പാലാരിവട്ടം പീഡനം: മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തുന്നെന്ന് പെണ്‍കുട്ടി

Posted on: March 25, 2017 11:48 am | Last updated: March 25, 2017 at 9:49 am

കൊച്ചി: പാലാരിവട്ടം പീഡന കേസുമായി ബന്ധപ്പെട്ട് മൊഴി മാറ്റാന്‍ സൂത്രധാരന്‍ ഷൈന്‍ ഭീഷണിപ്പെടുത്തുന്നതായി സംഭവത്തില്‍ ഇരയായ പെണ്‍കുട്ടി. ഇതുവരെ കേസില്‍ പിടിയിലായത് മൂന്ന് പ്രതികള്‍ മാത്രമാണെന്നും ഷൈനിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും അവര്‍ ആരോപിക്കുന്നു. തനിക്കെതിരായ അതിക്രമങ്ങള്‍ക്ക് സഹോദരി ഭര്‍ത്താവും കൂട്ടുനിന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഷൈന്‍ തന്നെ ഭീഷണിപ്പെടുത്തിയത്. വീട്ടില്‍ വന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി മാറ്റിയില്ലെങ്കില്‍ കൊന്നുകളയുമെന്നാണ് പറഞ്ഞത്. 11 പേരാണ് തന്നെ പീഡിപ്പിച്ചത്. പാലാരിവട്ടത്തും മംഗലാപുരത്തും കൊണ്ടുപോയി പീഡനത്തിനിരയാക്കിയിരുന്നു. ഇക്കാര്യമെല്ലാം പുതിയ അന്വേഷണ സംഘത്തിനോട് പറഞ്ഞിട്ടുണ്ട്. ഭീഷണി കാരണം താമസിക്കുന്ന സ്ഥലത്തു നിന്ന് മാറാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. സീരിയല്‍ രംഗത്തെ പ്രമുഖന്‍ അടക്കം നിരവധി പേര്‍ മാസങ്ങളോളം പീഡിപ്പിച്ചെന്നാണ് യുവതി വെളിപ്പെടുത്തിയത്.

കഴിഞ്ഞ ഡിസംബര്‍ 23 നാണ് പ്രമുഖ സീരിയല്‍ നടന്‍ പീഡിപ്പിച്ചത്. സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടതിന് ശേഷം തന്നെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും യുവതി വെളിപ്പെടുത്തി. മാസങ്ങള്‍ക്ക് മുമ്പാണ് ജോലി നല്‍കാമെന്ന വാഗ്ദാനം നല്‍കി ഇടുക്കി സ്വദേശിനിയായ യുവതിയെ കൊച്ചി പാലാവട്ടത്തെ ഫഌറ്റില്‍ വെച്ച് പീഡനത്തിനിരയാക്കിയത്. കേസില്‍ അന്വേഷണത്തില്‍ വിഴ്ച വരുത്തിയതിന് പാലാരിവട്ടം നോര്‍ത്ത് സി ഐ സസ്‌പെന്‍ഡ് ചെയ്തിരുന്നു