ആഭ്യന്തര മന്ത്രിയാകാന്‍ പിടിവലി; യു പി മുഖ്യമന്ത്രി ഡല്‍ഹിയില്‍

Posted on: March 22, 2017 8:45 am | Last updated: March 22, 2017 at 1:11 am
ഡല്‍ഹിയിലെത്തിയ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു

ലക്്‌നോ: വന്‍ ഭൂരിപക്ഷത്തില്‍ യു പിയില്‍ അധികാരത്തില്‍ വന്നതിന് പിറകേ മന്ത്രി സ്ഥാനങ്ങള്‍ നിശ്ചയിക്കുന്നതില്‍ ബി ജെ പിയില്‍ തര്‍ക്കം. ആഭ്യന്തര മന്ത്രിയടക്കമുള്ള സ്ഥാനങ്ങളിലേക്ക് തര്‍ക്കം രൂക്ഷമായതോടെ പരിഹാരത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി ചര്‍ച്ച നടത്തി.

സംസ്ഥാനത്തെ ക്രമസമാധാനനില നേരെയാക്കാന്‍ ആഭ്യന്തര വകുപ്പ് തന്റെ കൈയില്‍ തന്നെയിരിക്കണമെന്നാണ് യോഗി വ്യക്തമാക്കിയത്. എന്നാല്‍, സുപ്രധാനമായ ഈ വകുപ്പില്‍ ഉപമുഖ്യമന്ത്രിയും ബി ജെ പി സംസ്ഥാന അധ്യക്ഷനുമായ കേശവ് പ്രസാദ് മൗര്യക്കും താത്പര്യമുണ്ട്. ഇക്കാര്യം അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്.
ഒ ബി സി വിഭാഗത്തില്‍ നിന്നുള്ള മൗര്യയെ മുഖ്യമന്ത്രിയാക്കണമെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതിനായി തെരുവില്‍ പ്രകടനം വരെ നടന്നു. പക്ഷേ, അദ്ദേഹത്തെ വെട്ടി തീവ്ര ഹുന്ദുത്വ ലക്ഷ്യത്തിനായി യോഗിയെ നിയോഗിക്കുകയായിരുന്നു. അനുനയിപ്പിക്കാന്‍ ഉപമുഖ്യമന്ത്രി പദവി നല്‍കുകയും ചെയ്തു. ഇതിലുള്ള അതൃപ്തി പലയിടങ്ങളില്‍ പുകയുന്നതിനിടെയാണ് ആഭ്യന്തരത്തില്‍ തര്‍ക്കം തുടങ്ങിയിരിക്കുന്നത്. തര്‍ക്കം കൈവിട്ട് പോകുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. അതുകൊണ്ട് അന്തിമ തീരുമാനം ഡല്‍ഹിയില്‍ കൈകൊള്ളുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരിക്കുകയാണ്.

ധനമന്ത്രി സ്ഥാനത്തെച്ചൊല്ലിയും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മറ്റൊരു ഉപമുഖ്യമന്ത്രിയും ലക്‌നോ മുന്‍ മേയറുമായ ദിനേഷ് ശര്‍മ ധനമന്ത്രി കുപ്പായം തുന്നിയിരിപ്പാണ്. എന്നാല്‍, പാര്‍ട്ടിക്ക് ഇതില്‍ താത്പര്യക്കുറവുണ്ട്. അതിനിടെ, വിദ്യാഭ്യാസവും ആരോഗ്യവും കൂടി സ്വന്തം കീഴിലാക്കാന്‍ മുഖ്യമന്ത്രി യോഗി ശ്രമം തുടങ്ങി. ദേശീയ നേതൃത്വത്തിന് പുതിയ സാഹചര്യം ശക്തമായ വെല്ലുവിളിയുയര്‍ത്തുകയാണ്. 47 മന്ത്രിമാരുടെ കാര്യത്തില്‍ തമ്മിലടിക്ക് ഇടമില്ലാതെ തീരുമാനമെടുക്കുക അത്ര എളുപ്പമാകില്ല.