Gulf
അബുദാബിയില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഏകീകൃത സംവിധാനം

അബുദാബി: തലസ്ഥാന എമിറേറ്റില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് ഏകൃത സംവിധാനം ഏര്‍പെടുത്തിയതായി അബുദാബി വിനോദസഞ്ചാര-സാംസ്‌കാരിക അതോറിറ്റി (ടി സി എ) പ്രഖ്യാപിച്ചു. ഈ മാസം അഞ്ചിനാണ് സംവിധാനം ആരംഭിച്ചതെന്നും ഇപ്പോള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാണെന്നും അധികൃതര്‍ പറഞ്ഞു. സംവിധാനം തുടങ്ങിയതു മുതല്‍ 625ലധികം പരിപാടികള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. വ്യവസായ പ്രദര്‍ശനങ്ങള്‍, വ്യവസായ സമ്മേളനങ്ങള്‍, കോര്‍പറേറ്റ് യോഗങ്ങള്‍ തുടങ്ങിയവയും രജിസ്റ്റര്‍ ചെയ്യപ്പെട്ടതില്‍ ഉള്‍പെടും. എട്ട് മതപരിപാടികള്‍, അഞ്ച് കായിക പരിപാടികള്‍, രണ്ട് സാംസ്‌കാരിക-വിനോദ പരിപാടികള്‍ എന്നിവയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ സാധാരണഗതിയില്‍ രണ്ട് ദിവസം കൊണ്ട് ലൈസന്‍സ് അനുവദിക്കും. എന്നാല്‍, പ്രഭാഷണ പരിപാടികളാണെങ്കില്‍ അഞ്ച് ദിവസമെടുക്കും. പുതിയ സംരംഭം എമിറേറ്റിലെ പരിപാടി നടത്തിപ്പുകള്‍ക്ക് പുതിയ ആകര്‍ഷണം നല്‍കുമെന്ന് ടി സി എ അബുദാബി ഡയറക്ടര്‍ ജനറല്‍ സൈഫ് സഈദ് ഗോബാഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വേദി നിര്‍മിക്കുന്നവര്‍, പരിപാടിയുടെ സംഘാടകര്‍, നടത്തിപ്പുകാര്‍, പ്രദര്‍ശന കേന്ദ്രങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ ഉള്‍പെടെ അബുദാബിയിലെ എല്ലാ വേദികളും സംവിധാനത്തിന് കീഴില്‍ കൊണ്ടുവന്നിട്ടുണ്ട്. വിനോദസഞ്ചാര നിക്ഷേപ മേഖലകള്‍, ഫ്രീസോണുകള്‍, സമ്മേളനങ്ങള്‍, സിമ്പോസിയങ്ങള്‍, വിനോദ, കായിക, കലാ സാംസ്‌കാരിക, വിദ്യാഭ്യാസ, വിനാദസഞ്ചാര, ആരോഗ്യ, വ്യവസായ പരിപാടികളൊക്കെ സംവിധാനം വഴി ലൈസന്‍സ് നേടേണ്ടതാണ്. പരിപാടികള്‍ക്ക് അനുമതി നല്‍കേണ്ടുന്ന 22 സര്‍ക്കാര്‍ വകുപ്പുകളിലനിന്നുള്ള അനുമതി ഒരൊറ്റ സംവിധാനത്തിന് കീഴില്‍നിന്ന് ലഭിക്കുമെന്നതിനാല്‍ അബുദാബിയില്‍ ഇനി പരിപാടികള്‍ സംഘടിപ്പപിക്കാന്‍ എളുപ്പമായിരിക്കുമെന്നും സൈഫ് സഈദ് ഗോബാഷ് പറഞ്ഞു.
ഏതു തരം പരിപാടികള്‍ക്കും അനുമതി വാങ്ങിയിരിക്കേണ്ട അഞ്ച് മുഖ്യ സര്‍ക്കാര്‍ വകുപ്പുകളും പരിപാടികളുടെ പ്രത്യേകതകള്‍ക്ക് അനുസരിച്ച് അനുമതിക്ക് അപേക്ഷിക്കേണ്ടുന്ന 17 വകുപ്പുകളമാണ് ഇവ.
അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സ്വീകരിച്ചുവരുന്ന മികച്ച നടപടികളിലൊന്നാണ് പുതിയ സംവിധാനമെന്ന് ടി സി എ അബുദാബി ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ ആല്‍ ദാഹിരി അഭിപ്രായപ്പെട്ടു. സന്ദര്‍ശകരെയും നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് സഹായകരമാകും. പരിപാടികളുടെ സംഘാടനത്തില്‍ സ്വകാര്യ മേഖലക്കും പൊതു മേഖലക്കും ഇടയില്‍ യോജിച്ച പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നല്ല രീതിയില്‍ നടത്താനും സഹായകരമാകുമെന്നും സുല്‍ത്താന്‍ അല്‍ ദാഹിരി പറഞ്ഞു.
പരിപാടിക്ക് അനുമതി ലഭിച്ച ശേഷം ടിക്കറ് വില്‍പന പ്രോത്സാഹിപ്പിക്കാനുള്ള ഇലക്‌ട്രോണിക് ടിക്കറ്റ് സേവനവും സംവിധാനത്തിലൂടെ ലഭ്യമാകും. AbudhabiEvents.ae വെബ്‌സൈറ്റിലൂടെ പരിപാടികള്‍ക്ക് പ്രചാരണം നല്‍കാനും സംഘാടകര്‍ക്ക് സാധിക്കും. സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫീസ് ഘടന ക്രമേണ പ്രാബല്യത്തിലാവും.
അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്‌റ എന്നിവിടങ്ങളിലെ വേദികളുടെ ശേഷിയും പ്രത്യേകതകളും ഉള്‍പെടുത്തിയുള്ള വിശദാംശം സംവിധാനത്തില്‍ ലഭ്യമാവും പരിപാടിയുടെ അജണ്ട, തിയതി, സംഘാടകര്‍ക്ക് അനുവദിച്ച വേദി എന്നിവയും ലഭ്യമാകും.