ചൈനയുമായി വ്യാപാര ബന്ധം ശക്തമാക്കാന്‍ തയ്യാറെന്ന് ഇസ്‌റാഈല്‍

Posted on: March 21, 2017 7:07 am | Last updated: March 21, 2017 at 12:08 am

ബീജിംഗ്: സാങ്കേതിക വിദ്യയില്‍ ഇരു രാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചൈനീസ് പ്രധാനമന്ത്രിയോട് പറഞ്ഞു. ചൈനയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വലിയൊരു സംഘം വ്യാപാരി പ്രതിനിധികളുമായ് ചൈനയിലെത്തിയിരിക്കുകയാണ് നെതന്യാഹു. ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സാങ്കേതിക സഹകരണത്തില്‍ ഇരു രാജ്യങ്ങളും വിവിധ വഴികള്‍ ആരായണമെന്ന് നെതന്യാഹു പറഞ്ഞത്.

ചൈനീസ് ഉത്പന്നങ്ങളുടെ ഗുണമേന്‍മ വര്‍ധിപ്പിക്കുന്നതിലും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും കൂടുതല്‍ മെച്ചപ്പെട്ട സാങ്കേതിക വിദ്യ നല്‍കി ഇസ്‌റാഈലിന് സഹായിക്കാനാകുമെന്ന് ചൈനീസ് വ്യവസായി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കവെ നെതന്യാഹു പറഞ്ഞു.
ഇ കൊമേഴ്‌സ് ഭീമനായ അലിബാബ ഗ്രൂപ്പ്, കമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ലനോവ ഗ്രൂപ്പ് തുടങ്ങിയ വലിയ ചൈനീസ് കോര്‍പറേറ്റ് കമ്പനി തലവന്‍മാരുമായും നെതന്യാഹു കൂടിക്കാഴ്ച നടത്തി. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗുമായി അടുത്ത ദിവസം നെതന്യാഹു കൂടിക്കാഴ്ച നടത്തും.

സഊദി രാജാവ് ചൈനീസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയതിന് പിന്നാലെയാണ് നെതന്യാഹൂവിന്റെ സന്ദര്‍ശനം.