തീവ്ര നിലപാടുകാരനാണെങ്കില്‍ എ കെ ബാലന് തനിക്കെതിരെ നടപടിയെടുക്കാം: കുമ്മനം

Posted on: March 24, 2017 1:02 am | Last updated: March 24, 2017 at 12:03 am

കോഴിക്കോട്: തീവ്രനിലപാട് സ്വീകരിക്കുന്ന ആളാണ് താനെങ്കില്‍ മന്ത്രി എ കെ ബാലന് തനിക്കെതിരെ നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. തനിക്ക് അയിത്തം കല്‍പിച്ചിട്ടുണ്ടെങ്കില്‍ സി പി എമ്മിന് രാഷ്ട്രീയ രംഗത്ത് സംഭവിച്ച അപചയമാണ് കാണിക്കുന്നതെന്ന് കുമ്മനം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ജനാധിപത്യ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ് താന്‍. അവാര്‍ഡ് ഞാന്‍ ചോദിച്ചു വാങ്ങിയതല്ല.അവാര്‍ഡ് തനിക്ക് നല്‍കണമെന്ന് പറഞ്ഞ് പിന്നാലെ പോയിട്ടില്ല. മന്ത്രി ബാലനോ അല്ലെങ്കില്‍ മറ്റേതെങ്കിലും ആളോ അവാര്‍ഡ് നല്‍കണമെന്ന് പറഞ്ഞിട്ടില്ല. അതൊക്കെ സംഘാടകരുടെ കാര്യമാണ്. എനിക്ക് അതുമായി ബന്ധമില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പൊതു പ്രവര്‍ത്തകനാണ് താന്‍. ഇതിന് മുമ്പ് സി പി എം നേതാക്കളുമായി താന്‍ വേദി പങ്കിട്ടിട്ടുണ്ട്. ആറന്‍മുളയില്‍ വി എസ് അച്യുതാനന്ദനും എം എ ബേബിയും തന്നോടൊപ്പം വേദി പങ്കിട്ടിട്ടുണ്ട്. ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്.

സി പി എം കണ്ണൂരില്‍ പട്ടിക ജാതിക്കാരനോട് അയിത്തം കാട്ടി. ഇത് രാഷ്ട്രീയത്തിലേക്കും കൊണ്ടുവരാനാണ് അവരുടെ ശ്രമമെന്നും കുമ്മനം പറഞ്ഞു.