വിദ്യാര്‍ഥിയെ മര്‍ദിച്ച കേസ്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് റിമാന്‍ഡില്‍

Posted on: March 20, 2017 11:01 pm | Last updated: March 21, 2017 at 11:43 am

തൃശൂര്‍: ലക്കിടി ലോ കോളജ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ നെഹ്രുഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് റിമാന്‍ഡ്‌ചെയ്തു. ഒരു ദിവസത്തേക്കാണ്‌റിമാന്‍ഡ്. മറ്റു നാല് പ്രതികളേയും വടക്കാഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു. കേസ് നാളെ വടക്കാഞ്ചേരി കോടതിവീണ്ടും പരിഗണിക്കും.

നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലുള്ള ലക്കിടി ജവഹര്‍ലാല്‍ കോളജിലെ വിദ്യാര്‍ഥി സഹീറിനെ മര്‍ദിച്ച കേസില്‍ കൃഷ്ണദാസിനെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. കൃഷ്ണദാസിനൊപ്പം കേസില്‍ പ്രതികളായ പിആര്‍ഒ വല്‍സലകുമാര്‍, അധ്യാപകന്‍ സുകുമാരന്‍, ലീഗല്‍ അഡ്വൈസര്‍ സുചിത്ര എന്നിവരും അറസ്റ്റിലായിരുന്നു.
ലക്കിടി ജവഹര്‍ലാല്‍ കോളജിലെ വിദ്യാര്‍ഥി സഹീറിനെ കൃഷ്ണദാസ് മര്‍ദിച്ചെന്നും ചോദിക്കാന്‍ ചെന്ന രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നുമാണു പരാതി. കോളജില്‍ നടന്ന അനധികൃതമായ പണപ്പിരിവിനെ ചോദ്യം ചെയ്തതും ഇതിനെതിരെ പരാതി നല്‍കിയതുമാണ് സഹീറിനെ കൃഷ്ണദാസിന്റെയും സംഘത്തിന്റെയും കണ്ണിലെ കരടാക്കിയത്. സഹീറിനെ എട്ടു മണിക്കൂറോളമാണ് കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചത്. പുറത്തുപറഞ്ഞാല്‍ റാഗിങ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

പാമ്പാടി നെഹ്‌റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തകേസിലെ ഒന്നാം പ്രതി കൂടിയാണ് അറസ്റ്റിലായ കൃഷ്ണദാസ്.

അതേസമയം കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.