Connect with us

Kerala

ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെച്ചു

Published

|

Last Updated

കോഴിക്കോട്: ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെച്ചു. മന്ത്രിയുടെ പേരില്‍ അശ്ലീല സംഭാഷണം പുറത്തുവന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിതമായ രാജിപ്രഖ്യാപനം. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനാണ് രാജിയെന്നും ഇത് കുറ്റസമ്മതമല്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രി ഒരു സ്ത്രീയെ ഫോണില്‍ വിളിച്ച് അശ്ലീല ചുവയില്‍ സംസാരിച്ചുവെന്ന് ഒരു സ്വകാര്യ ചാനല്‍ നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് രാജി. സംഭാഷണത്തിന്റെ ശബ്ദരേഖ ചാനല്‍ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ വിളിച്ച് രാജിസന്നദ്ധത അറിയിക്കുകയും പിന്നാലെ രാജിവെക്കുകയുമായിരുന്നു.

വസ്തുനിഷ്ടമായ അന്വേഷണത്തിലൂടെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സാധിക്കുമെന്ന് എകെ ശശീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇക്കാര്യത്തിലെ ശരിതെറ്റുകള്‍ എല്ലാവരും മനസ്സിലാക്കണം. തന്റെ പേരില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന് പോലും തലകുനിക്കേണ്ട സാഹചര്യമുണ്ടാകില്ല. പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വിശ്വാസ്യത ഉറപ്പിക്കേണ്ടത് തന്റെ കടമയാണെന്നും ശരിതെറ്റുകളേക്കാള്‍ രാഷ്ട്രീയ ധാര്‍മികതക്കാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് എലത്തൂരിൽ നിന്ന് എൻസിപി പ്രതിനിധി ആയാണ് ശശീന്ദ്രൻ നിയമസഭയിൽ എത്തിയത്.

Latest