സമവായ നിര്‍ദേശം ഉയര്‍ത്തുന്ന ആശങ്കകള്‍

Posted on: March 23, 2017 6:31 am | Last updated: March 22, 2017 at 11:33 pm
SHARE

ഒരു വസ്തുവിന്റെ ഉടമാവകാശത്തെക്കുറിച്ചു തര്‍ക്കമുദിച്ചാല്‍ യഥാര്‍ഥ അവകാശി ആരെന്ന് സത്യസന്ധമായ അന്വേഷണത്തിലൂടെ കണ്ടെത്തി അവര്‍ക്ക് ഏല്‍പ്പിക്കുകയാണ് നീതിന്യായ സ്ഥാപനങ്ങള്‍ ചെയ്യേണ്ടത്. അതാണ് ശരിയായ വഴി. അല്ലാതെ വസ്തു രണ്ട് വിഭാഗത്തിനുമായി പങ്ക് വെക്കാനുള്ള ഒരു ഒത്തുതീര്‍പ്പിലേക്ക് നീങ്ങുകയല്ല.

ഇരുവിഭാഗങ്ങള്‍ തര്‍ക്കത്തിലിരിക്കുന്ന അയോധ്യ ഭൂമി പ്രശ്‌നത്തിലും നീതിപീഠങ്ങള്‍ അവലംബിക്കേണ്ടത് ഇതേ വഴിയാണ്. കാല്‍നൂറ്റാണ്ടിലേറെയായി പ്രശ്‌നം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. നേരത്തെ പ്രസ്തുത ഭൂമിയില്‍ നിലനിന്നിരുന്നത് മസ്ജിദായിരുന്നുവെന്നത് നിസ്തര്‍ക്കിതമാണ്. നൂറ്റാണ്ടുകളോളം മുസ്‌ലിംകള്‍ അതില്‍ ആരാധനകള്‍ നടത്തിയിരുന്നുവെന്നത് അറിയപ്പെട്ടതുമാണ്. മതേതര ഇന്ത്യയുടെ ആത്മാവിന് മുറിവേല്‍പ്പിച്ചും രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചുമാണ് 1992 ഡിസംബര്‍ ആറിന് സംഘ്പരിവാര്‍ ശക്തികള്‍ പള്ളി തകര്‍ത്തതെന്ന് കോടതി നിയോഗിച്ച ലിബര്‍ഹാന്‍ കമ്മീഷന്‍ ഒന്നര പതിറ്റാണ്ടോളം നീണ്ട അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയതുമാണ്. ഈ അനിഷേധ്യമായ വസ്തുതകള്‍ ആധാരമാക്കി അയോധ്യ പ്രശ്‌നത്തില്‍ ഒരു തീര്‍പ്പ് കല്‍പ്പിക്കുന്നതിന് പകരം സമവായ ചര്‍ച്ചയിലേക്ക് നീങ്ങാനുള്ള സുപ്രീം കോടതിയുടെ നിര്‍ദേശത്തിന്റെ പ്രചോദനവും താത്പര്യവുമെന്താണ്?
ആശങ്കയോടെയാണ് മുസ്‌ലിം ഇന്ത്യ പരമോന്നത കോടതിയുടെ ഒത്തു തീര്‍പ്പ് നിര്‍ദേശത്തെ കാണുന്നത്. നേരത്തെ അലഹാബാദ് കോടതിയില്‍ നിന്നുണ്ടായ വിധിപ്രസ്താവത്തിന്റെ പശ്ചാത്തലത്തില്‍ വിശേഷിച്ചും.
അയോധ്യ ഭൂമി അതിന്റെ യഥാര്‍ഥ അവകാശികളായ സുന്നി വഖ്ഫ് ബോര്‍ഡിനും രാമവിഗ്രഹത്തിന്മേല്‍ അവകാശ വാദം ഉന്നയിക്കുന്ന രാം ലല്ലക്കും ഹൈന്ദവ സന്യാസി സമൂഹമായ നിര്‍മോഹി അകാരക്കും തുല്യമായി വീതിക്കാനായിരുന്നു അലഹാബാദ് കോടതിയുടെ 2010ലെ ഉത്തരവ്. ഫലത്തില്‍ ഈ തീരുമാനമനുസരിച്ചു യഥാര്‍ഥ അവകാശികള്‍ക്ക് ഭൂമിയുടെ മൂന്നില്‍ ഒരു ഭാഗവും മറുവിഭാഗത്തിന് രണ്ട് ഭാഗവും ലഭ്യമാകും. അപഹരിക്കപ്പെട്ട സ്വത്ത് ഉടമസ്ഥര്‍ക്കൊപ്പം കൊള്ളക്കാര്‍ക്കും നല്‍കണമെന്ന വിചിത്രമായ ഉത്തരവ് നീതിന്യായ ചരിത്രത്തില്‍ അതുവരെ കേട്ടുകേള്‍വിയില്ലാത്തതാണ്.

