Connect with us

National

യു പിയില്‍ അധ്യാപകര്‍ക്ക് ജീന്‍സ് വിലക്ക്

Published

|

Last Updated

ലക്‌നോ: ജീന്‍സും ടി-ഷര്‍ട്ടും ധരിച്ച് അധ്യാപകര്‍ സ്‌കൂളില്‍ വരരുതെന്ന് ഉത്തര്‍ പ്രദേശില്‍ നിര്‍ദേശം കര്‍ശനമാക്കുന്നു. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ക്കാണ് ഈ നിര്‍ദേശം ഇപ്പോള്‍ ബാധകമാകുകയെന്ന് ലക്‌നോ ജില്ലാ വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ ഉമേഷ് ത്രിപാഠി പറഞ്ഞു. ജോലിയുടെ അന്തസ്സ് നിലനിര്‍ത്തുന്ന വേഷമായിരിക്കണം ധരിക്കേണ്ടത്. അധ്യാപരുടെ വേഷം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത വൃത്തങ്ങളുമായി കൂടിയാലോചനകള്‍ നടത്തിയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ ഏറ്റവും ആദരണീയരായ വിഭാഗമാണ് അധ്യാപകര്‍. ജോലിസമയത്ത് അധ്യാപകര്‍ മൊബൈല്‍ ഫോണുകളില്‍ സംസാരിക്കരുത്. സ്‌കൂള്‍ പരിസരം ശുചിയാക്കി വെക്കണം. സ്‌കൂള്‍ ചുവരുകളില്‍ പാന്‍ മസാലക്കറ ഇല്ലെന്ന് ഉറപ്പുവരുത്തണം. അധ്യയനം തുടങ്ങും മുമ്പ് എല്ലാ സ്‌കൂളുകളിലും പ്രാര്‍ഥന നിര്‍ബന്ധമാക്കണം. സ്‌കൂളില്‍ അധ്യാപകരുടെ കൈവശം പാന്‍ മസാലയോ പുകയിലയോ സിഗരറ്റോ ഉണ്ടാകരുത്. അത്തരം ഉത്പന്നങ്ങള്‍ സ്‌കൂള്‍ പരിസരത്ത് വില്‍ക്കുന്നില്ലെന്നും ഉറപ്പുവരുത്തണം. അങ്ങനെയുണ്ടെങ്കില്‍ അധികൃതരെ അറിയിച്ച് ഷോപ്പുകള്‍ അടപ്പിക്കണം. വിദ്യാര്‍ഥികള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള പീഡനമുണ്ടായാല്‍ ഉന്നത അധികൃതരെയും സമീപത്തെ പോലീസ് സ്റ്റേഷനിലും അറിയിക്കണമെന്നും അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്‌കൂളുകളില്‍ ജീന്‍സ് ധരിച്ച് വരരുതെന്ന് ഹരിയാനയിലെ ബി ജെ പി സര്‍ക്കാറും കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു.