Connect with us

Gulf

ഖത്വര്‍ റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കിടത്തി ചികിത്സക്കു തുടക്കമായി

Published

|

Last Updated

ദോഹ: ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ മൂന്നു ആശുപത്രികള്‍ ഈ വര്‍ഷം തുറക്കുന്നതിന്റെ ഭാഗമായി ഖത്വര്‍ റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കിടത്തി ചികിത്സ ആരംഭിച്ചു. ഇന്നലെ റുമൈല ആശുപത്രിയില്‍ നിന്നുള്ള ആദ്യ രോഗിയെ ഇന്‍സ്റ്റിറ്റിയൂട്ട് സ്വീകരിച്ചു. ഔട്ട് പേഷ്യന്റ് വിഭാഗം നേരത്തേ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. പുനരധിവാസ സൗകര്യങ്ങള്‍ക്കു മാത്രമായി അത്യാധുനിക സംവിധാനങ്ങളോടെയുള്ള കേന്ദ്രമാണിത്.

പക്ഷാഘാതം, തലച്ചോറിനു ക്ഷതമേല്‍ക്കല്‍, നട്ടെല്ലിനു ക്ഷതമേല്‍ക്കല്‍ തുടങ്ങിയ അവസ്ഥകളില്‍ ചികിത്സ തേടുന്നവര്‍ക്കും മറ്റു പൊതുവായ രോഗങ്ങളെത്തുടര്‍ന്ന് തുടര്‍ പരിചരണം ആവശ്യമുള്ളവര്‍ക്കുമാണ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശനം ലഭിക്കുക. റുമൈല ഹോസ്പിറ്റലിലെ റീഹാബിലിറ്റേഷന്‍ സര്‍വീസ് ടീമാണ് ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് രോഗികളെ റഫര്‍ ചെയ്യുക. മേഖലയിലെ വലിയ പുനരധിവാസ ആശുപത്രിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേന്ദ്രത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

റുമൈല ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന പുരനധിവാസ ഒ പി വിഭാഗം കഴിഞ്ഞ ഡിസംബറിലാണ് ഇന്‍സ്റ്റിറ്റിയൂട്ടിലേക്കു മാറ്റിയത്. ഫിസിക്കല്‍ മെഡിസിന്‍, റീഹാബിലിറ്റേഷന്‍, സ്പീച്ച് തെറാപ്പി, അഡള്‍ട്ട് ഒക്യുപേഷനല്‍ തെറാപ്പി, അഡള്‍ട്ട് ന്യൂറോ സൈക്കോ തെറാപ്പി ക്ലിനിക്കുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ആശുപത്രി. ഘട്ടംഘട്ടമായി വിവിധ വിഭാഗങ്ങളും സൗകര്യങ്ങളും കൂട്ടിച്ചേര്‍ക്കും. രോഗികളെ കേന്ദ്രീകരിച്ചുള്ള പരിചരണ രീതി സ്വീകരിക്കുന്ന പുനരധിവാസ പ്രോഗ്രാം അനുസരിച്ചാണ് ഖത്വര്‍ റീഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സ്പീച്ച് തെറാപ്പിസ്റ്റുകള്‍, ഒക്യുപേഷനല്‍ തെറാപ്പിസ്റ്റുകള്‍, സൈക്കോ തെറാപ്പിസ്റ്റുകള്‍ തുടങ്ങിയവരുടെയെല്ലാം സേവനം ആശുപത്രിയിലുണ്ടാകും.
പൂര്‍ണമായും പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ രോഗികള്‍ക്ക് മികച്ച സേവനം ലഭിക്കുന്ന ആശുപത്രിയായിയിരിക്കും ഇതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. സാമൂഹിക സ്വഭാവത്തിലുള്ള ഒരു റീഹാബിലിറ്റേഷന്‍ സെന്ററാണ് അധികൃതരുടെ ലക്ഷ്യത്തിലുള്ളത്. രോഗികള്‍ക്ക് മികച്ച പരിചരണം നല്‍കി സുഖമായി തിരിച്ചു പോകുന്നതിനള്ള സൗകര്യമാണ് ഒരുക്കുന്നത്.