സ്വാശ്രയ മാനേജ്‌മെന്റ് നടപടികള്‍ക്ക് മൂക്കുകയറിടണം: വി എസ്

Posted on: March 24, 2017 6:45 am | Last updated: March 24, 2017 at 12:02 am

തിരുവനന്തപുരം: വിദ്യാഭ്യാസരംഗത്ത് സ്വാശ്രയ മാനേജുമെന്റുകള്‍ നടത്തുന്ന നടപടികള്‍ക്ക് മൂക്കുകയര്‍ ഇടണമെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. അല്ലെങ്കില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ പലതും ഓര്‍മയായി മാറുന്ന സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യൂനിവേഴ്‌സിറ്റി കോളജ് ശതോത്തര സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാശ്രയ മേഖലയുടെ പോരായ്മകള്‍ നിയന്ത്രിക്കാന്‍ പ്രാഥമിക ബാധ്യത സര്‍ക്കാറിന് തന്നെയാണ്. അതു സര്‍ക്കാര്‍ നിര്‍വഹിക്കുകയും ചെയ്യും. എന്നാല്‍ ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്കും, പൊതു സമൂഹത്തിനുമുള്ള ബാധ്യതയും ചെറുതല്ല. കാരണം.
താന്‍ മനസ്സിലാക്കിയിടത്തോളം, സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ 20 ശതമാനത്തില്‍ താഴെ മാത്രമാണ് യഥാസമയം പാസ്സായി പുറത്തു വരുന്നത്. ബാക്കി 80 ശതമാനവും നാല് വര്‍ഷത്തിന്റെ സ്ഥാനത്ത,് ഏഴും, എട്ടും വര്‍ഷം കഴിഞ്ഞാണ് എന്‍ജിനീയറിംഗ് ബിരുദം കഷ്ടിച്ചെടുക്കുന്നത്. ഇങ്ങിനെയുള്ളവര്‍ ഏതു തരത്തിലാണ് നമ്മുടെ എന്‍ജിനീയറിംഗ് മേഖലയെ സമ്പന്നമാക്കുന്നതെന്നും വി എസ് ചോദിച്ചു. നാം ആലോചിക്കേണ്ട കാര്യമാണ്. ഏതാണ്ട് സമാനമായ രീതി തന്നെയാണ് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ കാര്യത്തിലും ഉള്ളത്.

അഞ്ച് വര്‍ഷം കൊണ്ട് എടുക്കേണ്ട എം ബി ബി എസ് ബിരുദം എട്ടും, പത്തും വര്‍ഷവും കഴിഞ്ഞ് എടുക്കുന്ന ഒരാളുടെ ചികിത്സ ഏതു തരത്തിലായിരിക്കും എന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ. അതുകൊണ്ട്, മക്കളെ എല്ലാവരെയും എന്‍ജിനീയറും, ഡോക്ടറും ആക്കണമെന്ന ദുര്‍വാശിയില്‍ നിന്ന് രക്ഷിതാക്കള്‍ വിട്ടു നില്‍ക്കാന്‍ തയ്യാറാകണം വി എസ്്് പറഞ്ഞു.