ഐഡിയയും വൊഡാഫോണും ലയിച്ചു; രാജ്യത്തെ ഏറ്റവും വലിയ നെറ്റ്‌വര്‍ക്ക്

Posted on: March 20, 2017 12:55 pm | Last updated: March 20, 2017 at 9:00 pm

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കളായ ഐഡിയയും വൊഡാഫോണും ഇനി ഒറ്റക്കമ്പനി. ഇരു കമ്പനികളും തമ്മിലുള്ള ലയനം പൂര്‍ത്തിയായതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഇതോടെ വൊഡാഫോണിന് 45 ശതമാനം ഓഹരികള്‍ സ്വന്തമാകും. കുമാരമംഗലം ബിർളയാണ് സംയുക്ത കമ്പനിയുടെ ചെയർമാൻ. മൂന്ന് വീതം ഡയറക്ടര്‍മാരെ പുതിയ ബോര്‍ഡിലേക്ക് നോമിനേറ്റ് ചെയ്യാം. ഐഡിയ – വോഡഫോണ്‍ ലയനത്തിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് രൂപപ്പെട്ടത്.

റിലയന്‍സ് ജിയോ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജയിക്കാനാണ് ഇരു കമ്പനികളും തമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചത്. വമ്പന്‍ ഓഫറുകള്‍ നല്‍കി ജിയോ എത്തിയതോടെ മറ്റു കമ്പനികളുടെ നില പരുങ്ങലിലായിരുന്നു.

നിലവിലെ കണക്ക് അനുസരിച്ച് ഐഡിയ – വോഡഫാണ്‍ സംയുക്ത കമ്പനിക്ക് 39 കോടി വരിക്കാരുണ്ട്. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള എയര്‍ടെലിന് 26.5 കോടി വരിക്കാര്‍ മാത്രമാണ് ഉള്ളത്.