Articles
വളര്‍ത്തിയെടുക്കുകയാണോ പകരക്കാരനെ?

2001 ഒക്‌ടോബറില്‍ നരേന്ദ്ര ദാമോദര്‍ ദാസ് മോദിയെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) നിയോഗിക്കുമ്പോള്‍ ആ സംഘടനയുടെ തലപ്പുത്തുള്ളവര്‍ക്കൊഴികെ, രാഷ്ട്രീയ – ഭരണ രംഗത്തുള്ളവര്‍ക്കൊക്കെ സംശയങ്ങളായിരുന്നു. അന്ന് ബി ജെ പിയെ നിയന്ത്രിച്ചിരുന്ന, സംഘ്പരിവാര സംഘടനകളൊന്നാകെ ലോഹ പുരുഷനെന്ന് വാഴ്ത്തിയിരുന്ന ലാല്‍ കൃഷ്ണ അഡ്വാനി പോലും സംശയം പ്രകടിപ്പിച്ചു. ഭരണരംഗത്ത് പരിചയമില്ലാത്ത നരേന്ദ്ര മോദിയെ, പൊടുന്നനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചാല്‍, കേശുഭായ് പട്ടേലിനും ശങ്കര്‍ സിംഗ് വഗേലക്കും കാന്‍ഷിറാം റാണക്കുമിടയില്‍ വിഭജിക്കപ്പെട്ട് കിടക്കുന്ന ബി ജെ പി ഗുജറാത്ത് ഘടകത്തെ ഏകോപിപ്പിച്ച് നിര്‍ത്താനും സര്‍ക്കാറിനെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനും സാധിക്കുമോ എന്ന ശങ്ക അഡ്വാനി പ്രകടിപ്പിച്ചു. എ ബി വാജ്പയി അതിനെ പിന്തുണക്കുകയും ചെയ്തു. മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിന് കീഴില്‍ ഉപമുഖ്യമന്ത്രിയായി മോദിയെ നിയോഗിക്കുക എന്നതായിരുന്നു അഡ്വാനിയുടെ നിര്‍ദേശം. എന്നാല്‍ ഇതിനെ അമ്പതുകാരനായ മോദി തള്ളിക്കളഞ്ഞു.
രാമക്ഷേത്ര നിര്‍മാണമെന്ന ആവശ്യമുയര്‍ത്തി അഡ്വാനി രഥയാത്ര നടത്തിയപ്പോള്‍ വിനീത സംഘാടകനായി രഥപാര്‍ശ്വത്തിലുണ്ടായിരുന്ന, തീവ്ര ഹിന്ദുത്വ ആശയങ്ങളില്‍ തന്റെ പാദമുദ്രകളെ പിന്തുടരുന്ന വിശ്വസ്തനെന്ന് അഡ്വാനി തികച്ചും വിശ്വസിച്ചിരുന്ന, പിന്നീട് മുരളി മനോഹര്‍ ജോഷി ഏകതാ യാത്ര നടത്തിയപ്പോള്‍ അതിന്റെ സംഘാടകനായിരുന്ന, പാര്‍ട്ടി നിയോഗിക്കുന്ന ദൗത്യങ്ങള്‍ വിസമ്മതം കൂടാതെ ഏറ്റുവാങ്ങിയിരുന്ന നരേന്ദ്ര മോദി ആദ്യമായി പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശത്തെ തള്ളിക്കളഞ്ഞു. ഗുജറാത്തിലെ ഭരണ നേതൃത്വത്തിലേക്ക് വരികയാണെങ്കില്‍ അത് മുഖ്യമന്ത്രിയായി മാത്രമേയുള്ളൂ, അതിന് ശേഷം ഗുജറാത്തിലെ കാര്യങ്ങള്‍ താന്‍ നോക്കിക്കൊള്ളാം. ഇല്ലെങ്കില്‍ ആ വഴിക്കില്ല. ഇതായിരുന്നു മോദിയുടെ ഉറച്ച മറുപടി. ഇതിനെ ആര്‍ എസ് എസ് തുണച്ചപ്പോള്‍ അഡ്വാനി – വാജ്പയി സഖ്യത്തിന്റെ എതിര്‍പ്പുകള്‍ക്ക് വിലയില്ലാതായി. 