82 ശതമാനം ഹാജിമാരും മലബാറില്‍ നിന്ന്; എന്നിട്ടും കരിപ്പൂരിന് എമ്പാര്‍ക്കേഷനില്ല

Posted on: March 21, 2017 2:50 am | Last updated: March 21, 2017 at 12:25 am

കൊണ്ടോട്ടി: കേരളത്തില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചവരില്‍ 82 ശതമാനം പേരും മലബാറില്‍ നിന്നുള്ളവരായിട്ടും കരിപ്പൂര്‍ വിമാനത്താവളത്തിന് ഹജ്ജ് എമ്പാര്‍ക്കേഷന്‍ അനുവദിക്കാന്‍ കേന്ദ്ര വ്യോമയാന വകുപ്പിനും ന്യൂനപക്ഷ മന്ത്രാലയത്തിനും താത്പര്യമില്ല. വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ലെങ്കിലും ഇടത്തരം വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയും കരിപ്പൂരില്‍ എമ്പാര്‍ക്കേഷന്‍ പുനസ്ഥാപിക്കാവുന്നതാണ്. മാത്രമല്ല സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കരിപ്പൂര്‍ വിമാനത്താവളത്തിന് എമ്പാര്‍ക്കേഷന്‍ ലഭിക്കുകയാണെങ്കില്‍ ഒരു മാസക്കാലത്തെ ഹജ്ജ് യാത്രാ ഇനത്തില്‍ വിമാനങ്ങളില്‍ നിന്ന് എയര്‍പോര്‍ട്ട് വാടകയിനത്തില്‍ കോടിയിലധികം രൂപ ലഭ്യമാകുകയും ചെയ്യുമായിരുന്നു. എമ്പാര്‍ക്കേഷന്‍ നല്‍കാതിരിക്കുന്നതിലൂടെ ഇതും കൊച്ചി സ്വകാര്യ ലോബിയുടെ കീശയിലേക്ക് പോവുകയാണ്.

ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ച 11,197 ഹാജിമാരില്‍ 9,208 പേരും മലബാറില്‍ നിന്നുള്ളവരാണ്. ശേഷിച്ച എട്ട് ജില്ലകളില്‍ നിന്ന് 1,989 പേര്‍ മാത്രമാണ് ഹജ്ജിനു പുറപ്പെടുന്നത്.
നറുക്കെടുപ്പ് പൂര്‍ത്തിയായതോടെ വിവിധ ജില്ലകളില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചവരുടെ വ്യക്തമായ കണക്ക് ലഭ്യമായി.11,197 ഹാജിമാരില്‍ 5,295 പേര്‍ പുരുഷന്മാരും 5,902 പേര്‍ സ്ത്രീകളുമാണ്. ഇവര്‍ക്ക് പുറമെ രണ്ട് വയസിനു താഴെ പ്രായമുള്ള 20 കുഞ്ഞുങ്ങളും രക്ഷിതാക്കള്‍ക്കൊപ്പം ഹജ്ജിനു പുറപ്പെടുന്നുണ്ട്. ഏററവും കൂടുതല്‍ ഹാജിമാര്‍ കോഴിക്കോട് നിന്നും തൊട്ടുതാഴെ മലപ്പുറത്തു നിന്നും ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയില്‍ നിന്നുമാണ്. ജില്ല തിരിച്ചുള്ള ഹാജിമാരുടെ കണക്ക്.