Connect with us

Eranakulam

അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കാത്ത പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

കൊച്ചി: വനിതാ ഡോക്ടറുടെ ഫേസ് ബുക്ക്, ഗൂഗിള്‍ ഹാംഗ്ഔട്ട് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് മാനഹാനി ഉണ്ടാക്കുന്ന രീതിയില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ച അഭിഭാഷകര്‍ക്കെതിരെ യഥാസമയം നടപടിയെടുക്കാതിരുന്ന പോലീസ് ഉദേ്യാഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. വിദ്യാസമ്പന്നയായ ഒരു വനിതയുടെ പാസ് വേഡ് ഉള്ള ഫേസ് ബുക്ക് ഐ ഡി ഹാക്ക് ചെയ്‌തെന്ന ആരോപണത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാതിരുന്ന പോലീസ് ഉദേ്യാഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്ന് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

എറണാകുളം മണിട് സ്വദേശിയായ വനിതാ ഡോക്ടര്‍ ഫയല്‍ ചെയ്ത ഹരജിയിലാണ് ഉത്തരവ്. പരാതിക്കാരിയുടെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത രണ്ട് അഭിഭാഷകര്‍ പരാതിക്കാരിയുടേതെന്ന വ്യാജേന അവരുടെ ഫേസ്ബുക്ക് വഴി മോശപ്പെട്ട സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ച് മാനഹാനി വരുത്തിയെന്നാണ് പരാതി. പ്രതികള്‍ അഭിഭാഷകരായത് കാരണം പോലീസിന് നടപടിയെടുക്കാന്‍ ഭയമുണ്ടെന്നും പരാതിയില്‍ പറയുന്നു. 2014 ഒക്‌ടോബര്‍ 31 നാണ് പരാതിക്കാരി ആദ്യം പിറവം പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പോലീസ് നടപടി സ്വീകരിച്ചില്ല. തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കമ്മീഷന്‍ ഇടപെട്ടതോടെ 2016 ജൂലൈയില്‍ വിവരസാങ്കേതികവിദ്യ നിയമ പ്രകാരം പ്രതികള്‍ക്കെതിരെ പിറവം പോലീസ് കേസെടുത്തു.
പ്രതികള്‍ രണ്ട് അഭിഭാഷകരാണെന്ന് പരാതിക്കാരി പറഞ്ഞിട്ടുണ്ടെങ്കിലും അതില്‍ ഒരാളെ കുറിച്ച് മാത്രമാണ് കുറ്റപത്രത്തില്‍ പരാമര്‍ശമുള്ളതെന്നും കമ്മീഷന്‍ കണ്ടെത്തി.

 

Latest