Connect with us

Editorial

അതിശയമെന്തിന്?

Published

|

Last Updated

യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രിപദം ഒരു നിലക്കും അപ്രതീക്ഷിതമല്ല. ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രിയാകാന്‍ നിരവധി പേര്‍ രംഗത്ത് വന്നപ്പോള്‍ തര്‍ക്കം തീര്‍ക്കാന്‍ അദ്ദേഹത്തെ വാഴിച്ചതുമല്ല. അതൊരു തുടര്‍ച്ചയാണ്. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പേ നിരവധി ഹിന്ദുത്വ സംഘടനകളും ആര്‍ എസ് എസും തുടങ്ങിവെച്ച വര്‍ഗീയ വിഭജന, മതരാഷ്ട്രവാദ കരുനീക്കങ്ങളുടെ തുടര്‍ച്ച. ഗാന്ധി വധത്തിന്റെയും ബാബരി മസ്ജിദ് ധ്വംസനത്തിന്റയും ഗുജറാത്ത് വംശഹത്യയുടെയും എണ്ണമറ്റ കലാപങ്ങളുടെയും വിദ്വേഷ വ്യാപനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും അന്യവത്കരണത്തിന്റെയും തുടര്‍ച്ച. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സഖ്യം യു പിയിലെ 80ല്‍ 71 സീറ്റാണ് സ്വന്തമാക്കിയത്. ജാതി സമവാക്യങ്ങള്‍ വിധി നിര്‍ണയിക്കുന്ന യു പിയില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ തന്ത്രങ്ങളുടെ വിളവെടുപ്പായിരുന്നു അത്. അന്ന് കിഴക്കന്‍ യു പിയില്‍ സംഘര്‍ഷത്തിന്റെ വിഷവിത്ത് വിതച്ച ഹിന്ദു യുവ വാഹിനിയെന്ന ഹിന്ദുത്വ തീവ്രവാദ സംഘടനയുടെ നേതാവാണ് ഇന്ന് യു പി മുഖ്യമന്ത്രിയായിരിക്കുന്ന 44കാരന്‍ യോഗി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ അമിത്ഷാ- മോദി കൂട്ടുകെട്ടിന് മനസ്സിലായി ജയിച്ചു വരാന്‍ വികസനമല്ല, വിദ്വേഷം തന്നെയാണ് വേണ്ടതെന്ന്. അങ്ങനെയാണ് യോഗിയുടെ സേവനം പടിഞ്ഞാറന്‍ യു പിയിലേക്ക് മാറ്റിയത്. വര്‍ഗീയ സോഷ്യല്‍ എന്‍ജിനീയറിംഗിന് നാവില്‍ വിഷം പുരട്ടിയ ഈ സന്യാസിക്കുള്ള വൈദഗ്ധ്യം കൃത്യമായി ഉപയോഗിക്കുകയായിരുന്നു പാര്‍ട്ടി.

പേരിനെങ്കിലും ഒരു മുസ്‌ലിമിനെ മത്സരിപ്പിക്കാതെയും പ്രധാനമന്ത്രി തന്നെ ശ്മശാനം- ഖബര്‍സ്ഥാന്‍ ആക്രോശങ്ങള്‍ നടത്തിയും പ്രചാരണത്തിലുടനീളം ബി ജെ പി മുന്നോട്ടുവെച്ച സന്ദേശം വ്യക്തമായിരുന്നു. ഈ വര്‍ഗീയ വിഭജനം ചുരുങ്ങിയത് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയെങ്കിലും നിലനില്‍ക്കണമെന്ന് ബി ജെ പി നേതൃത്വം ആഗ്രഹിക്കുന്നു. ജാതി മതിലുകളെ അപ്രസക്തമാക്കുന്ന മതധ്രുവീകരണം അപ്പടി നിലനില്‍ക്കാന്‍ യോഗി ആദിത്യനാഥിനെപ്പോലെ ഒരാള്‍ തന്നെ മുഖ്യമന്ത്രിയാകണം. രാമക്ഷേത്ര നിര്‍മാണം, മുസ്‌ലിം യുവാക്കളെ ലക്ഷ്യമിട്ട് റോമിയോ സ്‌ക്വാഡ്, സംസ്ഥാനത്തുടനീളം ഘര്‍ വാപസി എന്നിവയടക്കം ന്യൂനപക്ഷങ്ങളെ പരമാവധി പ്രകോപിപ്പിക്കുന്ന നയങ്ങള്‍ വഴി ആദിത്യഭരണത്തിന്റെ ആദ്യ രണ്ട് വര്‍ഷം സംഭവബഹുലമാക്കാനും അങ്ങനെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാനുമാണ് നീക്കം. പുതിയ താരങ്ങളെ കണ്ടെത്തുകയാണ് ഹിന്ദുത്വ രാഷ്ട്രീയം. ഇനി ഒന്നും ഒളിച്ചുവെക്കാനില്ല, തുറന്നുപറഞ്ഞ് കൊണ്ട് തന്നെ മുന്നോട്ട് നീങ്ങുമെന്ന സന്ദേശം നല്‍കുകയാണ് അത്. തീവ്ര ദേശീയതയുടെ അപകടകരമായ പുതിയ ഘട്ടത്തിന്റെ നാന്ദിയാണ് യോഗി ആദിത്യനാഥിന്റെ
സ്ഥാനലബ്ധി. ഇന്ത്യന്‍ ജനാധിപത്യം ഇനി ഞങ്ങള്‍ തെളിക്കുന്ന വഴിയേ നീങ്ങുമെന്ന ആത്മവിശ്വാസത്തിന്റെ ആഘോഷം.