2001 ഒക്‌ടോബറില്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ശേഷം ആ സംസ്ഥാനം ബി ജെ പിയെ സംബന്ധിച്ച് എത്രത്തോളം വിശ്വസിക്കാവുന്ന ഇടമായി എന്നതും അവിടുത്തെ വികസനത്തെക്കുറിച്ചുള്ള നിറംപിടിപ്പിച്ച നുണകള്‍ ഇന്ത്യന്‍ യൂണിയനിലെ ഭരണത്തിലേക്ക് ആ പാര്‍ട്ടിയെയും നരേന്ദ്ര മോദിയെയും എങ്ങനെയാണ് നയിച്ചത് എന്നതും ചൂടാറാത്ത ചരിത്രമാണ്.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ സംഘ്പരിവാരത്തിന് പുറത്തുള്ളവരെ സംബന്ധിച്ച് ആര്‍ എസ് എസ് പ്രചാരകരില്‍ നിന്ന് ബി ജെ പിയുടെ അഖിലേന്ത്യാ സെക്രട്ടറിമാരായ പലരില്‍ ഒരാള്‍ മാത്രമായിരുന്നു. അഹമ്മദാബാദ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബി ജെ പിയെ അധികാരത്തിലേറ്റിയതിന് ശേഷം ഗുജറാത്തിലെ ബി ജെ പി ഘടകത്തില്‍ വിശ്വസ്തരുടെ നിര സൃഷ്ടിച്ചെടുക്കുകയും കേശുഭായ് പട്ടേലിനെതിരെ ഒളിയുദ്ധം നടത്തുകയും 2001ല്‍ ഭുജിലുണ്ടായ വലിയ ഭൂചലനത്തില്‍ തകര്‍ന്ന ജനതയെ പുനരധിവസിപ്പിക്കുന്നതില്‍ തികച്ചും പരാജയപ്പെട്ട കേശുഭായ് പട്ടേല്‍ സര്‍ക്കാറിനെ നീക്കാന്‍ രഹസ്യമായി യത്‌നിക്കുകയും ചെയ്ത നേതാവായിരുന്നു നരേന്ദ്ര മോദി. അത്തരം നേതാക്കളെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും കണ്ടുവരുന്നതിനാല്‍ ഈ അമ്പതുകാരനെ ആരും ഗൗരവത്തിലെടുത്തിട്ടുണ്ടാകില്ല.
പക്ഷേ, ഗുജറാത്തിലേക്ക് നിയോഗിച്ച ആര്‍ എസ് എസ്സിനും നിയോഗം ഏറ്റെടുത്ത മോദിക്കും വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. അത് നടപ്പാക്കാനുള്ള അസൂത്രണം നേരത്തെ ആരംഭിച്ചിട്ടുമുണ്ടാകണം. 2002 ഫെബ്രുവരി അവസാനവും മാര്‍ച്ച് ആദ്യവുമായി അരങ്ങേറിയ, വംശഹത്യാ ശ്രമം അതിന്റെ ഭാഗമായിരുന്നു. അത് നടപ്പാക്കാന്‍ പാകത്തില്‍ പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ വരുതിയില്‍ കൊണ്ടുവരാന്‍ നാല് മാസം മതിയായിരുന്നു നരേന്ദ്ര മോദിക്ക്. മേഹ്തമാരും പട്ടേലുമാരും ഏതാണ്ട് പൂര്‍ണമായും കൈയടക്കിയിരുന്ന ഗുജറാത്തിലെ ഭരണ നേതൃത്വത്തിലേക്ക് പിന്നാക്ക വിഭാഗക്കാരനായ ഒരാളെത്തിയത്, ആ വിഭാഗങ്ങളെ മാത്രമല്ല ദളിതുകളെക്കൂടി സംഘ്പരിവാരത്തിന്റെ കുടക്കീഴിലേക്ക് കൊണ്ടുവരാന്‍ പ്രേരകമായി. അതിന്റെ കൂടി ബാക്കിയായാണ് മുസ്‌ലിംകള്‍ക്കു നേര്‍ക്കുണ്ടായ വംശഹത്യാ ശ്രമത്തിന് ദളിതുകള്‍, സംഘ്പരിവാരത്തിന്റെ മുന്നണിപ്പോരാളികളായത്.
