Gulf
സന്തോഷ ദിനത്തില്‍ യു എ ഇക്ക് അഭിമാനിക്കാനേറെ

എത്തിയപ്പോള്‍
ദുബൈ: മേഖലയിലെ ഏറ്റവും സന്തോഷമുള്ള രാജ്യം യു എ ഇ. ലോക സന്തോഷ സൂചിക (വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട്) പ്രകാമാണ് യു എ ഇ യുടെ സ്ഥാനം 21. ഗള്‍ഫില്‍ രണ്ടാം സ്ഥാനം ഖത്വറും മൂന്നാം സ്ഥാനം സഊദി അറേബ്യയും നേടി. 157 രാജ്യങ്ങളിലാണ് പഠനം നടത്തിയത്. ഡെന്മാര്‍ക്ക് ഒന്നാം സ്ഥാനത്തെത്തി. ഐക്യരാഷ്ട്ര സഭയുടെ സസ്റ്റൈനബിള്‍ ഡെവലപ്‌മെന്റ് സൊലൂഷന്‍സ് നെറ്റ്‌വര്‍ക് (എസ് ഡി എസ് എന്‍) ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ആളോഹരി വരുമാനം, ആരോഗ്യകരമായ ജീവിതം, അഴിമതി രാഹിത്യം എന്നിവ കണക്കിലെടുത്തായിരുന്നു പഠനം. സിറിയ, യമന്‍ എന്നീ രാജ്യങ്ങള്‍ ഏറ്റവും പിന്നിലായി.

മലയാളി ഫോട്ടോ ജേര്‍ണലിസ്റ്റ് അഫ്‌സല്‍ ശ്യാം തയ്യാറാക്കിയ കൊളാഷില്‍ യു എ ഇ വൈസ്
പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഒപ്പുവെക്കുന്നു
തിങ്കളാഴ്ച ലോക സന്തോഷ ദിനത്തില്‍ യു എ ഇ ക്ക് സന്തോഷിക്കാന്‍ ഏറെ വക നല്‍കി നിരവധി അനുഭവങ്ങള്‍. 200 മെഗാവാട് സൗരോര്‍ജ പദ്ധതി അനാവരണം ചെയ്തു. ദുബൈ നഗരസഭ, അബുദാബി പോലീസ് ആസ്ഥാനം, ആര്‍ ടി എ തുടങ്ങിയ കേന്ദ്രങ്ങളില്‍ ആഘോഷങ്ങള്‍ നടന്നു. ദുബൈ ശൈഖ് സായിദ് റോഡിലെ അംബരചുംബിയായ എമിറേറ്റ്‌സ് ടവേഴ്‌സില്‍ പുഞ്ചിരി (സ്‌മൈലി) പതുങ്ങി നിന്നു. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള കെട്ടിടമായി ഈ ഇരട്ടക്കെട്ടിടം തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെയാണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ഓഫീസ്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ഓഫീസ് കേന്ദ്രം ശൈഖ് മുഹമ്മദിന്റെ ഓഫീസായി. 309 മീറ്റര്‍ ഉയരമാണ് ഈ കണ്ണാടി മന്ദിരത്തിന്റേത്. ഇതിന് സമീപം ലോകത്തിലെ ആദ്യത്തെ ത്രിമാന അച്ചടി കെട്ടിടവുമുണ്ട്. മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സോളാര്‍ പാര്‍കിന്റെ രണ്ടാം ഘട്ടം ഇന്നലെ ഉദ്ഘാടനം ചെയ്തു. ദുബൈ അല്‍ ഖുദ്‌റയിലാണ് ഈ സൗരോര്‍ജ ഉദ്യാനം. ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയാണ് നിര്‍മിച്ചത്. 200 മെഗാവാട് വൈദ്യുതികൊണ്ട് പ്രതിവര്‍ഷം 50,000 ഭവനങ്ങള്‍ക്കു വൈദ്യുതി എത്തിക്കാം.
നിശ്ചയിച്ചതിനും മുമ്പേ ഉദ്ഘാടനം നിര്‍വഹിക്കാന്‍ കഴിഞ്ഞതില്‍ ശൈഖ് മുഹമ്മദ് സന്തോഷം പ്രകടിപ്പിച്ചു. മേഖലയിലെ വലിയ പദ്ധതിയാണിതെന്ന് ദിവ സി ഇ ഒ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. 2,14,000 ടണ്‍ കാര്‍ബണ്‍ പുറന്തള്ളലാണ് ഇല്ലായ്മ ചെയ്യുക. 2020 ഓടെ 1000 മെഗാവാട് ഉല്‍പാദിപ്പിക്കുന്ന പ്ലാന്റാണ് ലക്ഷ്യം.
ദുബൈ നഗരസഭയുടെ നേതൃത്വത്തില്‍ ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്ത കേക്ക് മുറിച്ചു ആഘോഷ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. നഗരസഭാ അസി. ഡയറക്ടര്‍ ജനറല്‍, വിവിധ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍മാര്‍, ജീവനക്കാര്‍ സംബന്ധിച്ചു.
യു എ ഇയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സന്തോഷ ജീവിതം ഉറപ്പാക്കാന്‍ കൂടുതല്‍ പദ്ധതികള്‍ വരികയാണ്. ഇതിനായി രൂപരേഖ തയാറാക്കാന്‍ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ബന്ധപ്പെട്ട മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. ലോകത്ത് ആദ്യമായി സന്തോഷകാര്യ മന്ത്രിയെ നിയോഗിച്ചത് യു എ ഇയാണ്. മന്ത്രാലയത്തിന്റെ സന്തോഷദിനാചരണം ശനിയാഴ്ച ദുബൈയില്‍ നടന്നിരുന്നു. അന്താരാഷ്ട്ര സന്തോഷ ദിന ഭാഗമായിരുന്നു പരിപാടി.
ദുബൈ കനാലില്‍ നിന്നായിരുന്നു സന്തോഷ പരേഡിന്റെ തുടക്കം. സന്തോഷകാര്യ മന്ത്രി ഉഹൂദ് ബിന്‍ത് ഖല്‍ഫാന്‍ അല്‍ റൂമി ഉള്‍പെടെ പ്രമുഖരും വിദ്യാര്‍ഥികളും പരേഡില്‍ അണിനിരന്നു. ഉത്സവഛായയിലായിരുന്നു ചടങ്ങ്. സര്‍ക്കാര്‍ മാത്രമല്ല, വ്യക്തികളും സ്ഥാപനങ്ങളും ആഹ്ലാദകരമായ സാമൂഹിക ക്രമം രൂപപ്പെടുത്തുന്നതില്‍ താല്‍പര്യമെടുക്കണമെന്ന ആഹ്വാനം പരേഡില്‍ ഉയര്‍ന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുഖേന താഴേ തട്ടിലുള്ള ആളുകളുടെ മെച്ചപ്പെട്ട ജീവിതത്തിനായി രംഗത്തിറങ്ങണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സന്തോഷ ദിനാചരണ ചടങ്ങിന് അഭിവാദ്യം അര്‍പിക്കാന്‍ ശൈഖ് മുഹമ്മദ് എത്തിയിരുന്നു. രാജ്യാന്തര സന്തോഷദിനം ലോകത്തിന് സവിശേഷ സന്ദേശം നല്‍കുന്നുവെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.