Connect with us

National

ആദിത്യനാഥ്: വാക്കില്‍ വര്‍ഗീയാഗ്നി നിറച്ച യോഗി

Published

|

Last Updated

ലക്‌നോ: യോഗി ആദിത്യനാഥിനെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാക്കുക വഴി തിരഞ്ഞെടുപ്പില്‍ തങ്ങളുടെ വിജയമന്ത്രമായി നിന്ന തീവ്ര ഹിന്ദുത്വ അജന്‍ഡക്ക് തുടര്‍ച്ച നല്‍കുകയാണ് ബി ജെ പി ചെയ്തത്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തൊട്ടു പിറകെ കേന്ദ്രത്തില്‍ മോദി, യു പിയില്‍ യോഗി” എന്ന മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങിയ ആര്‍ എസ് എസ്, ബി ജെ പി അണികളില്‍ ഇത്രമേല്‍ ആവേശം നിറയുന്നതും ആദിത്യനാഥിന്റെ തീപ്പൊരി, വര്‍ഗീയ പ്രതിച്ഛായ കൊണ്ടാണ്. മുസ്‌ലിംകള്‍ ഒരു പങ്കും വഹിക്കാത്ത സര്‍ക്കാര്‍ വരണമെന്നാണ് ജനവിധിയെന്നും എസ് പിയും ബി എസ് പിയും കോണ്‍ഗ്രസുമെല്ലാം ന്യൂനപക്ഷ പ്രീണനത്തിന് മുതിര്‍ന്നപ്പോഴാണ് ജനങ്ങള്‍ അവരെ തോല്‍പ്പിച്ചതെന്നും ബി ജെ പി വിലയിരുത്തുന്നു. കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, സംസ്ഥാന അധ്യക്ഷനും ഒ ബി സി നേതാവുമായ കേശവ്പ്രസാദ് മൗര്യ തുടങ്ങിയ പേരുകളെയെല്ലാം പിന്നിലാക്കി ഈ കാവിധാരിയെ മുഖ്യമന്ത്രി കസേരയിലേക്ക് ആനയിക്കാന്‍ അത്‌കൊണ്ട് ബി ജെ പി നേതൃത്വത്തിന് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. ചര്‍ച്ചകളെല്ലാം വെറും നാടകമായിരുന്നുവെന്നും അല്ല തര്‍ക്കമുണ്ടായിരുന്നുവെന്നും വിലയിരുത്തലുണ്ട്. തര്‍ക്കം തീര്‍ക്കാന്‍ നരേന്ദ്ര മോദി തന്നെയാണ് ഈ മാന്ത്രിക തീരുമാനമെടുത്തതെന്നും വാര്‍ത്തയുണ്ട്.

2019വരെയെങ്കിലും ഇപ്പോഴത്തെ വര്‍ഗീയ വിഭജനം തുടരണമെന്ന് ബി ജെ പി ആഗ്രഹിക്കുന്നു. അതുവഴി പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ 2014ല്‍ നേടിയ കൂറ്റന്‍ വിജയം ആവര്‍ത്തിക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. വോട്ടെടുപ്പ് ഘട്ടത്തില്‍ ദളിതരെയും പിന്നാക്കക്കാരെയും മതവികാരം കത്തിച്ച് കൂടെ നിര്‍ത്തിയ ബി ജെ പി അധികാരം കൈവന്നപ്പോള്‍ യോഗി ആദിത്യനാഥിലൂടെ അതിന്റെ സവര്‍ണ പക്ഷം കാണിക്കുകയാണ്.
ഗോരഖ്പൂരില്‍ നിന്ന് അഞ്ച് തവണ ബി ജെ പി. എം പിയായി തിരഞ്ഞെടുക്കപ്പെട്ട യോഗി ആദിത്യനാഥിന്റെ യഥാര്‍ഥ പേര് അജയ് സിംഗ് ബിഷ്ത് എന്നാണ്. ഉത്തരാഖണ്ഡില്‍ ജനിച്ച 44കാരനായ ഈ ഠാക്കൂര്‍ സമുദായാംഗം ശ്രീനഗറിലെ ഗഡ്‌വാള്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. നിരവധി വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിമരുന്നിട്ട ഹിന്ദു യുവ വാഹിനിയെന്ന തീവ്രഹിന്ദുത്വ സംഘടനയുടെ മേധാവിയായാണ് യോഗി ആദിത്യനാഥ് തന്റെ സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. കിഴക്കന്‍ യു പി ജില്ലകളായ ദിയോറിയാ, കുശിനഗര്‍, മഹാരാജ്ഗഞ്ച്, ബസ്തി, സന്ത് കബീര്‍ നഗര്‍, സിദ്ധാര്‍ഥ് നഗര്‍ എന്നിവിടങ്ങളിലെല്ലാം ബജ്‌റംഗ് ദള്‍ മാതൃകയിലുള്ള ഈ സംഘടന സജീവമാണ്. ചെറിയ പ്രശ്‌നങ്ങളിലേക്ക് വര്‍ഗീയതയുടെ എണ്ണ ഒഴിച്ച് കത്തിക്കലാണ് സംഘടനയുടെ പ്രധാന ദൗത്യം. 2007ല്‍ ഗോരഖ്പൂരില്‍ മുസ്‌ലിംകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ യോഗി ആദിത്യ നാഥിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ പോകരുതെന്ന മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നാണ് യോഗിയെ പോലീസ് അറസ്റ്റ് ചെയ്തത്. യോഗി നടത്തിയ വിദ്വേഷ പ്രസംഗമായിരുന്നു കലാപത്തിലേക്ക് നയിച്ചത്. യോഗിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമാകുകയും മുംബൈ- ഗോരഖ്പൂര്‍ എക്‌സ്പ്രസ്സിന് തീവെക്കുകയും ചെയ്തിരുന്നു. ഗോരഖ്പൂര്‍ കലാപത്തിലേക്ക് നയിച്ച സംഭവ വികാസങ്ങളുടെ തുടക്കം യോഗി ആദിത്യ നാഥായിരുന്നു. നിരവധി മുസ്‌ലിം പള്ളികളും വീടുകളും വാഹനങ്ങളുമാണ് അക്രമകാരികള്‍ തീവെച്ച് നശിപ്പിച്ചത്.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ ആദിത്യനാഥിന്റെ ചുമതല പടിഞ്ഞാറന്‍ യു പിയിലായിരുന്നു. ആദ്യ ഘട്ടത്തിലെ പ്രവണത പഠിച്ച ആര്‍ എസ് എസ് ജാതിക്കപ്പുറമുള്ള ധ്രുവീകരണം ശക്തമാക്കണമെന്ന് ശഠിച്ചതോടെയാണ് യോഗി പടിഞ്ഞാറന്‍ യു പിയില്‍ നിയോഗിക്കപ്പെട്ടതെന്ന് വിലയിരുത്തപ്പെടുന്നു.