ആയിരത്തിലധികം പേരുടെ ജിവനെടുത്ത, അതിലേറെപ്പേരെ ജീവിതാവസാനം വരെയുള്ള ദുരിതത്തിലേക്ക് തള്ളിവിട്ട, കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ ഇല്ലാതാക്കപ്പെട്ട, ആയിരക്കണക്കിന് കുടുംബങ്ങളെ നിരാശ്രയരാക്കിയ വംശഹത്യാ ശ്രമത്തിന് അധ്യക്ഷത വഹിച്ച ഭരണാധികാരി പിന്നീടുള്ള നാല് വര്‍ഷം വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ച് ജീവിക്കുന്ന രക്തസാക്ഷിയുടെ പരിവേഷം സ്വയം നേടിയെടുത്തു. വ്യാജ ഏറ്റുമുട്ടലുകളില്‍ പിടഞ്ഞുവീണ നിരപരാധികളൊക്കെ നരേന്ദ്ര മോദിയുള്‍പ്പെടെ പ്രമുഖ നേതാക്കളുടെ ജീവനെടുക്കാന്‍ പദ്ധതി തയ്യാറാക്കി എത്തിയവരായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍, ഹിന്ദുത്വ അജന്‍ഡകള്‍ക്കു വേണ്ടി നിലകൊള്ളുന്ന ദേശീയവാദിയും രാജ്യസ്‌നേഹിയുമായ നേതാവിനെ വധിക്കാന്‍ ശത്രുക്കള്‍ നടത്തുന്ന തീവ്രയജ്ഞമായി വ്യാഖ്യാനിക്കപ്പെട്ടു. വംശഹത്യാ ശ്രമത്തിലൂടെ, തുടര്‍ന്നുള്ള ഏകാധിപത്യ നടപടികളിലൂടെ ജനങ്ങളില്‍ സൃഷ്ടിച്ചെടുത്ത ഭീതിയും തീവ്രമായ വര്‍ഗീയ ധ്രുവീകരണത്തിലൂടെ സാധിച്ചെടുത്ത ഹൈന്ദവ സമുദായങ്ങളുടെ ഏകീകരണവും സുശക്തമായ പ്രചാരണ സംവിധാനവും ചേര്‍ന്നപ്പോള്‍ പിന്നീടങ്ങോട്ട് വ്യാഴവട്ടം ഗുജറാത്ത് ഭരിച്ചു. തുടര്‍ന്നങ്ങോട്ട് രാജ്യവും.
യോഗി ആദിത്യനാഥ് എന്നറിയപ്പെടുന്ന അജയ് സിംഗ് ബിഷ്ത് എന്ന താക്കൂര്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായ സാഹചര്യത്തിലാണ് അത്രമേല്‍ പഴകാത്ത ഈ കഥകള്‍ ഓര്‍ത്തുപോയത്. യോഗി ആദിത്യനാഥ് എന്നറിയപ്പെടുന്ന അജയ് സിംഗ് ബിഷ്ത് എന്ന വിധത്തിലുള്ള പരാമര്‍ശം സാധാരണനിലക്ക് പോലീസ് റെക്കോര്‍ഡുകളെയാണ് ഓര്‍മിപ്പിക്കുക. ഉത്തര്‍പ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് പോലീസ് റെക്കോര്‍ഡുകളിലെ സാന്നിധ്യം പേരില്‍ മാത്രം തുടരുന്ന ആത്മീയതയെക്കാള്‍ പ്രധാനവും വലുതുമാണ്. വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കല്‍ മുതല്‍ കൊലപാതക ശ്രമം വരെ വിവിധഗണത്തിലുള്ള കുറ്റങ്ങളില്‍ ആരോപണവിധേയനാണ് ഈ കാവിധാരി. സാമൂഹിക മാറ്റത്തിന് പ്രേരിപ്പിക്കും വിധത്തിലുള്ള സമരങ്ങള്‍ക്കിടെയുണ്ടായ സംഭവങ്ങളുടെ പേരിലല്ല ഈ കേസുകളെന്നത് പ്രത്യേകം ഓര്‍ക്കണം.