ഗോരഖ്പൂര്‍ മഠത്തിന്റെ മുഖ്യപുരോഹിതനാണ് യോഗി ആദിത്യനാഥ്. യഥാര്‍ഥ പേര് അജയ് സിംഗ് ബിഷ്ത്. 26ാം വയസ്സ് മുതല്‍ ഗോരഖ്പൂരില്‍ നിന്നുള്ള എം പിയാണ്. ഇദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും ആളിക്കത്തിച്ച കലാപങ്ങള്‍ നിരവധിയാണ്. 2007ലെ ഗോരഖ്പൂര്‍ കലാപത്തിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. പല തവണ അറസ്റ്റിലായി. പരിഷ്‌കൃത സമൂഹത്തില്‍ പറയാനറക്കുന്ന വാക്കുകള്‍ പ്രയോഗിച്ചാണ് ഇയാള്‍ വാര്‍ത്തകളില്‍ നിറയാറുള്ളത്. “യു പിയെ ഹിന്ദു സംസ്ഥാനവും ഇന്ത്യയെ ഹിന്ദു രാഷ്ട്രവുമാക്കാതെ എനിക്ക് വിശ്രമമില്ല” എന്ന് പ്രഖ്യാപിച്ചയാള്‍. വര്‍ഗീയ ലഹളകള്‍ ഉണ്ടാകുന്നത് ന്യൂനപക്ഷ സമുദായക്കാരുടെ സാന്നിധ്യം കൊണ്ടാണെന്നും ഇദ്ദേഹം ആക്രോശിച്ചിരുന്നു. മദര്‍ തേരേസ രാജ്യത്തെ ക്രിസ്ത്യന്‍ രാജ്യമാക്കാന്‍ വന്നയാളാണ് ആദിത്യനാഥിന്. “ഇവിടുത്തെ ഹിന്ദുക്കള്‍ താങ്കളുടെ സിനിമ കാണേണ്ടെന്ന് തീരുമാനിച്ചാല്‍ താങ്കള്‍ വഴിയില്‍ അലയേണ്ടി വരുമെ”ന്നാണ് ഷാരൂഖ് ഖാനോട് പറഞ്ഞത്. ഷാരൂഖ് ഖാനെ ഹാഫിസ് സഈദിനോടുപമിക്കാനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. സൂര്യ നമസ്‌കാരത്തെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണമെന്നും അദ്ദേഹം ഉത്തരവിട്ടിരുന്നു. ആയിരക്കണക്കിന് ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നുവെന്നതാണ് അദ്ദേഹത്തിന്റെ മഹത്തായ സേവനമായി അനുയായികള്‍ കൊണ്ടാടാറുള്ളത്.

വാജ്‌പേയിയും അഡ്വാനിയും മൃദു- തീവ്ര ഹിന്ദുത്വം കളിച്ച പാരമ്പര്യമുണ്ട് ബി ജെ പിക്ക്. രഥമുരുട്ടിയ അഡ്വാനിയുള്ളപ്പോള്‍ വാജ്‌പേയി മൃദു മുഖം. വംശഹത്യയുടെ സമയത്ത് രാജനീതി ഓര്‍മിപ്പിക്കുന്ന ജനാധിപത്യവാദി. മോദി വന്നപ്പോള്‍ പഴയ അഡ്വാനി മൃദുവായി. ഇനി യോഗി ആദിത്യനാഥുമാരുടെ കാലമാണ്. അപ്പോള്‍ നരേന്ദ്ര മോദി മൃദുവായേക്കാം. യു പിയില്‍ അനുയായികള്‍ പണി തുടങ്ങിയിരിക്കുന്നു. അവിടെ പള്ളിയില്‍ കാവിക്കൊടി നാട്ടിയെന്ന് വാര്‍ത്തയുണ്ട്. ഈ പ്രകോപനങ്ങളെ അതിജീവിക്കാനുള്ള പക്വതയും രാഷ്ട്രീയ വിവേകവും ന്യൂനപക്ഷങ്ങള്‍ കാണിക്കണം. അക്രമിയായ ഭരണാധികാരി വിശ്വാസിക്ക് പരീക്ഷണമാണ്. ശരിയായ ദൈവവിശ്വാസം കൊണ്ട് അതിജീവിക്കേണ്ട പരീക്ഷണം. ഒരു തിരഞ്ഞെടുപ്പിലെ പരാജയം കൊണ്ട് ഒടുങ്ങാനുള്ളതല്ല പ്രതിരോധമെന്ന് മതേതര പാര്‍ട്ടികള്‍ മനസ്സിലാക്കണം. കലര്‍പ്പില്ലാത്ത മതേതര രാഷ്ട്രീയവും സംഘ് രാഷ്ട്രീയത്തിലെ വിള്ളലുകള്‍ കണ്ടറിഞ്ഞുള്ള അടവുകളുമായി അവര്‍ തിരിച്ചു വരണം.

---- facebook comment plugin here -----

Latest