Connect with us

Eranakulam

ലാവ്‌ലിന്‍ കേസിലെ കുറ്റപത്രം അസംബന്ധം: ഹരീഷ് സാല്‍വെ

Published

|

Last Updated

കൊച്ചി: എസ് എന്‍ സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രം അസംബന്ധമാണെന്നും ഇതില്‍ സി ബി ഐ ഉന്നയിക്കുന്ന വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും സുപ്രീം കോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹൈക്കോടതിയില്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് ഹരീഷ് സാല്‍വെ ഹൈക്കോടതിയില്‍ ഹാജരായത്. കരാറിനെ തുടര്‍ന്ന് ഖജനാവിന് നഷ്ടമുണ്ടായെന്ന സി ബി ഐ വാദം നിലനില്‍ക്കില്ല. കേരളം നേരിട്ട വൈദ്യുതി പ്രതിസന്ധി കൂടി പരിഗണിച്ചായിരുന്നു കരാര്‍.

കരാറിനെക്കുറിച്ച് മന്ത്രിസഭക്ക് അറിവുണ്ടായിരുന്നില്ലെന്ന വാദം അടിസ്ഥാനരഹിതമാണ്. ഏറെ കൂടിയാലോചനകള്‍ക്കു ശേഷമാണ് അന്തിമകരാര്‍ തയ്യാറാക്കിയത്. നല്ല ഉദ്ദേശ്യത്തോടെ ഉണ്ടാക്കിയ കരാറിനെ കെട്ടുകഥകള്‍ ചമച്ച് മറയ്ക്കാനാണ് സി ബി ഐ ശ്രമിക്കുന്നത്. ലാവ്‌ലിന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാറാണ് കരാറുണ്ടാക്കിയത്. ഇതിലെ നടപടികള്‍ വ്യക്തിപരമല്ല. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്തല്ല കരാര്‍ ഉണ്ടാക്കിയത്. അതിന് തൊട്ടുമുമ്പുള്ള യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ജി കാര്‍ത്തികേയന്‍ മന്ത്രിയായിരിക്കുമ്പോഴാണ് കരാര്‍ ഉണ്ടാക്കുന്നത്. എന്നാല്‍, ആ നടപടി തെറ്റാണെന്ന് സി ബി ഐ കണ്ടെത്തിയിട്ടില്ല. മാത്രമല്ല, കാര്‍ത്തികേയനെ പ്രതിചേര്‍ത്തിട്ടുമില്ല.
വൈദ്യുതി പദ്ധതികള്‍ നവീകരിച്ചതിന്റെ ഗുണം സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ധനസഹായം നല്‍കുന്ന കാര്യം കരാറിലില്ലെന്നും ഹരീഷ് സാല്‍വെ വാദിച്ചു.
ഇതിനിടെ ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരാകാന്‍ എത്തിയ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുമായി ഡി ജി പി ലോക്‌നാഥ് ബെഹ്‌റ കൂടിക്കാഴ്ച നടത്തി.

 

Latest