Connect with us

Kerala

എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിവാദം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല സത്യാഗ്രഹ സമരത്തിന്‌

Published

|

Last Updated

തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹമിരിക്കും. ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ചെന്നിത്തലയുടെ സത്യാഗ്രഹ സമരം. എസ്എസ്എല്‍സി കണക്ക് ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സര്‍ക്കാരിന് കത്ത് നല്‍കി.

എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറില്‍ സ്വകാര്യ സ്ഥാപനം തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതാണ് വിവാദമായത്. മലപ്പുറത്തെ മെറിറ്റ് എന്ന സ്വകാര്യ ട്യൂഷന്‍സെന്ററിലെ മാതൃകാ ചോദ്യപേപ്പറാണ് കണക്ക് പരീക്ഷക്ക് ആവര്‍ത്തിച്ചത്. സംഭവത്തില്‍ ഒരു അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒരാളെ പരീക്ഷാ മൂല്യനിര്‍ണയത്തില്‍ നിന്ന് വിലക്കുകയും ചെയ്തു.

കണക്ക് പരീക്ഷാ വിവാദത്തിന് പിന്നാലെ പ്ലസ് വണ്‍ ജോഗ്രഫി പരീക്ഷയുടെ ചോദ്യപേപ്പറുമായി ബന്ധപ്പെട്ടും വിവാദമുയര്‍ന്നിരുന്നു. പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയില്‍ മോഡല്‍ പരീക്ഷാ പേപ്പര്‍ അതേ പടി ആവര്‍ത്തിക്കുകയായിരുന്നു. 43 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. വിവാദം ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അന്വേഷിക്കാനും വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചിരുന്നു.

മുന്‍കാലങ്ങളില്‍ എസ്ഇആര്‍ടിയില്‍ നിന്നുമാണ് ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ അധ്യാപകരെ വിദ്യാഭ്യാസ വകുപ്പ് ക്ഷണിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം സിപിഐഎം അനുകൂല സംഘടനയായ കെഎസ്ടിഎയില്‍ നിന്നുമുള്ള അധ്യാപകരാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. വിദ്യാഭ്യാസ വകുപ്പ് കുത്തഴിഞ്ഞു കിടക്കുകയാണെന്നും കെഎസ്ടിഎക്കാരാണ് വകുപ്പിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.