Connect with us

Kasargod

മദ്രസ അധ്യാപകന്റെ കൊലപാതകം: പ്രതികള്‍ റിമാന്‍ഡില്‍

Published

|

Last Updated

കാസര്‍കോട്: ചൂരിയില്‍ മദ്രസ അധ്യാപകന്‍ റിയാസ് മുസ്ലിയാരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബിജെപി – ആർഎസ്എസ് പ്രവർത്തകരെ കോടതി റിമാന്‍ഡ് ചെയ്തു. കാസര്‍കോട് കേളുഗുഡെ സ്വദേശികളായ അഖില്‍ എന്ന അഖിലേഷ്, അപ്പു എന്ന അജേഷ്, നിധിന്‍ എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) റിമാന്‍ഡ് ചെയ്തത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

കാഞ്ഞങ്ങാട് സബ്ജയിലിലാണ് പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മുഖംമൂടി ധരിപ്പിച്ചാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. സാമുദായിക സ്പര്‍ധ വളര്‍ത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് കുറ്റപ്പത്രത്തില്‍ പറയുന്നു.

ഈ മാസം മാര്‍ച്ച് 21നാണ് കേസിനാസ്പദമായ സംഭവം. കുടക് എരുമാട് സ്വദേശിയും ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്‌റസ അധ്യാപകനുമായ റിയാസ് മുസ്ലിയാരെ(34) പഴയ ചൂരി മുഹിയുദ്ദീന്‍ ജുമാമസ്ജിദില്‍ കയറി പ്രതികള്‍് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പളളിയോട് ചേര്‍ന്നുളള മുറിയിലാണ് റിയാസ് മൗലവി കിടന്ന് ഉറങ്ങിയിരുന്നത്. സമീപത്തെ മുറിയില്‍ പളളി ഖത്തീബാണ് താമസിക്കുന്നതും. അര്‍ദ്ധ രാത്രി ശബ്ദം കേട്ടെത്തിയ ഖത്തീബ് മുറി തുറന്നപ്പോള്‍ കല്ലേറ് ഉണ്ടായി. തുടര്‍ന്ന് ഖത്തീബ് മൈക്കിലൂടെ അപകടം സംഭവിച്ച കാര്യം നാട്ടുകാരെ അറിയിച്ചു. നാട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് കഴുത്തറുത്ത നിലയില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന റിയാസ് മൗലവിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Latest