വര്‍ഗീയ വിഷം നിറച്ച പ്രസ്താവനകളാണ് ആദിത്യനാഥിനെ വാര്‍ത്തകളുടെ പൂമുഖത്ത് നിര്‍ത്താറുള്ളത്. “യു പിയെ ഹിന്ദു സംസ്ഥാനവും ഇന്ത്യയെ ഹിന്ദു രാഷ്ട്രവുമാക്കാതെ എനിക്ക് വിശ്രമമില്ല” എന്ന് പ്രഖ്യാപിച്ചയാളാണ്. വര്‍ഗീയ ലഹളകള്‍ ഉണ്ടാകുന്നത് ന്യൂനപക്ഷ സമുദായക്കാരുടെ സാന്നിധ്യം കൊണ്ടാണെന്നും ഇദ്ദേഹം ആക്രോശിച്ചിരുന്നു. മദര്‍ തേരേസ രാജ്യത്തെ ക്രിസ്ത്യന്‍ രാജ്യമാക്കാന്‍ വന്നയാളാണ് ആദിത്യനാഥിന്. “ഇവിടുത്തെ ഹിന്ദുക്കള്‍ താങ്കളുടെ സിനിമ കാണേണ്ടെന്ന് തീരുമാനിച്ചാല്‍ താങ്കള്‍ വഴിയില്‍ അലയേണ്ടി വരുമെ”ന്നാണ് ഷാരൂഖ് ഖാനോട് പറഞ്ഞത്. ഷാരൂഖ് ഖാനെ പാക് ഭീകരന്‍ ഹാഫിസ് സഈദിനോടുപമിക്കാനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. സൂര്യ നമസ്‌കാരത്തെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണമെന്ന പ്രസ്താവനയും യു പിയിലെ നിയുക്ത ബി ജെ പി മുഖ്യന്റേതായിട്ടുണ്ട്. യു പി. ബി ജെ പിയിലെ വര്‍ഗീയ മുഖം എന്ന വിശേഷണത്തിന് ഈ പ്രസ്താവനകള്‍ അദ്ദേഹത്തെ അനുയോജ്യനാക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അദ്ദേഹം എല്ലാ യോഗങ്ങളിലും പ്രഖ്യാപിച്ചത് മുസ്‌ലിം യുവാക്കളെ ലക്ഷ്യമിട്ടുള്ള റോമിയോ സ്‌ക്വാഡിനെ കുറിച്ചായിരുന്നു. ഖോരക്പൂര്‍ ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ കൂടിയാണ് ഇദ്ദേഹം. തന്റെ 26ാം വയസ്സിലാണ് ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞ എം പിയെന്ന് ഖ്യാതിയോടു കൂടിയാണ് 1998 ല്‍ യോഗി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ചു. ഇന്നും മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത് യോഗി തന്നെ. 2010ല്‍ സത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന ബില്ലിനായി ബി ജെ പി നല്‍കിയ വിപ്പ് ലംഘിച്ചവരില്‍ ഒരാളായിരുന്നു യോഗി.