നെല്‍കൃഷി നാശം 30,000 ഹെക്ടറില്‍

Posted on: March 24, 2017 10:30 am | Last updated: March 24, 2017 at 12:08 am

തിരുവനന്തപുരം: വരള്‍ച്ച കാരണം ഇതുവരെ മുപ്പതിനായിരം ഹെക്ടര്‍ സ്ഥലത്ത് നെല്‍ കൃഷി നശിച്ചെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. പാലക്കാടാണ് നാശനഷ്ടം കൂടുതല്‍. 26,000 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിയാണ് പാലക്കാട് നശിച്ചത്. കൂടാതെ വെള്ളമില്ലാത്തതിനാല്‍ പതിനായിരം ഹെക്ടറോളം സ്ഥലത്ത് കൃഷി ഇറക്കാനും സാധിച്ചില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൃഷിനാശം സംഭവിച്ചതില്‍ രണ്ടാം സ്ഥാനത്ത് തൃശൂര്‍ ജില്ലയാണ്.

നിലവില്‍ ലഭ്യമായറിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷം മുന്നൂറ് കോടിയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. കൃത്യമായ കണക്കെടുപ്പ് നടത്തുമ്പോള്‍ നാശനഷ്ടത്തിന്റെ കണക്ക് ഇനിയും വര്‍ധിക്കുമെന്നും മന്ത്രി പറഞ്ഞു. വരള്‍ച്ചയുടെ അനന്തരഫലമായി സംസ്ഥാനത്തെ നെല്ലുത്പാദനത്തില്‍ ഒരു ലക്ഷത്തിലധികം മെട്രിക് ടണ്ണിന്റെ കുറവ് വരുമെന്നാണ് കണക്കാക്കുന്നത്. ഈ വര്‍ഷം 15,000 ഏക്കറോളം സ്ഥലത്ത് പുതുതായികൃഷി ആരംഭിക്കാന്‍ സാധിച്ചുവെങ്കിലും ഈ കുറവ് പരിഹരിക്കാന്‍ സാധിക്കില്ല.
നെല്ലുവില യഥാസമയം ലഭ്യമാകാത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. ഇതിന് പരിഹരാമെന്നോണം ബേങ്കുകളുമായി സഹകരിച്ച് ഉടന്‍ പണം നല്‍കുന്നതിന് തീരുമാനമായിട്ടുണ്ടെന്നും കൃഷിമന്ത്രി പറഞ്ഞു. നെല്ല് സംഭരിക്കുമ്പോള്‍ ലഭ്യമാകുന്ന പി ആര്‍ എസ് രസീത് ബേങ്കില്‍ കാണിച്ചാല്‍ ഒരാഴ്ചക്കകം കര്‍ഷകര്‍ക്ക് പണം ലഭ്യമാകും. ഈ തുക ബേങ്കുകള്‍ക്ക് നല്‍കുന്നതിന് കാലതാമസം നേരിട്ടാല്‍ പലിശ നല്‍കുന്ന കാര്യത്തിലും കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. അടുത്ത സീസണ് മുമ്പ് തന്നെ ഇത് പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൃഷി വകുപ്പിന് ലഭ്യമാകുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ യഥാസമയം ലഭ്യമാക്കുന്നതിന് ഡല്‍ഹിയില്‍ രണ്ട് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. വരള്‍ച്ചയും കേന്ദ്ര വിഹിതങ്ങളില്‍ വന്ന കുറവു കാരണമുണ്ടായ കര്‍ഷകരുടെ ദുരിതം നേരിട്ടറിയിക്കാന്‍ കൃഷി, റവന്യൂ മന്ത്രിമാര്‍ ഈ മാസം 28ന് കേന്ദ്ര മന്ത്രിമാരെ സന്ദര്‍ശിക്കുമെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു.