തീവ്രവാദം: ആറ് ലക്ഷം അക്കൗണ്ടുകള്‍ ട്വിറ്റര്‍ പൂട്ടി

Posted on: March 23, 2017 9:48 am | Last updated: March 22, 2017 at 11:49 pm

വാഷിംഗ്ടണ്‍: തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ച ആറ് ലക്ഷത്തിലധികം അക്കൗണ്ടുകള്‍ പൂട്ടിച്ചതായി ട്വിറ്റര്‍. 2015ന്റെ പകുതി മുതല്‍ ഇതുവരെ 6,36,248 അക്കൗണ്ടുകള്‍ ട്വിറ്റര്‍ പൂട്ടിപ്പിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. 3,76,890 അക്കൗണ്ടുകള്‍ കഴിഞ്ഞ വര്‍ഷം അവസാന ആറ് മാസത്തിനിടെ പൂട്ടിയിട്ടുണ്ടെന്ന് ട്വിറ്റര്‍ പറഞ്ഞു. തീവ്രവാദം പ്രചരിപ്പിക്കുന്നതിനും അക്രമികളെ റിക്രൂട്ട് ചെയ്യുന്നതിനും തീവ്രവാദികള്‍ വ്യാപകമായി ട്വിറ്റര്‍ ഉപയോഗിച്ചതായി കമ്പനിക്ക് ബോധ്യപ്പെട്ടെന്നും ഇതേതുടര്‍ന്നാണ് നടപടിയെന്നുമാണ് വിശദീകരണം.

എന്നാല്‍ ഇതേകുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചില അക്കൗണ്ടുകള്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കമ്പനിക്ക് പരാതി ലഭിച്ചിരുന്നതായും ഇതേതുടന്നാണ് തങ്ങള്‍ പരിശോധന നടത്തിയതെന്നും ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.