ടി.പി വധക്കേസിലെ പ്രതികള്‍ പുറത്തിറങ്ങിയാല്‍ മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ സത്യാഗ്രഹം നടത്തും: കെ.കെ രമ

Posted on: March 23, 2017 8:45 pm | Last updated: March 24, 2017 at 2:08 pm

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ വിട്ടയക്കാനുളള തീരുമാനം നീചമായ കൊലയ്ക്കുളള പ്രത്യുപകാരമാണെന്ന് ആര്‍എംപി നേതാവ് കെ.കെ രമ. ടിപി കേസിലെ അടക്കമുളള പ്രതികളെ വിട്ടയക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അവര്‍ പറഞ്ഞു. ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കും ഒപ്പമാണ് പിണറായിയുടെ സര്‍ക്കാരെന്ന് തെളിഞ്ഞിരിക്കുകയാണ്. ക്രിമിനലുകളെ പുറത്തിറക്കിയാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് മുന്നില്‍ സത്യാഗ്രഹം നടത്തുമെന്നും അവര്‍ പറഞ്ഞു.

ശിക്ഷായിളവിനുളള പട്ടികയില്‍ വിവാദകേസിലെ പ്രതികളും ഉള്‍പ്പെട്ടിട്ടുളളത് അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യാതൊരു കാരണവശാലും ഈ തീരുമാനം അംഗീകരിക്കില്ല. വളരെ കര്‍ക്കശമായി യുഡിഎഫ് സര്‍ക്കാര്‍ കൈകാര്യം ചെയ്തതാണിത്. ഇത്തരത്തില്‍ ക്രൂരന്‍മാരായ പ്രതികളെ പുറത്തുവിടാനുളള ശുപാര്‍ശ ഒരു കമ്മിറ്റിയും ഒരിക്കലും നല്‍കിയിട്ടില്ല. യുഡിഎഫ് ഒറ്റക്കെട്ടായി ഇതിനെ എതിര്‍ക്കും. ഗവര്‍ണറെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.