Connect with us

International

വിസാ നടപടി കര്‍ശനമാക്കാന്‍ ട്രംപ് ഭരണകൂടം

Published

|

Last Updated

വാഷിംഗ്ണ്‍: വിസ അനുവദിക്കുമ്പോള്‍ അധിക പരിശോധനകള്‍ ആവശ്യമായ ഗ്രൂപ്പുകളെ കണ്ടെത്താനും വിസാ നടപടികള്‍ കര്‍ക്കശമാക്കാനും ട്രംപ് ഭരണകൂടം തങ്ങളുടെ മുഴുവന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കി. ടൂറിസ്റ്റ്, ബിസിനസ് എന്നിവയടക്കമുള്ള അമേരിക്കന്‍ വിസകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ അവരുടെ ജോലി, കഴിഞ്ഞ 15 വര്‍ഷമായി താമസിക്കുന്ന സ്ഥലം, അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉപയോഗിച്ച മുഴുവന്‍
ഫോണ്‍ നമ്പറുകള്‍ എന്നിവയടക്കമുള്ള മുഴുവന്‍ രേഖകളും ശേഖരിക്കാന്‍ നിര്‍ദേശിച്ചതായി സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു.

ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ട്രംപ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ മാര്‍ച്ച് ആറിന് ശേഷമാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങളിലും മറ്റ് അക്രമപ്രവര്‍ത്തനങ്ങളിലും പെട്ടവരോ അല്ലങ്കില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നവരോ രാജ്യത്തേക്ക് പ്രവേശിക്കാതിരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിര്‍ദേശമെന്ന് മാര്‍ച്ച് 15ന് അയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്. വിദേശ പൗരന്‍മാര്‍ക്കുള്ള വിസാ നടപടികള്‍ കര്‍ക്കശമാക്കാനുള്ള നിര്‍ദേശം ഇന്ത്യക്കാരെ ദോഷകരമായി ബാധിക്കുമോയെന്ന കാര്യം വ്യക്തമായിട്ടില്ല. വിസാ അപേക്ഷകനോട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉപയോഗിച്ച ഫോണ്‍ നമ്പറുകള്‍, ഇ മെയിലുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷകന്‍ നല്‍കേണ്ടതുണ്ട്. വിസ നല്‍കാനായി ദിവസവും നടത്തുന്ന അഭിമുഖങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

Latest