Connect with us

Gulf

ഇസ്‌ലാമിക ലോകത്തെ ഏറ്റവും വലിയ വിജ്ഞാനകോശം ഖത്വറില്‍ ഒരുങ്ങുന്നു

Published

|

Last Updated

ദോഹ: ഇസ്‌ലാമിക ലോകത്തെ ഏറ്റവും വലിയ ശാസ്ത്രീയ വിജ്ഞാനകോശം ഖത്വര്‍ യൂനിവേഴ്‌സിറ്റിയില്‍ ഒരുങ്ങുന്നു. ഓക്‌സിഡെന്റലിസം (പാശ്ചാത്യം) എന്ന പേരിലുള്ള വിജ്ഞാനകോശം ഖത്വര്‍ യൂനിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് ശരീഅ ആന്‍ഡ് ഇസ്‌ലാമിക് സ്റ്റഡീസ് ആണ് തയ്യാറാക്കുന്നത്. പശ്ചാത്യ ലോകവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിജ്ഞാനകോശം തയ്യാറാക്കുന്നതിന് ശാസ്ത്രം, സാമൂഹികം, രാഷ്ട്രീയം, മതം, മനഃശാസ്ത്രം, ഡെവലപ്‌മെന്റല്‍ ഫീല്‍ഡ്‌സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ആയിരം ഗവേഷകര്‍ പങ്കെടുക്കും.
പശ്ചാത്യലോകവും അതിന്റെ സാമൂഹിക, ബൗദ്ധിത ഘടനയും ഉള്‍പ്പെട്ട എല്ലാ വിഷയങ്ങളും സംബന്ധിച്ച് ഭാവി തലമുറകള്‍ക്ക് വലിയൊരു ശാസ്ത്രീയ ഉറവിടം നല്‍കുകയാണ് വിജ്ഞാനകോശം കൊണ്ട് ലക്ഷ്യമിടുന്നത്.

അഭൂതപൂര്‍വവമായ ഈ വിജ്ഞാനകോശത്തില്‍ ഇസ്‌ലാമിക്, എജുക്കേഷനല്‍, സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷ (ഇസെസ്‌കോ)ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നിരവധി യൂനിവേഴ്‌സിറ്റികള്‍, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍, ഖത്വര്‍ യൂനിവേഴ്‌സിറ്റി തുടങ്ങിയവ പങ്കാളികളാകുമെന്ന് കോളജ് ഓഫ് ശരീഅ ആന്‍ഡ് ഇസ്‌ലാമിക് സ്റ്റഡീസ് ഡീന്‍ യൂസഫ് അല്‍ സുദൈകി പറഞ്ഞു. അന്താരാഷ്ട്ര ബന്ധം മെച്ചപ്പെടുത്താനും പടിഞ്ഞാറും ഇസ്‌ലാമിക ലോകവും തമ്മില്‍ സന്തുലിത ബന്ധം സ്ഥാപിക്കാനും ഇതിലൂടെ സാധിക്കും. ഓക്‌സിഡന്റലിസത്തെ സംബന്ധിച്ച് ഹദാര ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തിയ ശില്പശാലയില്‍ നിന്നാണ് വിജ്ഞാനകോശ ആശയം ഉടലെടുത്തത്. നാഗരികതകളുടെ സഹകരണം, സാംസ്‌കാരിക ഉദ്ഗ്രഥനം അടക്കമുള്ള മേഖലകളില്‍ അന്താരാഷ്ട്രതലത്തില്‍ ഖത്വര്‍ വഹിക്കുന്ന വലിയ പങ്കിനെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ സംരംഭമെന്ന് ഖത്വര്‍ യൂനിവേഴ്‌സിറ്റിയിലെ സാംസ്‌കാരിക സഹകരണം ഇസെസ്‌കോ ചെയറും വിജ്ഞാനകോശത്തിന്റെ എക്‌സിക്യൂട്ടീവ് മാനേജറുമായ ഇസ്സുദ്ദീന്‍ മാമിശ് പറഞ്ഞു. പടിഞ്ഞാറന്‍ ലോകത്തെ ശാസ്ത്രീയ രീതിയില്‍ മനസ്സിലാക്കുകയാണ് ലക്ഷ്യം.

ഓറിയന്റലിസമെന്ന ആശയം മുന്നോട്ട് വെച്ച പടിഞ്ഞാറ് ചെയ്തതിനോട് സാമ്യമുള്ളതാണ് ഇത്. ഇസ്‌ലാമിക ലോകത്തെ മനസ്സിലാക്കാന്‍ നിരവധി വിജ്ഞാനകോശങ്ങല്‍ പാശ്ചാത്യര്‍ നിര്‍മിച്ചിട്ടുണ്ട്. പടിഞ്ഞാറിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മാര്‍ച്ച് അവസാനം ഇസെസ്‌കോ ആസ്ഥാനമായ റാബതില്‍ ശില്പശാല സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് ശേഷം അല്‍ ഫുര്‍ഖാന്‍ ഇസ്‌ലാമിക് ഹെറിറ്റേജ് ഫൗണ്ടേഷനുമായി സഹകരിച്ച് ദോഹയില്‍ ശില്പശാല പരമ്പരകള്‍ തന്നെ നടക്കും.

Latest