“ലവ് ജിഹാദ്” എന്ന വ്യാജ പ്രചാരണത്തില്‍ കാറ്റുപടര്‍ത്താന്‍ അത്യന്തം യത്‌നിച്ചയാളാണ് യോഗി ആദിത്യനാഥ്. ഗൊരക്‌നാഥ് ക്ഷേത്രത്തിന്റെ, അതിന്റ ഭാഗമായ മഠത്തിന്റെയൊക്കെ ഉത്തരവാദിത്തമേല്‍ക്കാനുള്ള പിന്‍ഗാമിയായി യോഗി അവൈദ്യനാഥ്, 22കാരനായ അജയ് സിംഗ് ബിഷ്തിനെ തിരഞ്ഞെടുത്തപ്പോള്‍, ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അജയ് സിംഗ്, ആദിത്യനാഥെന്ന പേര് സ്വീകരിച്ച് ആത്മീയജീവിതത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ഹിന്ദുക്കളെ മാത്രമേ മുന്നില്‍ക്കണ്ടിട്ടുണ്ടാവൂ. മഠത്തിന്റെ ചുമതലയും ഗൊരക്പൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ചുമതലയും തോളിലേറ്റിയതോടെ ഇതര വിശ്വാസങ്ങളെ ഹസിച്ചും അതില്‍ വിശ്വസിക്കുന്നവരെ ഹിംസിച്ചുമാണ് സ്വന്തം മതത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റേണ്ടത് എന്ന തോന്നലിലേക്ക് ആദിത്യനാഥ് മാറി.
ആരും തുണയില്ലാത്ത രോഗികള്‍ക്കും വൃദ്ധര്‍ക്കുമൊക്കെ വേണ്ടി പ്രയത്‌നിച്ച മദര്‍ തെരേസ മത പരിവര്‍ത്തനത്തിന് ശ്രമിക്കുന്ന രാജ്യദ്രോഹിയാണെന്ന് ആദിത്യനാഥിനെക്കൊണ്ട് പറയിച്ചത് ഈ വികാരമാണ്. നടന്‍ ഷാരൂഖ് ഖാനെ ഭീകരവാദിയായി ചിത്രീകരിച്ചതും പാക്കിസ്ഥാനിലേക്ക് നാടുകടത്തണമെന്ന് ആക്രോശിച്ചതുമൊക്കെ അതിന്റെ തുടര്‍ച്ചയായാണ്. ഇതര വിശ്വാസധാരകളിലേക്ക് ആകര്‍ഷിക്കപ്പെട്ടവരെ ഹൈന്ദവതയിലേക്ക് തിരികെ എത്തിക്കാന്‍ “ഘര്‍ വാപ്‌സി” ആരംഭിച്ച പ്രമുഖരിലൊരാളും ഈ ദേഹമാണ്. ഗോ സംരക്ഷണമാണ് മറ്റൊരു പ്രധാന മേഖല. മാട്ടിറച്ചിയുടെ പേരില്‍ ആരെങ്കിലും കൊലചെയ്യപ്പെട്ടാല്‍, ആരെങ്കിലും മര്‍ദനത്തിന് ഇരയായാല്‍ അതൊക്കെ ദേശത്തിന് ഊറ്റമേകുന്ന സംഗതിയാണെന്ന് തീര്‍ത്തും വിശ്വസിക്കുന്ന പുംഗവന്‍. യോഗയുടെ പ്രചാരകന്‍. യോഗ ശീലിക്കാന്‍ മടിയുള്ളവര്‍ക്ക് പാക്കിസ്ഥാന്‍ ചൂണ്ടിക്കാട്ടിക്കൊടുക്കുന്ന “ദേശീയവാദി”. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ചതിന്റെ പേരില്‍ പലകേസുകളില്‍ ആരോപണ വിധേയ സ്ഥാനത്തുള്ള “ഹിന്ദു യുവ വാഹിനി” എന്ന സംഘടനയുടെ സ്ഥാപക നേതാവ് കൂടിയാണ് യോഗി ആദിത്യനാഥ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത്, പ്രചാരണത്തിനെത്തിയ അമിത് ഷായെ എതിരാളികള്‍ തടഞ്ഞപ്പോള്‍, പോലീസ് നിസ്സഹായരായി നോക്കിനിന്നപ്പോള്‍, വഴിയൊരുക്കാന്‍ പാഞ്ഞെത്തിയത് ഹിന്ദു യുവ വാഹിനിയുടെ പ്രവര്‍ത്തകരാണെന്നാണ് പാടി നടക്കുന്ന കഥ. മോട്ടോര്‍ സൈക്കിളുകളില്‍ പാഞ്ഞെത്തി എന്ത് സാഹസികതയും പ്രവര്‍ത്തിക്കാന്‍ പാ
കത്തില്‍ സുസജ്ജമായ ഈ സേന യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ഉന്നതിക്ക് വലിയ ഊര്‍ജമായി നില്‍ക്കുന്നുണ്ട്.
