രാജ്യത്തേക്കുള്ള പഴം പച്ചക്കറി ഇറക്കുമതി ഈ വര്‍ഷം 12 ശതമാനം ഉയരും

Posted on: March 24, 2017 8:07 pm | Last updated: March 24, 2017 at 8:07 pm

ദോഹ: രാജ്യത്ത് പഴം പച്ചക്കറി ഉത്പന്നങ്ങളുടെ ആവശ്യം വര്‍ധിക്കുന്നു. ആഭ്യന്തര ഉത്പാദനം ഉയരുമ്പോഴും ഈ വര്‍ഷം 12 ശതമാനം കൂടുതല്‍ ഇറക്കുമതി വേണ്ടി വരുമെന്നാണ് കണക്ക്. ഇന്ത്യ, പാക്കിസ്ഥന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ ഇറക്കുമതിയുണ്ടാകുകയെന്ന് അല്‍ ശര്‍ഖ് അറബി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെ ജനസംഖ്യയിലും താമസക്കാരിലും വന്ന ഉയര്‍ച്ചയാണ് പച്ചക്കറി ആവശ്യത്തിലും പ്രതിഫലിക്കുന്നത്.

അതേസമയം രാജ്യത്ത് പച്ചക്കറി വില കുറഞ്ഞിട്ടുണ്ട്. എങ്കിലും ഇറക്കുമതി ഉയരും. രാജ്യത്തേക്ക് ആവശ്യമായ പച്ചക്കറി വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള തയാറെടുപ്പിലാണ് റീട്ടെയില്‍ വ്യാപാരികള്‍. ഇന്ത്യ, പാക്കിസ്ഥാന്‍ കൂടാതെ ഫിലിപ്പൈന്‍സ്, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതിയുണ്ട്. ഖത്വറിലെ വ്യാപാര സ്ഥാപനങ്ങളും വിദേശ രാജ്യങ്ങളിലെ കയറ്റുമതി വ്യാപാരികളും തമ്മില്‍ കരാര്‍ ഉറപ്പിക്കലുകള്‍ നടന്നു വരികയാണ്. ഖത്വരി മാര്‍ക്കറ്റില്‍ അസര്‍ബൈജാന്‍ പഴം പച്ചക്കറി ഉത്പന്നങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്. ജ്യൂസുകള്‍, തേന്‍, തേയില, മിനറല്‍ വാട്ടര്‍ എന്നിവയും പച്ചക്കറികള്‍ക്കു പുറമേ അസര്‍ബൈജാനില്‍നിന്നും കൊണ്ടു വരുന്നു. കഴിഞ്ഞ മാസം അസര്‍ബൈജാനില്‍നിന്നുള്ള വിദഗ്ധര്‍ ദോഹയിലെത്തി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് ഇറക്കുമതിക്ക് വഴിയൊരുങ്ങിയത്.

ഇറക്കുമതിക്കു പുറമേ പഴങ്ങളുടെയും പച്ചക്കറികളുടെയും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും
ഖത്വര്‍ ബഹുമുഖ പദ്ധതികള്‍ ആവിഷികരിക്കുന്നുണ്ട്. ഈ രംഗത്ത് സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുല്‍ ഉത്പാദനം സാധ്യമാക്കുന്നതിനുമാണ് പദ്ധതികള്‍. യൂറോപ്പ്, ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള സംരംഭകരില്‍ നിന്നും നിക്ഷേപ കരാറുണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിലൂടെ പഴം പച്ചക്കറി ഉത്പന്നങ്ങളുടെ ഇറക്കുമതി 70 ശതമാനത്തോളം കുറച്ചു കൊണ്ടു വരാനാണ് ഖത്വറിന്റെ ശ്രമം. ഈ രംഗത്ത് സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി സാങ്കേതിക വിദ്യകളുടെ സഹായവും സര്‍ക്കാര്‍ ഉപയോഗിക്കുന്നു. ഭക്ഷ്യ സുരക്ഷാ നയത്തിന്റെ ഭാഗമായാണ് ഉത്പാദനം ഉയര്‍ത്തുന്നത്.

ജി സി സി റിപ്പോര്‍ട്ട് അനുസരിച്ച് ശരാശി പച്ചക്കറി ഉപയോഗം 2019 ആകുമ്പോഴേക്കും 51.9 ദശലക്ഷം മെട്രിക് ടണ്‍ ആകും. ഗള്‍ഫ് രാജ്യങ്ങളിലെ ജനസംഖ്യാ വര്‍ധനത്തോതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.