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നത്.

അതിനു കൂട്ടുനില്‍ക്കുന്ന പരീക്ഷാ ബോര്‍ഡിലെ അംഗങ്ങളാണ് യഥാര്‍ഥ പ്രതികള്‍. ഇപ്പോള്‍ സംസ്ഥാന പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ കെ ജി വാസു ഉള്‍പ്പടെയുള്ളവരാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. അദ്ദേഹത്തെ പരീക്ഷാ ജോലികളില്‍ നിന്നു മാറ്റി നിര്‍ത്തുമെന്നു മാത്രമേ വിദ്യാഭ്യാസവകുപ്പ് പറയുന്നുള്ളു. യഥാര്‍ഥത്തില്‍, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരെയല്ല പരീക്ഷാബോര്‍ഡിന്റെ തലപ്പത്ത് നിയോഗിക്കേണ്ടത്. പെന്‍ഷന്‍ പറ്റിയവര്‍ക്കെതിരെ ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ നടപടി പോലും സാധ്യമല്ലല്ലോ.
എസ് എസ് എല്‍ സിയില്‍ മാത്രമല്ല, ഇത്തവണത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളിലും ഇതേ കുത്തഴിഞ്ഞ രീതികള്‍ പല പ്രാവശ്യം ആവര്‍ത്തിക്കുകയുണ്ടായി. ആദ്യം കണക്കു പരീക്ഷയില്‍, പിന്നീട് ജ്യോഗ്രഫി, ഫിസിക്‌സ് പരീക്ഷകളിലും മോഡല്‍ പരീക്ഷാ ചോദ്യങ്ങള്‍ പകര്‍ത്തിവെച്ചതാണ് കണ്ടത്. 43 മാര്‍ക്കിന്റെ മോഡല്‍ പരീക്ഷാചോദ്യങ്ങള്‍, ഫൈനല്‍ പരീക്ഷയില്‍ എങ്ങനെ ആവര്‍ത്തിക്കപ്പെട്ടു എന്ന് അധ്യാപകര്‍ പോലും അത്ഭുതം കൂറുന്നു. പ്ലസ്ടു മോഡല്‍ പരീക്ഷാ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത് കാലങ്ങളായി അധ്യാപക സംഘടനകളാണ്. അതില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശം ശക്തമായി ഉയരുകയും അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കരിക്കുലം കമ്മിറ്റി യോഗം അങ്ങനെയൊരു തീരുമാനം കൈക്കൊള്ളുകയും ചെയ്തു.
എന്നാല്‍ മനഃപൂര്‍വ്വം തന്നെ കടുത്ത ചോദ്യങ്ങള്‍ ചോദിക്കുകയും സിലബസ് കട്ടിയാണ് എന്ന പ്രതീതീ ജനിപ്പിക്കുകയും പിന്നീട് അതിന്റെ പേരില്‍ നിലവിലുള്ള പാഠ-പഠന സമ്പ്രദായങ്ങള്‍ ഡി പി ഇ പിയിലേക്ക് മാറ്റുകയും ചെയ്യുക എന്ന ഗൂഢലക്ഷ്യങ്ങള്‍ പരീക്ഷയെ കുത്തഴിഞ്ഞതാക്കി മാറ്റുന്നതിന് പിന്നിലുണ്ട് എന്നു വേണം കരുതാന്‍. പരീക്ഷയുടെ വിശ്വാസ്യത തകര്‍ന്നാല്‍ അത് പൊതു വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത കെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് തിരിച്ചറിയണം. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ ഇപ്പോള്‍ ഒരു ഗൂഢസംഘം തീരുമാനിക്കുന്നതുപോലെ ആയിരിക്കുന്നു. സുതാര്യത അപ്രത്യക്ഷമായിരിക്കുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാഭ്യാസ സ്‌നേഹികളെ സംബന്ധിച്ചിടത്തോളം പുതിയ നീക്കങ്ങള്‍ ആശങ്ക ഉണര്‍ത്തിയിരിക്കുന്നു. പരീക്ഷാ കാര്യത്തില്‍ മാത്രമല്ല, മൊത്തം സമ്പ്രദായത്തിന്റെ അപചയത്തിലേക്ക് വിരല്‍ ചൂണ്ടുന്നു കുത്തഴിഞ്ഞ രീതികളുടെ ആവര്‍ത്തനങ്ങള്‍.

ഫൈനല്‍ പരീക്ഷയുടെ കാര്യത്തില്‍ കുറച്ചുകൂടി വിശ്വാസ യോഗ്യമായ രീതികളും സമ്പ്രദായങ്ങളും സ്വീകരിക്കാന്‍ എസ് സി ഇ ആര്‍ ടി തയ്യാറാകണം. ഭദ്രമായ പൊതുവിദ്യാഭ്യാസ രീതികള്‍ തിരിച്ചുകൊണ്ടുവരണം. അതല്ലെങ്കില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടക്കുമ്പോള്‍ തന്നെ പൊതു വിദ്യാലയങ്ങളുടെ ചിത ഒരുക്കേണ്ട സാഹചര്യവും വന്നു ചേരും.