സുപ്രീം കോടതി അഭിപ്രായപ്പെട്ടത് പോലെ പ്രശ്‌നം കോടതിക്ക് പുറത്തുള്ള ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് വെച്ചാല്‍ ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ അതില്‍ ആര് മേല്‍കൈ നേടുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
കേന്ദ്രത്തിന്റെ ചുക്കാന്‍ തീവ്രഹിന്ദുത്വത്തിന്റെ വക്താവായ നരേന്ദ്ര മോദിയുടെ കൈകളിലാണ്. യു പിയില്‍ ബി ജെ പി മൂന്നില്‍ രണ്ട് ഭൂരിപക്ഷം കരസ്ഥമാക്കി അധികാരത്തിലേറിയെന്ന് മാത്രമല്ല, ഭരണ തലപ്പത്ത് അവര്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് മോദിയേക്കാള്‍ തീവ്രമായ ഹിന്ദുത്വ നിലപാട് പുലര്‍ത്തുന്ന യോഗി ആദിത്യനാഥിനെയാണ്. പള്ളി പൊളിച്ച സ്ഥലത്ത് ക്ഷേത്രം പണിയണമെന്നത് വിശ്വഹിന്ദു പരിഷത്ത് വര്‍ഷങ്ങളായി ഉന്നയിച്ചു വരുന്നതാണ്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും സന്നദ്ധമല്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ എസ് എസ് പിന്തുണയും ഇതിനുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലൊക്കെ ബി ജെ പിയും ഈ നിലപാടിനെ പിന്താങ്ങുകയും ഹിന്ദുത്വ വോട്ടുകളുടെ ധ്രുവീകരണത്തിനുള്ള മാര്‍ഗമായി ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മസ്ജിദ് എവിടെ വേണമെങ്കിലും നിര്‍മിക്കാം. നിസ്‌കാരം എവിടെയും നിര്‍വഹിക്കാം. എന്നാല്‍, ‘രാമജന്മഭൂമി’ എന്ന് സംഘ്പരിവാര്‍ അവകാശവാദമുന്നയിക്കുന്ന അയോധ്യഭൂമി രാമക്ഷേത്രത്തിനുള്ളതാണ.് അത് ക്ഷേത്രം നിര്‍മിക്കാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി കോടതിയില്‍ വാദിച്ചത്. ഈ ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ കോടതിക്ക് പുറത്തു നടക്കുന്ന സമവായ ചര്‍ച്ചകളില്‍ നീതിപൂര്‍വകമായ ഒരു ഒത്തുതീര്‍പ്പ് എങ്ങനെ പ്രതീക്ഷിക്കാനാകും. കേന്ദ്രത്തിലെയും യു പിയിലെയും ഭരണസ്വാധീനം സമവായ തീരുമാനം ഹിന്ദുത്വ ശക്തികള്‍ക്കനുകൂലമാക്കാന്‍ ഉപയോഗപ്പെടുത്തുമെന്നുറപ്പാണ്. ഇതെല്ലാം മുന്നില്‍ കണ്ടായിരിക്കണമല്ലോ സമവായ നിര്‍ദേശത്തെ ബി ജെ പി സര്‍വാത്മനാ സ്വാഗതം ചെയ്തത്. ചീഫ് ജസ്റ്റിസിന്റെ സമവായ നിര്‍ദേശവും ഈ രാഷ്ട്രീയ പശ്ചാത്തലവും തമ്മില്‍ ബന്ധമില്ലെന്ന് നാം എങ്ങനെയാണ് വിശ്വസിക്കുക ?

മുസ്‌ലിംകള്‍ക്ക് ആരാധനാലയങ്ങളിന്മേലുള്ള അവകാശവാദം കേവലം വൈകാരികമല്ല. മതം അവര്‍ക്ക് ഏതാനും പൂജകളിലും മന്ത്രങ്ങളിലും ഒതുങ്ങുന്നതുമല്ല, ജീവിതത്തെ മുച്ചൂടും ചൂഴ്ന്നു നില്‍ക്കുന്നതാണ്. വഖ്ഫ് സ്വത്തുക്കളെക്കുറിച്ചുമുണ്ട് ഇസ്‌ലാമിന് വ്യക്തവും ഖണ്ഡിതവുമായ നയങ്ങള്‍. പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്ത സ്ഥലം പിന്നീട് മറ്റൊന്നിനും വിട്ടുകൊടുക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ആ വിഷയത്തില്‍ സമവായം മുസ്‌ലിംകള്‍ക്ക് സ്വീകാര്യവുമല്ല. സമവായ നിര്‍ദേശം നിരാകരിച്ചാല്‍ സമാധാന ശ്രമങ്ങള്‍ക്ക് നേരെ മുഖം തിരിക്കുന്നവരെന്ന വിമര്‍ശത്തിന് സമുദായം വിധേയമായെന്ന് വരാം. എങ്കിലും വിമര്‍ശം ഭയന്ന് തങ്ങളുടെ ജീവല്‍ പ്രശ്‌നമായ മതത്തെ വലിച്ചെറിയാനോ, വഖ്ഫ് സ്ഥലം വിട്ടുകൊടുക്കാനോ അവര്‍ക്കാകുമോ?

ആധികാരിക രേഖകളെയും ചരിത്ര സത്യങ്ങളെയും അടിസ്ഥാനമാക്കിയുള്ള സുന്നി വഖ്ഫ് ബോര്‍ഡിന്റെയും കേവല ഐതിഹ്യങ്ങളെ അവലംബമാക്കിയുള്ള രാം ലല്ലയുടെയും വാദങ്ങളെ തുലനം ചെയ്തുള്ള നീതിപൂര്‍വമായ ഒരു കോടതി തീരുമാനമാണ് ഇക്കാര്യത്തില്‍ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here