Connect with us

Gulf

ഗോവയില്‍ ബി ജെ പി അധികാരത്തിലേറിയത് കോണ്‍ഗ്രസിന്റെ വീഴ്ചയല്ലെന്ന് നേതാക്കള്‍

Published

|

Last Updated

ബാബു ജോര്‍ജും അഡ്വ. മാത്യു കുഴല്‍നാടനും
വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ദോഹ: ഗോവയില്‍ സര്‍ക്കാറുണ്ടാക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും രാഷ്ട്രീയ മൂല്യങ്ങള്‍ ബലി കൊടുത്തു കൊണ്ട് സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയാറാകാതിരുന്നതാണ് ബി ജെ പി അധികാരത്തിലേറാനിടയാക്കിയതെന്നും പത്തനം തിട്ട ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി അഡ്വ. മാത്യു കുഴല്‍നാടനും പറഞ്ഞു. ഇന്‍കാസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയില്‍ സംബന്ധിക്കാനെത്തിയ ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ഇന്ത്യയില്‍ അടിത്തറയുള്ള ജാനാധിപത്യ പ്രസ്ഥാനം കോണ്‍ഗ്രസാണ്. പാര്‍ട്ടിയുടെ അണികള്‍ക്കോ നേതാക്കള്‍ക്കോ ഒരു കുറവും സംഭവിച്ചിട്ടില്ല. തിരഞ്ഞെടുപ്പുകളിലെ ജയവും തോല്‍വിയും സാധാരണമാണ്. രാഹുല്‍ ഗാന്ധി കഠിനാധ്വാനിയും ശക്തനുമായ നേതാവാണ്. ഇതു കാലം തെളിയിക്കും. ഗോവയില്‍ കുതിരക്കച്ചവടത്തിനു തയാറാകാത്തതു കൊണ്ടാണ് കോണ്‍ഗ്രസ് പഴി കേള്‍ക്കേണ്ടി വരുന്നത്. എന്നാല്‍ ബീഹാറില്‍ മഹാസഖ്യത്തിനു നേതൃത്വം കൊടുത്തതിലൂടെ ബി ജെ പിയെ തറ പറ്റിച്ചതില്‍ ആരും അഭിനന്ദനം പറയുന്നില്ല.

ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പു ഫലം എല്ലാവരുടെയും കണ്ണു തുറപ്പിക്കുന്നതാണ്. വര്‍ഗീയ രാഷ്ട്രീയം ശക്തിപ്പെട്ടിട്ടും ഇടതുപക്ഷ പാര്‍ട്ടികള്‍ യു പിയിലുള്‍പ്പെടെ സ്വീകരിച്ച നിലപാടുകള്‍ നിരാശാജനകമാണ്. സംഘ്പരിവാര്‍ ശക്തികള്‍ രാജ്യത്തെ എങ്ങോട്ടു കൊണ്ടുപോകുന്നുവെന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് യു പി മുഖ്യമന്ത്രി. തീവ്രഹിന്ദുത്വ നിലപാടുള്ളവരെ രംഗത്തു കൊണ്ടു വരുന്ന നിലപാടാണ് ബി ജെ പി പുലര്‍ത്തുന്നത്.

അതേസമയം, കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്ത വിധമാണ് ഇടതുഭരണം മുന്നോട്ടു പോകുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിച്ചു. ആറന്മുളയിലെ വിമാനത്താവളം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അട്ടിമറിക്കുകയാണെന്ന് ബാബു ജോര്‍ജ് ആരോപിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍കാസ് ജില്ലാ ഭാരവാഹികളായ കുരുവിള ജോണ്‍, മനോജ് കൂടല്‍, തോമസ് കണ്ണങ്കര, ഷാജി തേന്‍മഠം എന്നിവരും പങ്കെടുത്തു.

 

Latest