ഖത്വര്‍ എയര്‍വേയ്‌സിന്റെ വിമാനക്കമ്പനി: എയര്‍ ഇന്ത്യ എതിര്‍ക്കില്ല

Posted on: March 22, 2017 7:46 pm | Last updated: March 22, 2017 at 7:46 pm
SHARE
അശ്വനി ലൊഹാനി

ദോഹ: പൂര്‍ണതോതിലുള്ള ആഭ്യന്തര വിമാനക്കമ്പനി ഇന്ത്യയില്‍ തുടങ്ങാനുള്ള ഖത്വര്‍ എയര്‍വേയ്‌സിന്റെ ശ്രമം എയര്‍ ഇന്ത്യ എതിര്‍ക്കില്ല.
ഇക്കാര്യത്തില്‍ തടസ്സവാദമുന്നയിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളേണ്ടതെന്നും എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശ്വനി ലൊഹാനി ലൈവ് മിന്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്ര സര്‍ക്കാറാണ്. അതില്‍ വിമാനക്കമ്പനിക്ക് പങ്കില്ല. തങ്ങള്‍ എതിര്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കുമെന്ന ഖത്വര്‍ എയര്‍വേയ്‌സ് പ്രഖ്യാപനം വന്നതിനു പിറകേ തടസ്സവാദങ്ങളുമായി ഇന്ത്യന്‍ വിമാന കമ്പനികളുടെ കൂട്ടായ്മ രംഗത്തെത്തിയിരുന്നു. ഖത്വര്‍ എയര്‍വേയ്‌സ് പ്രഖ്യാപനം വന്നയുടന്‍ തന്നെ സ്വകാര്യ വിമാന കമ്പനികളും സംഘടനയും ഖത്വര്‍ എയര്‍വേയ്‌സ് പദ്ധതി തടയുന്നതിനായി നീക്കങ്ങളാരംഭിച്ചിരുന്നു.

വിഷയം കോടതിയുടെ മുന്നില്‍ കൊണ്ടു വരുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് (എഫി ഐ എ) പ്രതിനിധി അറിയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 100 നാരോ വിമാനങ്ങളുമായി ആഭ്യന്തര സര്‍വീസ് ആരംഭിക്കാനാണ് ആലോചിക്കുന്നതെന്ന് ഈ മാസമാദ്യം ബര്‍ലിനില്‍ നടത്തി വാര്‍ത്താ സമ്മേളനത്തില്‍ ഖത്വര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞത്.

ഇന്ത്യന്‍ വിമാനങ്ങളില്‍ നിക്ഷേപം നടത്തുകയോ സ്വന്തം ആഭ്യന്തര സര്‍വീസ് ആരംഭിക്കുകയോ ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഖത്വര്‍ എയര്‍വേയ്‌സിനോട് ആവശ്യപ്പെട്ടതിനു പിറകേയായിരുന്നു പ്രഖ്യാപനം.