റിയാസ് മൗലവി വധത്തിനു പിന്നില്‍ ബി ജെ പി ഗൂഡാലോചന: എ അബ്ദുറഹ്മാന്‍

Posted on: March 24, 2017 10:30 pm | Last updated: March 24, 2017 at 9:55 pm
റിയാസ് മൗലവി

കാസര്‍കോട്: പഴയ ചൂരി മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഇമാം റിയാസ് മൗലവിയെ പള്ളിക്കകത്ത് കയറി മൃഗീയമായി കൊലപ്പെടുത്തിയ കൊടും ക്രിമിനലുകളെ ജാഗ്രതയോടെയുള്ള അന്വേഷണം വഴിപിടികൂടിയ പോലീസ് സംഘത്തെ അഭിനന്ദിക്കുകയാണെന്ന് എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍റഹ്മാന്‍ പറഞ്ഞു.

റിയാസ് മൗലവി മരിച്ച് കിടക്കുന്നത് കണ്ടപ്പോള്‍ തന്നെ കുറ്റകൃത്യം നടത്തിയത് പരിശീലനം നേടിയ ക്രിമിനലുകളാണെന്ന് എല്ലാവരും മനസ്സിലാക്കിയിരുന്നു.
കാസര്‍കോടിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാനും അതുവഴി ശക്തമായ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള ബി ജെ പി യുടെ ഗൂഡാലോചനയുടെ ഫലമായാണ് പള്ളിയില്‍ കയറി അരുംകൊല ചെയ്യാന്‍ പാര്‍ട്ടി ഗുണ്ടാസംഘത്തിന് ധൈര്യം ലഭിച്ചത്.
കഴിഞ്ഞ കാലങ്ങളില്‍ കാസര്‍കോടും പരിസര പ്രദേശങ്ങളിലും നടന്ന സാമുദായിക കൊലപാതക കേസ്സുകളില്‍ ബി ജെ പി നേതൃത്വം സ്വീകരിച്ച നിലപാട് എല്ലാവര്‍ക്കമറിയാവുന്നതാണ്. ഓരോ കൊലപാതകങ്ങള്‍ നടക്കുമ്പോഴും പാര്‍ട്ടിക്ക് അതില്‍ പങ്കില്ലെന്ന് ആണയിട്ട് പറയുകയും ചെയ്യുന്ന ബിജെപി നേതാക്കള്‍ കേസ്സുകളില്‍ പാര്‍ട്ടി ഗുണ്ടാസംഘങ്ങള്‍ പ്രതികളാവുമ്പോള്‍ മൗനം പാലിക്കുകയുമാണ്. കേസുകള്‍ വിചാരണക്ക് വരുമ്പോള്‍ ബിജെപി ദേശീയ നേതാക്കളടക്കമുള്ള വക്കീലമാരാണ് കഞ്ഞിക്ക് വകയില്ലാത്ത പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ വരുന്നതെന്നും അബ്ദുര്‍റഹ്മാന്‍ കുറ്റപ്പെടുത്തി.