ഖത്വര്‍ മോട്ടോര്‍ ഷോ ഏപ്രില്‍ 18 മുതല്‍

Posted on: March 22, 2017 7:37 pm | Last updated: March 22, 2017 at 7:37 pm

ദോഹ: റോഡുകളിലെ രാജവാഹനങ്ങളുടെ വിസ്മയ പ്രദര്‍ശനമൊരുക്കുന്ന ഖത്വര്‍ മോട്ടോര്‍ ഷോ ഏപ്രില്‍ 18 മുതല്‍ 22 വരെ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഡ്രൈവിംഗ് ടു ഇന്നൊവേഷന്‍ എന്ന സന്ദേശത്തിലാണ് ഈ വര്‍ഷത്തെ വാഹന പ്രദര്‍ശനം.
മോട്ടോര്‍ വാനഹന രംഗത്തെ പ്രധാന പ്രദര്‍ശനമനമായി മാറിയ ഖത്വര്‍ മോട്ടോര്‍ ഷോ മേഖലയിയിലെ മോട്ടോര്‍ വ്യവസായ രംഹത്ത് നിര്‍ണായക സ്ഥാനം വഹിക്കുന്നതായും മോട്ടോര്‍ ഷോയുടെ ഏഴാം പതിപ്പില്‍ കൂടുതല്‍ പ്രദര്‍ശകരും സന്ദര്‍ശകരുമെത്തുമെന്നും സംഘാടകരായ ഖത്വര്‍ ടൂറിസം അതോറിറ്റി എക്‌സിബിഷന്‍ ഡയറക്ടര്‍ അഹ്മദ് അല്‍ ഉബൈദലി പറഞ്ഞു. രാജ്യത്തേയും രാജ്യാന്തര തലത്തിലെയും മോട്ടോര്‍ വാഹന വ്യവസായ രംഗത്ത് ഉണര്‍വുണ്ടാക്കുന്നതാണ് പ്രദര്‍ശനം. ബ്രാന്‍ഡ് ഓണര്‍മാരെയും പ്രാദേശിക റീട്ടെയില്‍ ഡീലര്‍മാരെയും ഒരുപോലെ പങ്കെടുപ്പിച്ചാണ് പ്രദര്‍ശനം.

ലോകത്തെ വാഹന മേഖലയിലെ ഏറ്റവും പുതിയ പ്രവണതകള്‍ മനസ്സിലാക്കാനും പുതിയ വാഹനങ്ങളും സൗകര്യങ്ങളും അടുത്തറിയാനും പ്രദര്‍ശനം വഴിയൊരുക്കും. മുന്‍ വര്‍ഷങ്ങളിലെ പ്രദര്‍ശനങ്ങളില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍ പരിഗണിച്ച് വരുത്തുന്ന പരിഷ്‌കാരങ്ങളോടെയാകും ഈ വര്‍ഷത്തെ പ്രദര്‍ശനം. രാജ്യത്തെ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയുമായി സഹകരിച്ചാണ് തയാറെടുപ്പുകള്‍ നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വാഹനങ്ങളുടെ ഇന്റര്‍നാഷനല്‍ ലോഞ്ചിംഗും മോട്ടോര്‍ ഷോയില്‍ വെച്ചു നടക്കും. പുത്തന്‍ വാഹനങ്ങുടെ മേഖലയിലെ ആദ്യ പ്രദര്‍ശനവും ഷോയുടെ സവിശേഷതയാകും.