നാല്‍പ്പത്തിനാലാം വയസ്സില്‍ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗി ആദിത്യനാഥിനെ ആര്‍ എസ് എസ് നിയോഗിക്കുമ്പോള്‍, രാഷ്ട്രീയ സ്വയം സേവകിന്റെ വിശ്വസ്തരായ രണ്ട് പ്രചാരകരെ (കേശവ് പ്രസാദ് മൗര്യയും ദിനേശ് ശര്‍മയും) ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കുമ്പോള്‍ ഗുജറാത്ത് മാതൃക നടപ്പാക്കുക എന്ന ലക്ഷ്യം മുന്നിലുണ്ടോ എന്ന സംശയം അസ്ഥാനത്തല്ല. നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ഉത്തര്‍ പ്രദേശില്‍ അധികാരം പിടിക്കാന്‍ ആസൂത്രണം ചെയ്ത ജാതി സമവാക്യം ഭരണ നേതൃത്വത്തിലും ആവര്‍ത്തിക്കാന്‍ സംഘ്പരിവാരം മറന്നിട്ടില്ല. താക്കാര്‍ മുഖ്യമന്ത്രിയാകുമ്പോള്‍ പിന്നാക്ക വിഭാഗക്കാരനായ മൗര്യയും ബ്രാഹ്മണനായ ദിനേശ് ശര്‍മയും ഉപ മുഖ്യമന്ത്രിമാരുമാകുന്നു. ഈ സമവാക്യം ഉറപ്പിച്ചു നിര്‍ത്താനും മറ്റു സമുദായങ്ങളെ ഇതിനോട് വിളക്കാനും പാകത്തില്‍ എന്താണ് ഉത്തര്‍ പ്രദേശില്‍ ആസൂത്രണം ചെയ്യപ്പെടുക എന്നതിലാണ് ഭയം. അതിലേക്ക് എന്ത് സംഭാവനയാണ് യോഗി ആദിത്യനാഥെന്ന മുഖ്യമന്ത്രിയുടെ നാവില്‍ നിന്ന് ഉണ്ടാവുക എന്നതും.
തീവ്ര വര്‍ഗീയതയാല്‍, ശബ്ദ ഘോഷത്താല്‍, നിറം പിടിപ്പിച്ച നുണകളുടെ പ്രചാരത്താല്‍ അസാമാന്യവത്കരിക്കപ്പെട്ട ഒരു നേതാവിനോടാണ് രാജ്യത്തെ പ്രതിപക്ഷം ഇപ്പോള്‍ മത്സരിക്കുന്നത്. അതിനൊപ്പം നിര്‍ത്താനൊരാളില്ലെന്ന് പരിതപിക്കുന്നുണ്ട് പലപ്പോഴും. ആ നേതാവിന് പകരം വെക്കാനൊന്നിനെ വളര്‍ത്തിയെടുക്കുകയാണോ സംഘ്പരിവാരം എന്ന് ന്യായമായും സംശയിക്കണം. അതിനാണ് വിത്തിട്ടിരിക്കുന്നതെങ്കില്‍ കെട്ടകാലത്തിന് ദൈര്‍ഘ്യമേറുന്നത് ഇന്ത്യന്‍ യൂണിയനിലെ ജനം കാണേണ്ടിവന്നേക്കും. ഭീതിയുടെ മേലാപ്പിന് കട്ടിയും വ്യാപ്തിയും കൂടുന്നതും.