മദ്‌റസാ അധ്യാപകന്റെ കൊലപാതകം; ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്ന് യൂത്ത് ലീഗ്

Posted on: March 25, 2017 11:09 am | Last updated: March 25, 2017 at 10:10 am

കോഴിക്കോട്: കാസര്‍കോട്ട് മദ്‌റസാ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. പോലീസ് അന്വേഷണം തൃപ്തികരമായ രീതിയില്‍ അല്ല മുമ്പോട്ട് പോകുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. അതീവ ഗൗരവമുള്ള ഈ കൊലപാതകത്തെ ലഘൂകരിക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കാസര്‍കോടും പരിസരത്തും സംഘ്പരിവാര്‍ നടത്തുന്ന വിദ്വേഷ പ്രസംഗമാണോ അടിക്കടിയുള്ള കൊലപാതകള്‍ക്ക് കാരണമെന്ന് അന്വേഷണം നടത്തണം. ഇത്തരം പ്രസഗം നടത്തുന്നവര്‍ക്കെതിരെ പ്രേരണാ കുറ്റത്തിന് കേസെടുക്കാന്‍ പോലീസ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. കൊടിഞ്ഞി ഫൈസല്‍ കൊലപാതക കേസിലടക്കം പ്രതികള്‍ക്കെതിരെ കര്‍ശന നടപടി ചുമത്തുന്നതില്‍ പോലീസിന് വന്ന വീഴ്ചയാണ് വര്‍ഗീയ വാദികള്‍ക്ക് സഹായകമാകുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ ബാധ്യതയുള്ള ആഭ്യന്തര വകുപ്പിന് കൊടും കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് കൊടുക്കുന്ന കാര്യത്തില്‍ മാത്രമാണ് താത്പര്യമുള്ളൂവെന്ന് അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.