പട്ടിക വിഭാഗങ്ങള്‍ക്ക് നല്‍കിയ കോളജുകളെ സാങ്കേതികത്വത്തില്‍ കുടുക്കരുത്: ഉമ്മന്‍ ചാണ്ടി

Posted on: March 23, 2017 8:38 am | Last updated: March 22, 2017 at 11:39 pm

തിരുവനന്തപുരം: കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ പട്ടിക വിഭാഗങ്ങള്‍ക്ക് നല്‍കിയ കോളജുകളെ സാങ്കേതികത്വത്തില്‍ കുടുക്കി അവയുടെ അനുമതി നിഷേധിക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെ പി സി സി മുന്‍ ജനറല്‍ സ്രെകട്ടറി ജി ഭുവനേശ്വരന്‍ അനുസ്മരണ സമ്മേളനം ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് പട്ടികജാതി വിഭാഗത്തിന് മൂന്ന് എയ്ഡഡ് കോളജുകള്‍ അനുവദിച്ചിരുന്നു. ഇത് യാദൃച്ഛിക തീരുമാനമായിരുന്നില്ല. അവരോടുള്ള പ്രതിജ്ഞാബദ്ധത കൊണ്ടാണ് കോളജുകള്‍ അനുവദിച്ചത്.

കഴിഞ്ഞ സര്‍ക്കാറിന്റെ പല തീരുമാനങ്ങളുടെയും നടപ്പാക്കല്‍ നിലവിലെ സര്‍ക്കാര്‍ മരവിപ്പിച്ചു. ഈ തീരുമാനവും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജനസംഖ്യയിലെ പത്ത് ശതമാനം വരുന്നവരുടെ കുറവുകള്‍ നികത്താനാണ് ഇതനുവദിച്ച് നല്‍കിയത്.

അനുവദിച്ച കോളജുകള്‍ സംബന്ധിച്ചുള്ള തീരുമാനമെടുക്കാന്‍ ഇനിയും വൈകരുതെന്നും അത് അവര്‍ക്ക് നല്‍കണമെന്നും അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കെ പി സി സി ഉപാധ്യക്ഷന്‍ എം എം ഹസന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, മണ്‍വിള രാധാകൃഷ്ണന്‍, സെക്രട്ടറി മണക്കാട് സുരേഷ്, ഡി സി സി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.