പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: March 27, 2017 11:51 pm | Last updated: March 27, 2017 at 11:51 pm

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മുഖ്യ പ്രതിയായ കാമുകന്‍ ഒളിവിലാണ്. പേപ്പാറ- മംഗലം കവല തോട്ടത്തില്‍ സുധീഷ്(29), എസ്‌കവേറ്റര്‍ ഡ്രൈവര്‍ വാഴത്തോപ്പ് ചെറുപറമ്പില്‍ ജിന്റോ ജയിംസ്(25), നെല്ലിപ്പുഴക്കവല ആനിച്ചുവട്ടില്‍ മനോജ്(23) എന്നിവരെയാണ് ഇടുക്കി സി ഐ സിബിച്ചന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

സ്‌നേഹം നടിച്ച് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ സഹപാഠിയായ കാമുകനാണ് ഒളിവില്‍ പോയത്. കഴിഞ്ഞ വ്യാഴാഴ്ച സ്‌കൂളില്‍ പോയ വിദ്യാര്‍ഥിനി വൈകിട്ട് തിരികെ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി സഹപാഠിയായ കാമുകനൊപ്പം മാങ്കുളത്ത് അടഞ്ഞുകിടന്ന ഒരു വീട്ടില്‍ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞു. പോലീസ് എത്തുന്നതറിഞ്ഞ് കാമുകന്‍ പെണ്‍കുട്ടിയെ തനിച്ചാക്കി മുങ്ങി. പെണ്‍കുട്ടിയെ സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മറ്റു മൂന്ന് പേരുടെയും പേരുകള്‍ പറഞ്ഞത്. പെണ്‍കുട്ടിയുടെ അമ്മ ഹോംനഴ്‌സാണ്. അതിനാല്‍ പിതാവിനോടൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. പെണ്‍കുട്ടിയെ ഇന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തേക്കും. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.